ന്യൂഡൽഹി: കാനഡയിലെ തിരഞ്ഞെടുപ്പുകൾക്ക് ഇന്ത്യ വിദേശ ഭീഷണിയെന്ന് റിപ്പോർട്ട്. കനേഡിയൻ സുരക്ഷാ ഇന്റലിജൻസ് സർവീസിന്റെ ( സിഎസ്‌ഐഎസ്) ഡീക്ലാസിഫൈ ചെയ്ത ഉന്നത രഹസ്യ റിപ്പോർട്ടാണ് പുറത്തു വന്നത്. കനേഡിയൻ വാർത്താ ഏജൻസിയായ ഗ്ലോബൽ ടൈംസാണ് ഇത് റിപ്പോർട്ട് ചെയ്തത്.

2023 ഫെബ്രുവരി 24 നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിദേശ ഇടപെടൽ വിഷയത്തിൽ കനേഡിയൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്. റിപ്പോർട്ടിൽ ഒന്നാം പേര് ചൈനയുടെ ഇടപെടൽ തന്നെ. അതുകഴിഞ്ഞ് ഇന്ത്യയും. 2019ലെയും 2021 ലെയും തിരഞ്ഞെടുപ്പുകളിൽ ചൈന രഹസ്യനീക്കങ്ങളിലൂടെ സ്വാധീനിക്കാൻ ശ്രമിച്ചതായി അറിയാമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെ ചൈനയാണ് ഏറ്റവും വലിയ ഭീഷണി.

ഇന്ത്യയുടെ വിദേശ ഇടപെടലുകളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഗ്ലോബൽ ടൈംസ് വിവരാവകാശത്തിലൂടെയാണ് റിപ്പോർട്ട് സമ്പാദിച്ചത്. റിപ്പോർട്ടിലെ മൂന്നു പേജോളം ഇന്ത്യയുടെ ഇടപെടലുകളെ കുറിച്ചാണ്. റിപ്പോർട്ടിലെ മിക്ക വിവരങ്ങളും സെൻസർ ചെയ്ത നിലയിലാണെന്ന ദോഷമുണ്ട്. എന്നിരുന്നാലും ലഭ്യമായ വിവരങ്ങൾ പ്രകാരം, ചൈനയ്‌ക്കൊപ്പം ഇന്ത്യയും തങ്ങൾക്ക് ഭീഷണിയാണെന്ന് കനേഡിയൻ സുരക്ഷാ ഇന്റലിജൻസ് സർവീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

വിദേശ ഇടപെടലുകൾ കുറയ്ക്കാൻ വ്യക്തമായ തന്ത്രങ്ങൾ സർക്കാർ ആവിഷ്‌കരിക്കണമെന്നും, രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ബോധവത്കരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. പ്രാദേശികതലത്തിൽ ഉള്ളവയടക്കം എല്ലാ സർക്കാർ ഏജൻസികളും ഇത്തരം ഇടപെടൽ തടയാൻ ഏകോപനത്തോടെ പ്രവർത്തിക്കണം.

കാനഡയിലെ സമീപകാല തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലിനെ കുറിച്ച് കമ്മീഷൻ ഒട്ടാവയിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. വിദേശ രാജ്യങ്ങൾ. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും, പൊതു ഉദ്യോഗസ്ഥരെയും നയരൂപീകരണ വിഷയങ്ങളിൽ സ്വാധീനിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. ചൈനയുടെ ഇടപെടൽ പ്രവർത്തനങ്ങൾ വിപുലമാണെന്നും പറയുന്നു. രാഷ്ട്രീയ പാർട്ടി നാമനിർദ്ദേശ പ്രക്രിയയിലെ പഴുതുകളും മറ്റും ഉപയോഗിച്ചാണ് വിദേശ ഇടപെടലുകൾ ഉണ്ടാകുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സിഎസിഐഎസിന്റെ 2022 ഒക്ടോബറിലെ റിപ്പോർട്ടിലും ഇന്ത്യൻ സർക്കാർ ഏജന്റുകൾ കൺസർവേറ്റീവുകളുടെ 2022 ലെ നേതൃത്വ തിരഞ്ഞെടുപ്പിൽ ഇടപെട്ടതായി ആരോപിച്ചിരുന്നു. ഒരു സ്ഥാനാർത്ഥിയുടെ അംഗത്വം വിലയ്ക്ക് കൊടുത്തുവാങ്ങിയെന്നും മറ്റൊരാളെ ഒഴിവാക്കിയെന്നും, സർക്കാരിന്റെ എല്ലാ തലങ്ങളിലും ഏതാനും രാഷ്ട്രീയക്കാരെ ഫണ്ട് ചെയ്തതായും ആരോപിച്ചിരുന്നു. ചൈനയുടെ അതേ അടവുകളാണ് ഇന്ത്യയും പയറ്റുന്നതെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.

ഖലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായ ഹർദീപ്സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ വിശദീകരിച്ചതിനു പിന്നാലെ കാനഡും ഇന്ത്യയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുകയാണ്.