- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ രാജ്യങ്ങൾ രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിൽ; കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചയച്ചതിലൂടെ ഇന്ത്യ വിയന്ന ഉടമ്പടി ലംഘിച്ചു; നിലവിലുള്ള സംഘർഷം നീട്ടിക്കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ഇന്ത്യയെ വീണ്ടും ചൊറിഞ്ഞ് ജസ്റ്റിൻ ട്രൂഡോ
ന്യൂഡൽഹി: നിജ്ജർ കൊലപാതകത്തിൽ വഷളായ കാനഡയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നു എന്ന സൂചനകൾക്കിടെ വീണ്ടും ഇന്ത്യയെ ചൊറിഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിലെ നയതന്ത്രജ്ഞരെ തിരിച്ചയച്ച വിഷയം ചൂണ്ടിക്കാട്ടിയാണ് ട്രൂഡോ വീണ്ടും രംഗത്തെത്തിയത്.
കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചയച്ചതിലൂടെ ഇന്ത്യ വിയന്ന ഉടമ്പടി ലംഘിച്ചതായി ട്രൂഡോ ആവർത്തിച്ചു. വലിയ രാജ്യങ്ങൾ രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകത്തെ മുഴുവൻ അത് അപകടകരമായി ബാധിക്കും. ഇന്ത്യ ഏകപക്ഷീയമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും തങ്ങളുടെ ഭാഗം കേൾക്കാൻ തയാറാകുന്നില്ലെന്നും ട്രൂഡോ പറഞ്ഞു.
''കനേഡിയൻ പൗരന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് വ്യക്തമായ സൂചന കിട്ടിയപ്പോൾ തന്നെ ഇന്ത്യൻ സർക്കാരുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎസ് ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങളോട് വിഷയത്തിൽ ഫലപ്രദമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചിരുന്നു. രാജ്യാന്തര നിയമത്തെയും പരമാധികാരത്തെയും സംബന്ധിച്ച വിഷയമാണിത്'' ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്രൂഡോ പറഞ്ഞു.
ഒരു രാജ്യം മറ്റു രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മതിയായ പരിരക്ഷ നൽകാതിരുന്നാൽ അത് രാജ്യാന്തര ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തും. ഇന്ത്യയുമായി ക്രിയാത്മക ഇടപെടൽ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അത് തുടർന്നു കൊണ്ടിരിക്കും. നിലവിലുള്ള സംഘർഷം നീട്ടിക്കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിയമവാഴ്ചയെ എപ്പോഴും ഉയർത്തിപ്പിടിക്കുക എന്നതാണ് കാനഡയുടെ നിലപാടെന്നും ട്രൂഡോ വ്യക്തമാക്കി.
നേരത്തെ കാനഡയിൽ നിജ്ജാർ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന വാദം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. കാനഡ തീവ്രവാദികൾക്ക് സുരക്ഷിത സ്ഥാനം ഒരുക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. പിന്നാലെ വീസാ നടപടികൾ നിർത്തിവയ്ക്കുകയും നാൽപതിലേറെ നയതന്ത്ര പ്രതിനിധികളെ, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് തിരിച്ചയയ്ക്കുകയും ചെയ്തു. വീസാ നടപടികൾ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും നയതന്ത്ര പ്രതിസന്ധി ഇനിയും പരിഹരിക്കാനായിട്ടില്ല.
അതേസമയം ഇന്ത്യയുടെ എയർഇന്ത്യ വിമാനങ്ങൾക്കെതിരെ ഭീഷണി മുഴക്കി സിഖ് നേതാവ് രംഗത്തുവന്നതോടെ ഇക്കാര്യം കാനഡ ഗൗരവത്തോടെ തന്നെ കണ്ടിരുന്നു. ഇത് പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന്റെ സൂചനയായിരുന്നു. എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ ഖലിസ്താൻ നേതാവും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപത്വന്ദ് സിങ് പന്നൂവാണ് ഭീഷണി മുഴക്കിയത്. ഈ ഭീഷണി നിസ്സാരമായി കാണില്ലെന്ന് കാനഡ ഇന്ത്യയെ അറിയിച്ചു.
പന്നൂനിന്റെ ഭീഷണി അതീവ ഗൗരവത്തോടെയാണ് കാണുന്നതും എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു.നവംബർ 19 മുതൽ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്നും നിങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നുമായിരുന്നു ഖലിസ്ഥാൻ നേതാവിന്റെ സന്ദേശം.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബർ 19 ന് അടഞ്ഞുകിടക്കുമെന്നും ഭീഷണിയുണ്ട്. വിമാനത്താവളത്തിന് ഖലിസ്ഥാൻ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടുമെന്നും സിഖ് വിഭാഗം നേരിടുന്ന അടിച്ചമർത്തലുകൾക്ക് അന്നേ ദിവസം മറുപടി നൽകുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഹമാസ് നടത്തിയതുപോലെ ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഗുർപത്വന്ദ് സിങ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പന്നൂനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. വിമാനങ്ങൾക്ക് നേരെയുയർന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും കാനഡ വ്യക്തമാക്കി. പന്നൂനിന്റെ ഭീഷണിക്ക് പിന്നിൽ അക്രമ ലക്ഷ്യങ്ങളുണ്ടെന്നും ശിക്ഷാർഹമായ കുറ്റമാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ വ്യക്തമാക്കി. കാനഡയിൽ ഏകദേശം 770,000 സിഖുകാർ താമസിക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനം വരുമിത്.
മറുനാടന് ഡെസ്ക്