തെഹ്‌റാൻ: ഇടക്കാല പ്രസിഡന്റിനെയും വിദേശകാര്യമന്ത്രിയെയും നിയമിച്ചു ഇറാൻ. ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പരമോന്നത നേതാവ് അലി ഖാമേനി ഇടക്കാല പ്രസിഡന്റായി 68കാരനായ മുഖ്ബറിനെ നിയമിച്ചത്.

1955 സെപ്റ്റംബർ ഒന്നിന് ജനിച്ച മുഖ്ബർ റൈസിയെ പോലെ അലി ഖാമേനിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. റൈസി പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ 2021 ആഗസ്റ്റിലാണ് മുഖ്ബറിനെ ഒന്നാം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. അതിനു മുമ്പ് 14 വർഷം ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള നിക്ഷേപ ഫണ്ടായ 'സെറ്റാഡി'ന്റെ തലവനായി പ്രവർത്തിച്ചിട്ടുണ്ട്.

ആണവ, ബാലിസ്റ്റിക് മിസൈൽ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് 2010ൽ യൂറോപ്യൻ യൂനിയൻ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയവരിൽ മുഖ്ബറും ഉണ്ടായിരുന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹത്തെ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 131 അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിക്കുകയോ, അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 50 ദിവസത്തിനുള്ളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്തണം. 2025ലാണ് ഇനി ഇറാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

അതേസമയം ഇടക്കാല വിദേശകാര്യ മന്ത്രിയായി അലി ബാഖരീ കനീയെ നിയമിച്ചിട്ടുണ്ട്. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ ചുമതല വഹിച്ചിരുന്നു ബാഖരീയെ അടിയന്തര മന്ത്രിസഭാ യോഗമാണ് വിദേശകാര്യ മന്ത്രിയായി തെരഞ്ഞെടുത്തത്. റൈസിക്കൊപ്പം ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിനായും ഉണ്ടായിരുന്നു. ഇറാൻ നയതന്ത്രജ്ഞനായ ബാഖരീ 2021 സെപ്റ്റംബറിലാണ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രായായി ചുമതലയേൽക്കുന്നത്. 2007 മുതൽ 2013 വരെ ഇറാന്റെ സുപ്രീം നാഷനൽ സുരക്ഷ കൗൺസിന്റെ ഡെപ്യൂട്ടി സെക്രട്ടറി പദവഹി വഹിച്ചിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ഇറാനും അമേരിക്കയും തമ്മിൽ തടവുകാരെ മോചിപ്പിക്കുന്നതിനായി നടത്തിയ മധ്യസ്ഥ ചർച്ചയിലെ പ്രധാനി കനീയായിരുന്നു.

അതിനിടെ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും മൃതദേഹങ്ങൾ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ തബ്രിസ് നഗരത്തിലേക്ക് കൊണ്ടുപോയി. ഹെലികോപ്റ്റർ മലയിടുക്കിൽ തട്ടി തർന്നുവീണതാണ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകീട്ടോടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും റെയ്‌സിയുടെ മരണവാർത്ത സ്ഥിരീകരിച്ചത് തിങ്കളാഴ്ച രാവിലെയാണ്.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചതോടെ രക്ഷാപ്രവർത്തകസംഘത്തിന് അപകടസ്ഥലത്തേക്കെത്താൻ മണിക്കൂറുകൾ വേണ്ടിവന്നു. അപകടസ്ഥലം എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ പോലും സാധിക്കാതിരുന്ന സാഹചര്യത്തിലാണ് തുർക്കി സൈന്യത്തിന്റെ ഹൈ ആൾറ്റിറ്റിയൂഡ് ആളില്ലാവിമാനമായ 'ബെയ്?രക്തർ അകിൻച്' നിർണായകമായ കണ്ടെത്തൽ നടത്തിയത്.

വിമാനത്തിന്റെ തെർമൽ സെൻസിങ് സംവിധാനമുപയോ?ഗിച്ച് താപവ്യത്യാസം പരിശോധിച്ചാണ് വിമാനം അപകടസ്ഥലം കണ്ടെത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവ കണ്ടെത്തിയതിന് ശേഷം കോർഡിനേറ്റുകൾ ഇറാൻ അധികൃതർക്ക് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.

വ്യത്യസ്തമായ വിങ് ഡിസൈനും രൂപകൽപനയുമുള്ള വിമാനം ദീർഘനേരം തുടർച്ചയായി പ്രവർത്തിക്കുമെന്നതാണ് ബെയ്?രക്തർ അകിൻചിനെ സവിശേഷമാക്കുന്നത്. 40,000 അടി വരെ ഉയരത്തിൽ പറക്കാനാകുന്ന വിമാനമാണ് അകിൻച്. കൂടാതെ, വൻ ആയുധശേഖരവും സെൻസറുകളും വഹിക്കുന്നതിനും അകിൻച് പ്രാപ്തമാണ്.

ചലിക്കുന്ന കാറുകൾ ഉൾപ്പെടെ ലക്ഷ്യംവച്ച് തകർക്കാനാകുന്നതാണ് അകിൻചെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിർമ്മിതബുദ്ധിയുടെ സഹായത്തിലുള്ള പ്രവർത്തനവും സാധ്യമാണ് ഈ അത്യാധുനിക വിമാനത്തിൽ. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധസാമഗ്രികൾ, ഇന്റലിജൻസ് സെൻസറുകൾ തുടങ്ങി സങ്കീർണമായ നിരവധി സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ബെയ്‌രക്തർ അകിൻച് പ്രവർത്തിക്കുന്നത്.