ടെഹ്‌റാൻ: ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇനി യുദ്ധം തുടരാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി ഇറാൻ. ലോകരാജ്യങ്ങൾ എതിർപ്പുമായി രംഗത്തുവന്നതോടെയാണ് ഇറാൻ ഇനി യുദ്ധം തുടരാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചത്. അതേസമയം തങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ അറിയിച്ചു.

ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഇറാനെതിരെയുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് അമേരിക്കയുടെ പിന്തുണയില്ലെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഞായറാഴ്‌ച്ച ഇറാൻ ഇസ്രയേലിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചതിന് പിന്നാലെ നെതന്യാഹുവും ബൈഡനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഈ കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇനി യുദ്ധത്തിനില്ലെന്ന് ഇറാൻ നിലപാട് അറിയിച്ചതും. അതേസമയം ഇസ്രയേൽ എന്തു വിധത്തിൽ പ്രതികരിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല.

യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുകെ, ഫ്രാൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേലിനെതിരായ ഇറാന്റെ മിസൈൽ ആക്രമണത്തെ അപലപിച്ചു. സംഘർഷം അവസാനിപ്പിക്കാനും ഇവർ ആഹ്വാനം ചെയ്തു. ഇതിനിടെ ഇസ്രയേലിനെതിരെ പരിമിതമായ ആക്രമണങ്ങൾ നടത്തുമെന്ന് അമേരിക്കയെ അറിയിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അമിറാബ്ദുള്ളാഹിയാൻ വ്യക്തമാക്കി.സ്വയം പ്രതിരോധത്തിന് വേണ്ടിയായിരിക്കും ആക്രമണമെന്ന് അറിയിച്ചതായാണ് ഇറാന്റെ അവകാശവാദം.

നിയമാനുസൃതമായ പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുന്നത് മേഖലയിലെ സമാധാനവും അന്തർദേശീയ സമാധാനവും സുരക്ഷയും മാനിക്കുന്ന ഇറാന്റെ ഉത്തരവാദിത്തപരമായ സമീപനത്തെയാണ് കാണിക്കുന്നതെന്നും അമിറാബ്ദുള്ളാഹിയാൻ കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ഇസ്രയേൽ ഇനി ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തിന് പിന്നാലെ പുലർച്ചെ വടക്കൻ ഗസ്സയിലേയ്ക്ക് എതാനും തദ്ദേശവാസികൾ തിരിച്ചെത്തിയതായി റിപ്പോർട്ട്. ഇവരെ ഇസ്രയേൽ സൈന്യം വഴിതടയുകയും വെടിയുതിർക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. കുടിയിറക്കപ്പെട്ട ആളുകളെ മടങ്ങിയെത്താൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രസ്താവനയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇറാൻ ഇസ്രയേലിലേക്ക് നടത്തിയ മിസൈൽ ആക്രമണം മിഡിൽ ഈസ്റ്റിനെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടതായി ജർമനി പ്രതികരിച്ചു. ശനിയാഴ്ച ഇറാൻ റവലുഷണറി ഗാർഡ് മുന്നൂറോളം ഡ്രോണുകളും മിസൈലുകളുമയച്ചായിരുന്നു ഇസ്രയേലിൽ ആക്രണം നടത്തിയത്. ശനിയാഴ്ച ഹുർമൂസ് കടലിടുക്കിൽനിന്ന് ഇസ്രയേൽ ബന്ധമുള്ള ചരക്കു കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള ആക്രമണം.

ടെഹ്റാൻ "ഒരു പ്രദേശത്തെ മുഴുവൻ അരാജകത്വത്തിലേക്ക് തള്ളിവിട്ടു" എന്നും ഉടൻ സംഘർഷങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസും മധ്യപൗരസ്ത്യ മേഖലയിലെ സൈനിക മുന്നേറ്റങ്ങളെ അപലപിച്ച് രംഗത്തുവന്നു. ഇസ്രയേലിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച അദ്ദേഹം, എല്ലാ കക്ഷികളോടും, പ്രത്യേകിച്ച് ഇറാനോടും, കൂടുതൽ സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ചൈന സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.

അതേസമയം, ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ വിക്ഷേപിച്ച ഡ്രോണുകൾ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ തകർത്തതായി യുകെ പ്രധാനമന്ത്രി റിഷി സുനക് അറിയിച്ചു. "നമ്മുടെ വിമാനങ്ങൾ ഇറാന്റെ നിരവധി ആക്രമണ ഡ്രോണുകൾ വെടിവച്ചിട്ടുണ്ടെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും," -യുകെ പ്രധാനമന്ത്രി പറഞ്ഞു.