- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആക്രമണം ഉണ്ടാകുമെന്ന് ഒരുദിവസം മുൻപേ അറിഞ്ഞിരുന്നു; പിന്നിൽ പാക് പ്രധാനമന്ത്രി ഉൾപ്പെടെ നാല് പേർ; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും സാധിച്ചില്ല'; വധശ്രമത്തെ അതിജീവിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇമ്രാൻ ഖാൻ
ലാഹോർ: വധഗൂഢാലോചനയെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നെന്നും പിന്നിൽ പാക് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരാണെന്നും പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രിയും തെഹ്രീക് ഇ ഇൻസാഫ് അധ്യക്ഷനുമായ ഇമ്രാൻ ഖാൻ. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ആഭ്യന്തരമന്ത്രി റാണാ സനാവുള്ള, ആർമി മേജർ ജനറൽ ഫൈസൽ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. വധശ്രമത്തെ അതിജീവിച്ചതിന് പിന്നാലെ ആശുപത്രിക്കിടക്കയിൽനിന്ന് ജനങ്ങളെ അഭിസംബോധന ചെയ്താണ് ഇക്കാര്യം ഇമ്രാൻ ഖാൻ പറഞ്ഞത്.
തനിക്കു നേരെ ആക്രമണം ഉണ്ടാകുമെന്ന് ഒരുദിവസം മുൻപേ തന്നെ അറിഞ്ഞിരുന്നു. സാധാരണക്കാരുടെ ഇടയിൽനിന്ന് വരുന്നയാളാണ് താൻ. സൈന്യത്തിന്റെ സംവിധാനത്തിന്റെ കീഴിലല്ല എന്റെ പാർട്ടി രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. 22 കൊല്ലം ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട്, ലാഹോറിലെ ഷൗക്കത്ത് ഖാനും ആശുപത്രിയിൽനിന്ന് പാക്കിസ്ഥാനെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാൻ പറഞ്ഞു.
'എന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് നാലുപേർ ചേർന്നാണ്. എന്റെ കൈവശം ഒരു വീഡിയോ ഉണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ വീഡിയോ പുറത്തെത്തും', ഇമ്രാൻ കൂട്ടിച്ചേർത്തു. ആക്രമണത്തിൽ തന്റെ ശരീരത്തിൽ നാലു വെടിയുണ്ടകളേറ്റുവെന്നും ഇമ്രാൻ പറഞ്ഞു.
വീൽചെയറിൽ ഇരുന്നാണ് ഇമ്രാൻ ജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിലെത്തിയത്. ഭരണകൂടം തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും മുൻ പ്രധാനമന്ത്രി ആരോപിക്കുന്നുണ്ട്. പഞ്ചാബ് മുൻ ഗവർണർ സൽമാൻ തസീറിനെ കൊലപ്പെടുത്തിയത് പോലെ തന്നെയും വധിക്കാനാണ് അവർ പദ്ധതിയിട്ടത്. ആദ്യം തനിക്കെതിരെ മതനിന്ദക്കുറ്റം ചുമത്താൻ ശ്രമം നടന്നു. അതിന് വേണ്ടി ടേപ്പുകളും മറ്റും പുറത്തിറക്കി. തന്നെ വധിക്കാൻ ശ്രമിച്ചവരുടെ പേരുകളും ഇമ്രാൻ ഖാൻ വെളിപ്പെടുത്തി.
വാസിരാബാദിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെ രണ്ട് പേരാണ് തനിക്ക് നേരെ ആക്രമണം നടത്തിയത്. വെടിയേറ്റ് താൻ വീണപ്പോൾ മരിച്ചുവെന്ന് കരുതിയാണ് അക്രമികൾ രക്ഷപ്പെട്ടത്. അക്രമികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാൾ തീവ്ര ഇസ്ലാമിസ്റ്റ് അല്ലെന്നും ഇതിന് പിന്നിൽ വൻ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.
രാജ്യം ഇപ്പോൾ ഒത്തൊരുമിച്ച് നിൽക്കുകയാണ്. നമുക്ക് മുന്നിൽ ഇപ്പോൾ രണ്ട് വഴികളുണ്ട്, ഒന്ന് സമാധാനം മറ്റൊന്ന് രക്തച്ചൊരിച്ചിൽ. സമാധാനം തിരികെ കൊണ്ടുവരേണ്ടത് തിരഞ്ഞെടുപ്പിലൂടെയാണോ അതോ ആക്രമണത്തിലൂടെയാണോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
വധശ്രമത്തിന് ശേഷം ശരിയായ രീതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. എല്ലാവർക്കും ഭരണകൂടത്തെ പേടിയായിരുന്നു. രണ്ട് ധീരന്മാർ തന്നോടൊപ്പം ഇല്ലായിരുന്നെങ്കിൽ താൻ ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു എന്ന് ഇമ്രാൻ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകുന്നേരം വസീറാബാദിൽ പ്രതിഷേധറാലിക്കിടെയാണ് ഇമ്രാനു നേരെ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, ഇമ്രാന് നേരെ വെടിവെപ്പുണ്ടായതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിൽ അദ്ദേഹത്തിന്റെ അനുയായികളിൽ ഒരാൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇമ്രാന് എതിരെയുണ്ടായ വധശ്രമത്തിൽ പങ്കില്ലെന്നും സംഭവത്തിൽ നീതിപൂർവമായി അന്വേഷണം നടത്തുമെന്നും പാക്കിസ്ഥാൻ സർക്കാർ അറിയിച്ചു.
ന്യൂസ് ഡെസ്ക്