ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള എം.എസ്.സി ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി. ഇതോടെ ജീവനക്കാരുടെ മോചനത്തിൽ പ്രതീക്ഷ ഏറിയിരിക്കയാണ്. ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലുള്ള 17 ഇന്ത്യക്കാരെ കാണാൻ ഇന്ത്യൻ സർക്കാർ പ്രതിനിധികളെ ഉടൻ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ജീവനക്കാരെ കാണാൻ ഇറാൻ അനുമതി നൽകിയത്. ഞായറാഴ്ച വൈകീട്ട് ഇറാൻ അധികൃതരുമായി സംസാരിച്ചെന്നും കപ്പലിലെ 17 ഇന്ത്യൻ ജീവനക്കാരുടെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചർച്ച ചെയ്തതായും ജയശങ്കർ ട്വീറ്റ് ചെയ്തിരുന്നു.

ചരക്കുകപ്പലിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാൽവെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. ദുബൈയിൽനിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന കപ്പലാണ് ഹുർമുസ് കടലിടുക്കിൽവെച്ച് ഇറാന്റെ റെവലൂഷണറി ഗാർഡ്‌സ് ശനിയാഴ്ച പിടിച്ചെടുത്തത്.

നിലവിൽ കപ്പൽ ഇറാന്റെ സമുദ്രപരിധിയിലാണ്. അധികം വൈകാതെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കപ്പലിലെത്തി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. അതിനിടെ കപ്പലിൽ അകപ്പെട്ട വയനാട് സ്വദേശിയായ പി വി ധനേഷ് വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു്. കപ്പലിലെ എല്ലാവരും സേഫാണ് എന്ന് മാത്രമാണ് ധനേഷ് പറഞ്ഞതെന്നും അതിന് ശേഷം ഫോൺ കട്ടായെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അതിനിടെ ചരക്കുകപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനാണ് കത്തയച്ചത്.

ഇന്ത്യാക്കാരുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ വേണമെന്നും കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇറാൻ പിടികൂടിയ കപ്പലിൽ മൊത്തം 25 ജീവനക്കാരാണുള്ളത്. ഇതിൽ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരാണ്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.

ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം ശനിയാഴ്ചയാണ് പിടിച്ചെടുത്തത്. എംഎസ്സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻസ്വിസ് കമ്പനിയായ എംഎസ്സിയാണു കപ്പലിന്റെ നടത്തിപ്പ്.

ഈ മാസം ഒന്നിന് ഡമാസ്‌കസിലെ കോൺസുലേറ്റിനു നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇറാന്റെ 2 മുതിർന്ന ജനറൽമാർ അടക്കം 7 സേനാംഗങ്ങളാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇസ്രയേലിനെതിരെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കപ്പൽ വിട്ടു നൽകുമെന്നാണ് പ്രതീക്ഷ. ലോക രാജ്യങ്ങളുടെ സമ്മർദ്ദവും ഇറാന് മേലുണ്ട്. ഇതിനൊപ്പമാണ് ഇന്ത്യയും നയതന്ത്ര ഇടപെടൽ നടത്തുന്നത്.