- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ പിൻ നോക്കാതെ ഹാലിളകിയ പോലെ ഇറാൻ; ഇറാഖിലെയും സിറിയയിലെയും ആക്രമണങ്ങൾക്ക് പിന്നാലെ പാക്കിസ്ഥാനിലും മിസൈൽ ആക്രമണം; രണ്ടുപെൺകുട്ടികൾ മരിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു; ലക്ഷ്യമിട്ടത് ബലൂചി ഭീകരഗ്രൂപ്പിനെ എന്ന് ഇറാൻ; ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
ഇസ്ലാമബാദ്: ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ, രണ്ടുകുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. ഇതുതീർത്തും അംഗീകരിക്കാനാവാത്തത് ആണെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബലൂചി തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ് അൽ അഡ്ലിന്റെ രണ്ടുതാവളങ്ങളിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. ഇറാഖിലും സിറിയയിലും റവല്യൂഷണറി ഗാർഡുകൾ ചില കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ഒരുദിവസം പിന്നിടുമ്പോഴാണ് പാക്കിസ്ഥാനിലെ ആക്രമണം. പാക്കിസ്ഥാനുമായുള്ള അതിർത്തിയിൽ ഇറാൻ സുരക്ഷാ സൈനികർക്ക് നേരേ ജെയ്ഷ് അൽ അഡ്ൽ നേരത്തെ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. അതിന് തിരിച്ചടിയാണ് മിസൈൽ ആക്രമണം.
പാക്കിസ്ഥാൻ-ഇറാൻ നാവികസേന വിഭാഗങ്ങൾ സംയുക്ത സൈനിക അഭ്യാസം നടത്തിവരുന്നതിനിടെ കൂടിയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാൻ കഴിഞ്ഞദിവസം അക്രമിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വടക്കൻ സിറിയയിലെ താവളങ്ങൾക്കുനേരേയും ഇറാൻ തിങ്കളാഴ്ച ആക്രമണം നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനിൽ നടത്തിയ ആക്രമണം.
തീവ്രവാദ സംഘടനയുടെ താവളങ്ങൾ മിസൈലുകളും, ഡ്രോണുകളും ഉപയോഗിച്ച് തകർത്തെന്ന് ഇറാൻ സർക്കാർ മാധ്യമം റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ഭീകരസംഘടനയുടെ താവളങ്ങൾക്ക് നേരേയായിരുന്നു ആക്രമണം. ബലൂച്ചിൽ നിന്നുള്ള പാക്കിസ്ഥാൻ ഇൻഫൊർമേഷൻ മന്ത്രി ജാൻ അച്ചക്സായി ആക്രമണം സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ തയ്യാറായില്ല. ഇക്കാര്യത്തിൽ പാക് സൈന്യത്തിന്റെ പൊതുജന സമ്പർക്ക വിഭാഗമായ ഐഎസ്പിആർ പ്രതികരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇറാൻ വിദേശകാര്യ മന്ത്രാലയത്തെ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാന്റെ പരമാധികാരത്തെ ഹനിക്കുന്ന കടുത്ത ലംഘനത്തെ ശക്തമായി അപലപിക്കുന്നതായി ഇറാൻ അംബാസഡറെ അറിയിച്ചു. 'രണ്ട് നിരപരാധികളായ കുട്ടികളുടെ മരണത്തിനും മൂന്ന് പെൺകുട്ടികൾക്ക് പരിക്കേൽക്കുന്നതിനും കാരണമായ, ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു' പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച് പ്രസ്താവനയിൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയ മാർഗങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ഈ നിയമലംഘനം അംഗീകരിക്കാനാകില്ലെന്നും പാക് വക്താവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ