- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി നിസ്സാരമായി കാണില്ല; എയർഇന്ത്യാ വിമാനങ്ങളുടെ സുരക്ഷ വർധിപ്പിച്ചു; കാനഡ നടപടികൾ ഇന്ത്യയെ അറിയിച്ചത് ഗുർപത്വന്ദ് സിങ് പന്നൂൻ നടത്തിയ ഭീഷണിക്ക് പിന്നാലെ; നിജ്ജർ വിഷയത്തിൽ വഷളായ നയതന്ത്രബന്ധങ്ങൾ മെച്ചപ്പെടുന്നതായി സൂചനകൾ
ഓട്ടവ: ഇന്ത്യ-കാനഡ ബന്ധം വീണ്ടും സുഗമമാകുമെന്ന് സൂചനകൾ കണ്ടു തുടങ്ങി. ഇന്ത്യയുടെ എയർഇന്ത്യ വിമാനങ്ങൾക്കെതിരെ ഭീഷണി മുഴക്കി സിഖ് നേതാവ് രംഗത്തുവന്നതോടെ ഇക്കാര്യം കാനഡ ഗൗരവത്തോടെ തന്നെ കണ്ടു. എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ ഖലിസ്താൻ നേതാവും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപത്വന്ദ് സിങ് പന്നൂവാണ് ഭീഷണി മുഴക്കിയത്. ഈ ഭീഷണി നിസ്സാരമായി കാണില്ലെന്ന് കാനഡ ഇന്ത്യയെ അറിയിച്ചു.
പന്നൂനിന്റെ ഭീഷണി അതീവ ഗൗരവത്തോടെയാണ് കാണുന്നതും എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു.നവംബർ 19 മുതൽ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്നും നിങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നുമായിരുന്നു ഖലിസ്ഥാൻ നേതാവിന്റെ സന്ദേശം.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബർ 19 ന് അടഞ്ഞുകിടക്കുമെന്നും ഭീഷണിയുണ്ട്. വിമാനത്താവളത്തിന് ഖലിസ്ഥാൻ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടുമെന്നും സിഖ് വിഭാഗം നേരിടുന്ന അടിച്ചമർത്തലുകൾക്ക് അന്നേ ദിവസം മറുപടി നൽകുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഹമാസ് നടത്തിയതുപോലെ ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഗുർപത്വന്ദ് സിങ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പന്നൂനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു.
വിമാനങ്ങൾക്ക് നേരെയുയർന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും കാനഡ വ്യക്തമാക്കി. പന്നൂനിന്റെ ഭീഷണിക്ക് പിന്നിൽ അക്രമ ലക്ഷ്യങ്ങളുണ്ടെന്നും ശിക്ഷാർഹമായ കുറ്റമാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ വ്യക്തമാക്കി. കാനഡയിൽ ഏകദേശം 770,000 സിഖുകാർ താമസിക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനം വരുമിത്.
നിജ്ജർ വിഷയത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ വഷളായ നയതന്ത്ര ബന്ധങ്ങൾ പതിയെ മെച്ചപ്പെടുന്നുവെന്ന സൂചനകളാണ് പുറത്തുവരുത്. നേരത്തെ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകൾ എവിടെയെന്ന് കാനഡയോട് ഇന്ത്യ ആരാഞ്ഞിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം പ്രത്യാഘാതങ്ങളുണ്ടാക്കിയെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ പറഞ്ഞു.
നിജ്ജാർ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള കാനഡയുടെ പൊലീസ് അന്വേഷണം ഒരു ഉന്നത കനേഡിയൻ ഉദ്യോഗസ്ഥന്റെ പരസ്യ പ്രസ്താവനയാൽ തകർന്നതായും 'ദി ഗ്ലോബ് ആൻഡ് മെയിലി'നു നൽകിയ അഭിമുഖത്തിൽ ഹൈക്കമ്മിഷണർ പറഞ്ഞു. അന്വേഷണത്തിൽ അവരെ സഹായിക്കുന്നതിനു പ്രസക്തമായ വിവരങ്ങളൊന്നും ഞങ്ങൾക്കു നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നവരെ കാനഡ നിയന്ത്രിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം, നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം 'അതിന്റെ വഴിക്ക് നടക്കട്ടെ' എന്നും പറഞ്ഞു. ''ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചതുമുതൽ, ഇന്ത്യ ആരോപണത്തെ നിഷേധിക്കുകയും രാജ്യത്തിനുള്ളിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തെളിവ് എവിടെ?. അന്വേഷണത്തിന്റെ അവസാനം എവിടെയാണ്?. അന്വേഷണം ഇതിനകം തന്നെ കളങ്കമായിരിക്കുന്നു'' അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ ഇന്ത്യയോ ഇന്ത്യൻ ഏജന്റുമാരോ ആണെന്ന് പറയാൻ ഉയർന്ന തലത്തിലുള്ള ഒരാളിൽനിന്ന് നിർദ്ദേശം വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കും മറ്റു ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുമെതിരായ സുരക്ഷാ ഭീഷണിയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ''എന്റെ സുരക്ഷയെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. എന്റെ കോൺസൽ ജനറൽമാരുടെ സുരക്ഷയിലും എനിക്ക് ആശങ്കയുണ്ട്'' അദ്ദേഹം പറഞ്ഞു. തനിക്കും വാൻകൂവറിലെയും ടൊറന്റോയിലെയും ഇന്ത്യൻ കോൺസൽ ജനറലിനുമെതിരായ ആക്രമണത്തിന്റെ ചിത്രങ്ങൾ പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ളവരുടെ പരിരക്ഷയും സൗകര്യങ്ങളും പിൻവലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്ന് 41 ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചിരുന്നു.
മറുനാടന് ഡെസ്ക്