- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാൻ കാരണങ്ങളുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് മുൻ അംഗം
ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റൈസിയും വിദേശകാര്യമന്ത്രിയും അടക്കം പ്രമുഖർ കൊല്ലപ്പെട്ട ഹോലികോപ്ടർ അപകടത്തെക്കുറിച്ച് ഇറാൻ അന്വേഷണം തുടുങ്ങി. ഇറാനിയൻ സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരി ഉന്നത പ്രതിനിധി സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ബ്രിഗേഡിയർ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ മോസ്‌കോ തയ്യാറാണെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു പറഞ്ഞു. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്നതിൽ അടക്കം അന്വേഷണം നടക്കും.
ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷാവസ്ഥയുള്ള രാഷ്ട്രീയ പശ്ചാത്തലവും ഇസ്രയേലും അസർബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ ഹെലികോപ്ടർ അപകടം അസ്വാഭാവികമാണെന്ന ചർച്ച ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഇസ്രയേലിന്റെ ചാരസംഘടന മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാൻ കാരണങ്ങളുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് മുൻ അംഗം നിക്ക് ഗ്രിഫിൻ എക്‌സിൽ കുറിച്ചു. എന്നാൽ, അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രയേൽ അനൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസിഡന്റ് അടക്കം സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു എന്നതാണ് ലഭ്യമായ വിവരങ്ങൾ നൽകുന്ന സൂചനയെന്ന് ഈ രംഗത്തെ വിദഗ്ധനായ കെയ്ൽ ബെയ്‌ലിയെ ഉദ്ധരിച്ച് 'അൽ ജസീറ' റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ടാകാം അപായ സന്ദേശം പോലും കൈമാറാൻ പൈലറ്റിന് സാധിക്കാതിരുന്നതെന്ന് കരുതുന്നു.
അതേസമയം അപകടത്തിൽ പെട്ട കോപ്ടറിലുണ്ടായിരുന്നവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തൊട്ടടുത്ത പട്ടണമായ തബ്രീസിലേക്ക് മാറ്റി. തബ്രീസിൽ രാവിലെ വിലാപ യാത്ര നടക്കും. തുടർന്ന് ഖുമ്മിലേക്കും അവിടെ നിന്ന് തെഹ്റാനിലേക്കും മൃതദേഹങ്ങൾ എത്തിക്കും. രാജ്യത്തിന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാമേനി പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. റൈസിയുടെ ജന്മദേശമായ മസ്ഹദ് നഗരത്തിലായിരിക്കും ഖബറടക്കം. സംസ്‌കാര ചടങ്ങുകളിൽ സംബന്ധിക്കാൻ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിച്ചേരും.
കനത്ത മഞ്ഞിൽ നിയന്ത്രണം നഷ്ടമായ യു.എസ് നിർമ്മിത ബെൽ 212 ഹെലികോപ്ടർ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ഇറാൻ അധികൃതരുടെ വിശദീകരണം. രാജ്യത്ത് അഞ്ചുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കാല പ്രസിഡന്റായി വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. ഉപവിദേശകാര്യ മന്ത്രി അലി ബാഖിരി കനിക്ക് വിദേശകാര്യ മന്ത്രിയുടെ താൽക്കാലിക ചുമതല നൽകി. ജൂൺ 28ന് പുതിയ പ്രസിഡന്റിനുള്ള തെരഞ്ഞെടുപ്പ് നടത്തുമെന്ന് സുപ്രിം ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.