- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കണ്ണില്ലാത്ത നടപടിയുമായി ഇറാൻ ഭരണകൂടം; 26 ദിവസത്തിനിടെ തൂക്കിലേറ്റിയത് 55 പേരെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സ്; 107 ഓളം പേർ ഭീഷണിയുടെ നിഴലിലെന്നും റിപ്പോർട്ട്; കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ തുടർന്ന് ഭരണകൂടം
ടെഹ്‌റാൻ : കഴിഞ്ഞ 26 ദിവസത്തിനുള്ളിൽ ഇറാൻ 55 പേരെ തൂക്കിക്കൊന്നതായി മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) വെളിപ്പെടുത്തി.രാജ്യത്ത് പ്രക്ഷോഭം നടത്തുന്നവർക്കിടയിൽ ഭീതി പടർത്താനാണ് വൻതോതിൽ വധശിക്ഷ നടപ്പാക്കുന്നതെന്നും നോർവേ ആസ്ഥാനമായ സംഘടന ആരോപിച്ചു.
ഇതിൽ 4 പേരെ പ്രക്ഷോഭത്തിന്റെ പേരിലും ബാക്കി 37 പേരെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിലുമാണ് വധിച്ചതെന്ന് ഐഎച്ച്ആർ പറഞ്ഞു.അതേസമയം, 18 വയസ്സുകാരൻ ഉൾപ്പെടെ 3 പേരെ തൂക്കിക്കൊന്നതിന്റെ വിശദാംശങ്ങൾ ആംനസ്റ്റി ഇന്റർനാഷനൽ പുറത്തുവിട്ടു. ജാവദ് റൗഹി (31), മെഹ്ദി മുഹമ്മദിഫാദ് (19), അർഷിയ തകദ്സ്ഥാൻ (18) എന്നിവരെ കടുത്ത പീഡനങ്ങൾക്കു ശേഷമാണ് വധിച്ചതെന്നും ആരോപിച്ചു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട 107 പേർ വധഭീഷണിയുടെ നിഴലിലാണെന്ന് ഐഎച്ച്ആർ പറയുന്നു. രാജ്യാന്തര പ്രതികരണം ഉയരാത്തതാണ് വധശിക്ഷ വർധിക്കാൻ കാരണമെന്ന് ഐഎച്ച്ആർ ഡയറക്ടർ മുഹമ്മദ് അമിറി മൊഹാദം പറഞ്ഞു. സമീപ കാലങ്ങളിൽ ഇറാനിലെ വധശിക്ഷകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ഇസ്ലാമിക് റിപബ്ലിക്കിൽ നടക്കുന്ന ഓരോ വധശിക്ഷയും രാഷ്ട്രീയമായി കാണെണ്ടതാണ്. സാമൂഹിക ഭയവും ഭീകരതയും സൃഷ്ടിക്കുകയാണ് അവയുടെ ലക്ഷ്യമെന്നും ഐ.എച്ച്.ആർ ഡയറക്ടർ മഹമൂദ് അമിരി മൊഗാദ്ദം പറഞ്ഞു.'ഭരണകൂടം നടപ്പിലാക്കുന്ന വധശിക്ഷകൾ നിർത്തണം. ഒരു തരത്തിലുള്ള വധശിക്ഷയും വെച്ചുപൊറുപ്പിച്ചുകൂട. അത് രാഷ്ടട്രീയമായാലും, അരാഷ്ട്രീയമായാലും,' ഐ.എച്ച്.ആർ ഡയറക്ടർ പറഞ്ഞു.
എന്നാൽ ഐ.എച്ച്.ആർ 2022ൽ ഇറാൻ ഭരണകൂടം നടപ്പാക്കിയ വധശിക്ഷകളുടെ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ഐ.എച്ച്.ആർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022ൽ 500ലധികം ആളുകളുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെന്നാണ്.
ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കാണ്. റിപ്പോർട്ടുകൾ പ്രകാരം 2021ൽ 333 പേരെയും 2020ൽ 267 പേരെയുമാണ് ഇറാൻ ഭരണകൂടം വിവിധ കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ തൂക്കിലേറ്റിയത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യവ്യാപകമായി നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് 18 വയസിന് താഴെയുള്ള 64 പേർ ഉൾപ്പെടെ 488 പേരെ ഇറാൻ സുരക്ഷാസേന കൊലപ്പെടുത്തിയതായാണ് ഐ.എച്ച്.ആർ പറയുന്നത്. കൊല്ലപ്പെട്ട 64 പ്രായപൂർത്തിയാകാത്തവരിൽ 10 പേർ പെൺകുട്ടികളാണ്.
2010 മുതൽ ആകെ 7040 പേരുടെ വധശിക്ഷ ഇറാൻ ഭരണകൂടം നടപ്പാക്കിയതായും അതിൽ 187 സ്ത്രീകളാണെന്നും ഐ.എച്ച്.ആർ റിപ്പോർട്ട് ചെയ്യുന്നു.രാജ്യത്തെ സ്ത്രീകളുടെ വസ്ത്രധാരണം ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് സെപ്റ്റംബറിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
ജനങ്ങളെ അടിച്ചമർത്താൻ ഇറാൻ വധശിക്ഷയെ ഉപകരണമായി ഉപയോഗിച്ചതായി പ്രവർത്തകർ ആരോപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ അതിക്രൂരമായി പീഡനത്തിനിരയാക്കിയാണ് കൊന്നൊടുക്കുന്നത്. ഡിസംബറിൽ വധിച്ചവരെ ചാട്ടയടിക്കും കൊട്ടിയിട്ട് അടിക്കുകയും ചെയ്തയാണ് പുറത്തുവരുന്ന വിവരം.
മറുനാടന്‍ മലയാളി ബ്യൂറോ