- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാഖിലെ മൊസാദ് കേന്ദ്രത്തിനു നേരെ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു; ആക്രമണങ്ങളെ അപലപിച്ചു അമേരിക്ക; ഇറാഖിന്റെ സുസ്ഥിരതയെ തകർക്കുന്ന ഇറാന്റെ വിവേചനരഹിതമായ മിസൈൽ ആക്രമണമെന്ന് വിമർശനം; ചെങ്കടലിൽ ഹൂത്തി ആക്രമണത്തിന് പിന്നാലെ ഇറാനും നേരിട്ട് കളത്തിൽ
ടെഹ്റാൻ: ചെങ്കടലിൽ ഇസ്രയേൽ, അമേരിക്കൻ കപ്പലുകൾ ലക്ഷ്യമിട്ട് ഹൂത്തി വിമതർ ആക്രമണം തുടരുന്നതിനിടെ പ്രതിസന്ധികൾ രൂക്ഷമാക്കി ഇറാഖില് ഇറാന്റെ ആക്രമണം. ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാന്റെ തലസ്ഥാനമായ എർബിലിലെ ഇസ്രയേലി രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സായുധസേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ് (ഐആർജിസി) ആണ് ആക്രമണം നടത്തിയത്.
ഐആർജിസിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ റെവല്യൂഷനറി ഗാർഡ്സ് കോർപ്‌സ് സിറിയയിലും കുർദിസ്ഥാൻ മേഖലയിലും ഒന്നിലധികം മിസൈൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇറാഖിലെ കുർദിസ്ഥാൻ സുരക്ഷാ കൗൺസിൽ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ പ്രമുഖ വ്യവസായി പെഷ്റോ ദിസായിയും ഉൾപ്പെടുന്നുവെന്ന് കുർദിസ്ഥാൻ ഡെമോക്രാറ്റിക് പാർട്ടി അറിയിച്ചു.
കുർദിസ്ഥാനിലെ 'ഇസ്രയേലി മൊസാദിന്റെ ആസ്ഥാന'മെന്ന് ആരോപിക്കപ്പെടുന്നിടത്താണ് ആക്രമണമുണ്ടായത്. ചാരപ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള കേന്ദ്രമായി പ്രവർത്തിച്ച ആസ്ഥാനമാണ് ആക്രമിച്ചതെന്ന് ഐആർജിസിയുടെ പ്രസ്താവനയിൽ പറയുന്നു. ഗസ്സയിലെ ഇസ്രയേലിന്റെ ആക്രമണത്തിനു മറുപടിയായാണ് ആക്രമണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇർബിലിൽ എട്ട് സ്‌ഫോടനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇർബിൽ വിമാനത്താവളത്തിലെ വ്യോമഗതാഗതം നിർത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇത് ഭീകരാക്രമണമാണെന്നും ഇർബിലിനെതിരെ നടന്ന മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇർബിൽ ഗവർണർ ഒമേദ് ഖോഷ്നവ് പ്രതികരിച്ചു.
അതേസമയം, ആക്രമണത്തെ യുഎസ് അപലപിച്ചു. ''എർബിലിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെ യുഎസ് ശക്തമായി അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ഇറാഖിന്റെ സുസ്ഥിരതയെ തകർക്കുന്ന ഇറാന്റെ വിവേചനരഹിതമായ മിസൈൽ ആക്രമണങ്ങളെ എതിർക്കുന്നു'' യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം അമേരിക്കൻ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരേ ഹൂതി വിമതരുടെ മിസൈലാക്രണം ഉണ്ടായിരുന്നു. എം വി ജിബ്രാൾട്ടർ ഈഗിൾ കണ്ടെയ്നർ കപ്പലിന് നേരേയാണ് ആക്രമണം ഉണ്ടായത്. ബാലിസ്റ്റിക് മിസൈലാണ് തൊടുത്തുവിട്ടതെന്ന് യുഎസ് കേന്ദ്ര കമാൻഡ് അറിയിച്ചു. ആർക്കും പരുക്കേറ്റിട്ടില്ല. കപ്പലിന് സാരമായ തകരാറുകൾ ഉണ്ടായോ എന്ന് അറിവായിട്ടില്ല.
കപ്പലിന്റെ ഉടമകളായ ഈഗിൾ ബൾക്ക് ഷിപ്പിങ് സംഭവത്തോട് പ്രതികരിച്ചില്ല. യെമനിലെ ചെങ്കടൽ തീരം നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ മേഖലയിലെ വാണിജ്യ കപ്പലകുൾക്ക് നേരേ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. ഇസ്രയേലുമായി ബന്ധമുള്ളവയോ, ഇസ്രയേൽ തുറമുഖങ്ങളിലേക്ക് പോകുന്നവയോ ആയ കപ്പലുകളെയാണ് ആക്രമിക്കുന്നത്.
കഴിഞ്ഞാഴ്ച യുഎസ്-ബ്രിട്ടീഷ് സേനകൾ ഹൂതി കേന്ദ്രങ്ങളെ ലാക്കാക്കി ശക്തമായ വ്യോമ-നാവിക ആക്രമണങ്ങൾ നടത്തി തിരിച്ചടിച്ചിരുന്നു. യെമൻ തുറമുഖമായ ഏദന് സമീപത്ത് കൂടി പോകുമ്പോഴാണ് യുഎസ് ചരക്കുകപ്പലിന് നേരേ ഹൂതികൾ തിങ്കളാഴ്ച മിസൈലുകൾ തൊടുത്തുവിട്ടത്. ഏദന് 95 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായി ആയിരുന്നു മുകളിൽ നിന്ന് ചരക്ക് കപ്പലിലേക്കുള്ള ആക്രമണം. മൂന്നുമിസൈലുകൾ തൊടുത്തുവിട്ടെങ്കലും ഒരെണ്ണം മാത്രമാണ് കപ്പലിൽ പതിച്ചത്.
കപ്പലിൽ തീപ്പിടിത്തമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. തുടർന്നും സഞ്ചാര യോഗ്യമാണ്. ഇസ്രയേൽ ബന്ധമൊന്നുമില്ലാത്ത കപ്പലിനെ ആക്രമിച്ചത് കഴിഞ്ഞാഴ്ചത്തെ യുഎസ് ആക്രമണത്തിന് തിരിച്ചടിയായിട്ടാണെന്ന് കണക്കാക്കുന്നു. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലിൽനിന്ന് വിട്ടുനിൽക്കാൻ അമേരിക്കൻ നാവികസേന ആവശ്യപ്പെട്ടിരുന്നു.
യെമൻ തലസ്ഥാനമായ സനയും, വടക്കൻ, പടിഞ്ഞാറൻ മേഖലയിലെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ ചെങ്കടലിലെ ആക്രമണം ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ നേതാവായ അബ്ഗേൽ മാലെക് അൽഹൂതി വ്യാഴാഴ്ച നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ യെമന് നേരേയുള്ള ഏതു യുഎസ് ആക്രമണത്തിനും തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെക്കൻ ചെങ്കടലിൽ യുഎസ്എസ് ലബൂണിന് നേരേ ഹൂതികൾ തൊടുത്തു വിട്ട കപ്പൽ വേധ ക്രൂസ് മിസൈൽ അമേരിക്കൻ പോർ വിമാനം വെടിവച്ചിട്ടെന്ന് യുഎസ് സൈന്യം ഞായറാഴ്ച അറിയിച്ചിരുന്നു.
മറുനാടന് ഡെസ്ക്