ഗസ്സ: ഇസ്രയേൽ-ഗസ്സ യുദ്ധത്തിൽ വെടിനിർത്തൽ നീളുന്നു. ബന്ദികളെ വെച്ചു വിലപേശുന്ന ഹമാസ് തന്ത്രത്തെ അംഗീകരിക്കാൻ ഇസ്രയേൽ കൂട്ടാക്കുന്നില്ല. ഇതോടെ യുദ്ധം അനിശ്ചിതമായി നീളുകയാണ്. ഇതനിടെ ആയിരക്കണക്കിനു ഫലസ്തീൻകാർ അഭയം തേടിയ ദക്ഷിണ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസർ ആശുപത്രിയിൽ ഇസ്രയേൽ സൈന്യം കടന്ന് തിരച്ചിൽ ആരംഭിച്ചു. ആശുപത്രിയിലുള്ളവർക്ക് ഒഴിഞ്ഞുപോകാൻ അനുവദിച്ച സമയം തീർന്നയുടൻ ആയിരുന്നു റെയ്ഡ്.

ഹമാസ് പ്രവർത്തകർക്കും അവർ ബന്ദിയാക്കി ഇവിടെ ഒളിപ്പിച്ച ഇസ്രയേൽക്കാർക്കും വേണ്ടിയാണ് തിരച്ചിൽ. 72 ദിവസമായി നാസർ ആശുപത്രി ഇസ്രയേൽ സേനയുടെ ഉപരോധത്തിലായിരുന്നു. വടക്കൻ ഇസ്രയേലിലെ സഫേദ് സൈനിക കേന്ദ്രത്തിൽ ലബനനിൽ നിന്നു ഹിസ്ബുല്ല പ്രവർത്തകർ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരു സൈനികൻ മരിച്ചു.

ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ തെക്കൻ ലബനനിൽ 13 നാട്ടുകാർ കൊല്ലപ്പെട്ടു. സാധാരണക്കാർക്കു നേരെ നടന്ന ഈ ആക്രമണത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ പരാതിപ്പെടുമെന്ന് ലബനൻ അറിയിച്ചു. ഈ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഒരു മുതിർന്ന കമാൻഡറെയും സഹായിയെയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല ഭീഷണി മുഴക്കിയിട്ടുണ്ട്.

ഇന്നലെ ഇസ്രയേലിന്റെ ആക്രമണത്തിൽ 83 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇപ്പോഴത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 28,663 ആയി. പരുക്കേറ്റവർ 68,395. വെടിനിർത്തൽ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ ഈജിപ്ത് അതിർത്തിയിലെ റഫ നഗരം ഇസ്രയേൽ ആക്രമണ ഭീതിയിലാണ്. ഇതിനിടെ, ഗസ്സയിൽ ഇസ്രയേൽ അതിരുവിട്ട ബലപ്രയോഗം നടത്തി കൂട്ടക്കുരുതിക്കു വഴിയൊരുക്കുന്നുവെന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോലിന്റെ പ്രസ്താവനയിൽ ഇസ്രയേൽ പ്രതിഷേധിച്ചു.

ഹമാസിന്റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കിയ നെതന്യാഹു വെടിനിർത്തൽ ആവശ്യം വീണ്ടും തള്ളി. ഇസ്രയേൽ സംഘത്തെ കൈറോയിൽ നിന്ന് തിരികെ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാനിയൻ സൈനിക കപ്പലിനു നേരെ അമരിക്ക സൈബർ ആക്രമണം നടത്തിയതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ബി.സി ചാനൽ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് കപ്പലിനു നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചു. ഇസ്രയേൽ സൈന്യം അതിക്രമിച്ചു കയറിയ ഗസ്സയിലെ അൽ നാസർ ആശുപത്രിയിൽ സ്ഥിതി അതീവ ദയനീയമായി തുടരുകയാണ്.

വെടിനിർത്തൽ കരാർ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യുദ്ധകാര്യ മന്ത്രിസഭയുടെയും വിപുലീകൃത സർക്കാറിന്റെയും യോഗങ്ങളിൽ തീരുമാനമായില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ അറിയിച്ചു. മന്ത്രിമാർക്കിടയിലും അഭിപ്രായ ഭിന്നത ശക്തമാണ്. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിച്ച് സംഘർഷത്തിന് അയവു വരുത്തണമെന്ന മധ്യസ്ഥ രാജ്യങ്ങളുടെ ആവശ്യവും ഇസ്രയേൽ അംഗീകരിച്ചില്ല. കൂടുതൽ ചർച്ചക്കായി സിഐ.എ മേധാവി ഖത്തറിൽ നിന്ന് ഇസ്രയേലിൽ എത്തി. വെടിനിർത്തലിനു സർക്കാർ വഴങ്ങണമെന്നാവശ്യപ്പെട്ട് ബന്ദികളുടെ ബന്ധുക്കൾ തെൽ അവീവിലെ പ്രധാന റോഡ് ഉപരോധിച്ചു. മരണമുനമ്പിൽ നിന്ന് തങ്ങളുടെ ഉറ്റവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗസ്സയിലെ അൽനാസർ ആശുപത്രിക്കു നേരെ നടന്ന ഇസ്രയേൽ അതിക്രമത്തെ യു.എന്നും വിവിധ രാജ്യങ്ങളും അപലപിച്ചു.