- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി
ജറുസലേം: ഇസ്രയേലിന്റെ മണ്ണിൽ ഇറാൻ നേരിട്ട് ആക്രമണം നടത്തിയതോടെ രൂപപ്പെട്ട യുദ്ധഭീതി ഇനിയും നീങ്ങുന്നില്ല. വാർകാബിനെറ്റ് യോഗം ചേർന്ന് ഏത് വിധത്തിൽ തിരിച്ചടിക്കണമെന്ന ചർച്ചകളിലേക്ക് ഇസ്രയേൽ കടന്നെങ്കിലും യുദ്ധവ്യാപനം ഉണ്ടായാൽ ഇസ്രയേലിനെ അംഗീകരിക്കില്ലെന്നാണ് യുഎസ് നിലപാട്. അതുകൊണ്ട് തന്നെ നേരിട്ടുള്ള ആക്രമണത്തിന്റെ വഴി ഇസ്രയേലിന് മുന്നിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്.
യു.എസ്. അടക്കമുള്ള സഖ്യകക്ഷികളും ലോകനേതാക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഇറാനെതിരേ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈനികമേധാവി ഹെർസി ഹലേവി പ്രഖ്യാപിച്ചതോടെ ആശങ്ക എല്ലായിടത്തും ശക്തമാണ്. സഹിഷ്ണുതയുടെ കാലം കഴിഞ്ഞെന്നും തങ്ങളുടെ മണ്ണിലോ നാട്ടുകാർക്കുനേരേയോ ഏതെങ്കിലുംതരത്തിലുള്ള ആക്രമണത്തിന് ഇസ്രയേൽ മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചു. ഇതോടെ ലോകം യുദ്ധഭീതിയിലേക്ക് നീങ്ങഉകയാണ്.
മിസൈലുകളും ആളില്ലാവിമാനങ്ങളുമുപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് ഇസ്രയേലിലെ നെവാതിം വ്യോമത്താവളത്തിൽ സൈനികരെ അഭിസംബോധനചെയ്ത് സൈനികമേധാവി ഹലേവി പറഞ്ഞു. ശനിയാഴ്ചത്തെ ഇറാന്റെ ആക്രമണത്തിൽ ഈ വ്യോമത്താവളത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ലോകസമാധാനത്തിന് ഭീഷണിയായി ആക്രമണം നടത്തുന്ന ഇറാനെ അന്താരാഷ്ട്രസമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞു.
യുദ്ധവ്യാപനത്തിനു മുതിരരുതെന്നും ഇറാനെതിരേയുള്ള പ്രത്യാക്രമണത്തിൽ ഇസ്രയേലിനൊപ്പമുണ്ടാകില്ലെന്നും യു.എസ്. വ്യക്തമാക്കി. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാൻസും ഇതേ നിലപാടിലാണ്. ഈ സാഹചര്യത്തിൽ പ്രത്യാക്രമണം സംബന്ധിച്ച് ഇസ്രയേലി നേതൃത്വങ്ങൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
ഇസ്രയേലിനെ ആക്രമിച്ചത് യു.എൻ. ചാർട്ടർ പ്രകാരമുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ മുൻനിർത്തിയാണെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പറഞ്ഞു. ഇറാന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായുള്ള ചെറുനീക്കത്തിനുപോലും ഇസ്രയേലിന് കനത്തതും വേദനാജനകവുമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അറിയിച്ചു.
ഇസ്രയേലിന്റെ പ്രത്യാക്രമണസാധ്യത മുൻനിർത്തി തങ്ങളുടെ ആണവനിലയങ്ങൾ ഇറാൻ താത്കാലികമായി അടച്ചെന്ന് യു.എൻ. ആണവോർജ ഏജൻസി അറിയിച്ചു. ഇറാനിലോ സിറിയ, ഇറാഖ്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലെ ഇറാന്റെ സേനാതാവളങ്ങളിലോ ഇസ്രയേൽ ആക്രമണമുണ്ടാകുമെന്നാണ് കരുതുന്നത്.
ആറുമാസം പിന്നിട്ട ഗസ്സയിലെ യുദ്ധം ഇസ്രയേൽ ഇറാനെ നേരിട്ടാക്രമിക്കുന്നതോടെ രണ്ടുരാജ്യങ്ങൾ തമ്മിലുള്ളതായി പരിണമിക്കുമെന്ന ആശങ്ക വർധിക്കുകയാണ്. ഏപ്രിൽ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തിൽ ബോംബിട്ട് സൈനികജനറൽമാരെ കൊലപ്പെടുത്തിയ ഇസ്രയേലിന്റെ മണ്ണിലേക്ക് ശനിയാഴ്ച രാത്രി വൈകിയാണ് ഇറാൻ ആക്രമണം നടത്തിയത്. മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും തൊടുത്ത ആക്രമണത്തെ കാര്യമായ നാശനഷ്ടങ്ങളില്ലാതെ പ്രതിരോധിക്കാൻ ഇസ്രയേലിനായി.
അതേസമയം സിറിയയിൽ വധിച്ച സൈനിക ജനറൽമാരടക്കം എല്ലാവരും ഇസ്രയേലിനെതിരേ ഭീകരപ്രവർത്തനങ്ങളിലേർപ്പെട്ടവരാണെന്നും അതിൽ ഒരു നയതന്ത്രപ്രതിനിധിപോലും ഉൾപ്പെട്ടിട്ടില്ലെന്നും ഇസ്രയേൽ സൈനികവക്താവ് ഡാനിയേൽ ഹഗാരി പ്രസ്താവനയിറക്കി. ഏപ്രിൽ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തിൽ നടത്തിയ ആക്രമണത്തിന് ഇസ്രയേൽ നൽകുന്ന ആദ്യ ഔദ്യോഗിക വിശദീകരണമാണിത്. ഇസ്രയേലിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവതെല്ലാം ചെയ്യുമെന്നും ഹഗാരി ആവർത്തിച്ചു.
ഇറാന് തക്ക സമയത്ത് മറുപടി നല്കുമെന്ന മുന്നറിയിപ്പോടെ നാല് സാധ്യതകളാണ് ലോകം ചർച്ച ചെയ്യുന്നത്. ഇറാനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യുദ്ധ മന്ത്രിസഭയും യോഗം ചേർന്നിരുന്നു. നാലുസാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നത്.
വ്യോമാക്രമണമാണ് ഒരു മാർഗ്ഗം. ഇറാന്റെ റെവല്യൂഷണറി ഗാർഡ് ബേസുകളോ ആണവ ഗവേഷണ കേന്ദ്രങ്ങളോ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സൗകര്യങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയേക്കാം. ഇറാൻ ആക്രമണത്തെ അമേരിക്കയുടെ സഹായത്തോടെ ഇസ്രയേൽ പ്രതിരോധിച്ചതുപോലെ തിരിച്ച് പ്രതിരോധിക്കാൻ ഇറാന് കഴിയണമെന്നില്ല. ഇത് കടുത്ത നാശനഷ്ടത്തിനും പ്രതികാരനടപടികൾക്കും വഴിയൊരുക്കും.
പവർ പ്ലാന്റുകൾ പോലുള്ള സിവിലിയൻ സൗകര്യങ്ങളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും സിവിലിയൻ അപകടങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നേരിട്ട് ഇറാനെ ആക്രമിക്കാതെ ലെബനാനിലെ ഹിസ്ബുല്ല പോലുള്ള ഇറാൻ പിന്തുണയുള്ള സംഘങ്ങൾക്ക് നേരെയോ സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ ഇറാന്റെ കാര്യാലയങ്ങൾക്കുനേരെയോ വ്യോമാക്രമണം നടത്താനും സാധ്യതയുണ്ട്.
രഹസ്യ ഓപറേഷറാണ് രണ്ടാമത്തെ വഴി. ഇസ്രയേൽ മുമ്പ് നിരവധി തവണ ചെയ്തത് പോലുള്ള രഹസ്യ ഓപറേഷനുകൾക്കുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിരവധി മുതിർന്ന ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയതടക്കം ഇറാന് അകത്തും പുറത്തും ഇത്തരം നീക്കങ്ങൾ ഇസ്രയേൽ നടത്തിയിട്ടുണ്ട്. 2021ൽ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്റിസാദയെയും 2022ൽ റവലൂഷനറി ഗാർഡ്സ് കമാൻഡർ സയാദ് ഖുദാഈയെയും ഏപ്രിൽ ഒന്നിന് ഖുദ്സ് സേന കമാൻഡർ മുഹമ്മദ് റിസ സഹേദിയെയും കൊലപ്പെടുത്തിയത് ഈ രീതിയിലായിരുന്നു.
പെട്രോൾ സ്റ്റേഷനുകൾ മുതൽ വ്യാവസായിക പ്ലാന്റുകൾ, ആണവ സൗകര്യങ്ങൾ വരെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണമാണ് മറ്റൊരു സാധ്യത. വർഷങ്ങളായി നിരവധി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഊർജ ഉൽപാദനം, വിമാന സർവിസ് തുടങ്ങിയ മേഖലകളും ഇത്തരം ആക്രമണത്തിന് വിധേയമായേക്കാം.
ഇറാനെതിരായ സൈനിക, ഇന്റലിജൻസ് ആക്രമണങ്ങൾക്ക് പുറമേ ഉപരോധം നീട്ടുന്നതുൾപ്പെടെ തെഹ്റാനെ ലോകരാഷ്ട്രങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനുള്ള നയതന്ത്ര ശ്രമങ്ങളും ഇസ്രയേൽ ശക്തമാക്കുന്നുണ്ട്. ഇറാൻ റവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് സമ്മർദ്ദം തുടരുകയാണ്. ഇറാന്റെ മിസൈൽ പദ്ധതിക്കുമേൽ ഉപരോധമേർപ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഏപ്രിൽ 1ന് ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണമാണ് പതിറ്റാണ്ടുകളായി ഇരുരാഷ്ട്രങ്ങളും തമ്മിൽ തുടരുന്ന ഒളിയുദ്ധം മാറി പരസ്യആക്രമണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കോൺസുലേറ്റ് ആക്രമിച്ച് തങ്ങളുടെ ഉന്നത സൈനിക മേധാവികളെ കൊന്നതിന് പ്രതികാരമായി ഇറാൻ ഇക്കഴിഞ്ഞ ഞായറാഴ്ച 300 മിസൈലുകളിലും ഡ്രോണുകളും ഇസ്രയേലിലേക്ക് തൊടുത്തുവിടുകയായിരുന്നു. 170 ഡ്രോണുകൾ, 30 ക്രൂസ് മിസൈലുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ എന്നിവയാണ് ഇറാൻ അയച്ചത്.
ഡമാസ്കസിലെ തങ്ങളുടെ കോൺസുലേറ്റ് ആക്രമണത്തിനായി ഇസ്രയേലിന്റെ എഫ്-35 വിമാനങ്ങൾ പറന്നുയർന്ന ഇസ്രയേലിന്റെ എയർ ബേസും ഇന്റലിജൻസ് സെന്ററും ലക്ഷ്യമിട്ടാണ് തങ്ങൾ മിസൈലാക്രമണം നടത്തിയതെന്നും ആ രണ്ട് കേന്ദ്രങ്ങളും തകർത്ത് തരിപ്പണമാക്കിയെന്നും ഇറാൻ സൈനിക മേധാവി മുഹമ്മദ് ബാഖരി പറയുന്നു. എന്നാൽ, ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് ഇസ്രയേൽ വാദം. മിസൈലുകളിൽ 99 ശതമാനവും തടഞ്ഞതായി ഇസ്രയേൽ പ്രതിരോധ സേന വക്താവ് ഡാനിയേൽ ഹഗാരി അവകാശപ്പെടുന്നു.
ആക്രമണം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും ഈ ഓപറേഷൻ തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ ബാഖരി, ഇസ്രയേൽ ഇനി ഒരാക്രമണത്തിന് മുതിർന്നാൽ വലിയ പ്രതികരണമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. "സയണിസ്റ്റ് ഭരണകൂടമോ (ഇസ്രയേൽ) അല്ലെങ്കിൽ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി ഇനി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, അവർക്ക് നിർണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കും" -എന്നായിരുന്നു ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മുന്നറിയിപ്പ്. എന്നാൽ, തങ്ങൾക്കേറ്റ തിരിച്ചടിയെ മറികടക്കാനും ഗസ്സ വിഷയത്തിൽനിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനും ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്നും സംഘർഷം തുടരുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.