- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കൻ ഗസ്സയിലെ ആശുപത്രികളിൽ തുടർച്ചയായി ബോംബാക്രമണവുമായി ഇസ്രയേൽ; അഭയ കേന്ദ്രമായ സ്കൂളിലും ബോംബാക്രമണം; മരണം പതിനൊന്നായിരം കവിഞ്ഞു; കൊല്ലപ്പെട്ടവരിൽ 4,506 കുട്ടികൾ; യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനവുമായി ഖത്തർ അമീർ
ജറുസലം: ഇസ്രയേൽ ലോകത്തെ നരകമായി മാറുകയാണ്. ആ വിധത്തിലാണ് അവിടെ കുഞ്ഞുങ്ങൾ അടക്കമുള്ളവർ മരിച്ചു വീഴുന്നത്. ഗസ്സയിലെ ആശുപത്രികളെ ഹമാസ് പ്രവർത്തകർ ഒളികേന്ദ്രമക്കുമ്പോൾ ആശുപത്രികൾ ലക്ഷ്യമാക്കി ബോംബാക്രമണം നടത്തുകായണ് ഇസ്രയേൽ. ടാങ്കുകൾ ആശുപത്രികൾ വളഞ്ഞതിന് പിന്നാലെ വടക്കൻ ഗസ്സയിലെ ആശുപത്രികളിൽ ഇസ്രയേൽ തുടർച്ചയായി ബോംബാക്രമണം നടത്തി.
അഭയകേന്ദ്രമാക്കി മാറ്റിയ അൽ ബുറാഖ് സ്‌കൂളിൽ ബോംബിട്ടതിനെത്തുടർന്ന് 50 പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇന്നലെ പുലർച്ചെ 5 വട്ടമാണു ബോംബിട്ടത്. അൽഖുദ്‌സ് ആശുപത്രിക്കുനേരെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 20 പേർക്കു പരുക്കേറ്റെന്നും റെഡ് ക്രോസ് അറിയിച്ചു. ഗസ്സ സിറ്റിയിലെ അൽ നാസർ ആശുപത്രി, റന്റിസി ചിൽഡ്രൻസ് ഹോസ്പിറ്റൽ, ഇന്തൊനീഷ്യൻ ഹോസ്പിറ്റൽ എന്നിവയ്ക്കുനേരെയും ആക്രമണമുണ്ടായി. ആശുപത്രികളുടെ 100 മീറ്റർ പരിധിയിൽ കവചിതവാഹനങ്ങളും ടാങ്കുകളും നിലയുറപ്പിച്ചിട്ടുണ്ട്.
ഹമാസ് ഒളികേന്ദ്രങ്ങളാക്ക മാറ്റിയ അൽ റൻതീസി കുട്ടികളുടെ ആശുപത്രി, അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് ഇസ്രയേൽ കരസേന വളഞ്ഞിരിക്കുന്നത്. അൽ ശിഫ ആശുപത്രിക്കടിയിൽ ഹമാസിന്റെ സൈനിക നിയന്ത്രണ കേന്ദ്രവും ഭൂഗർഭ തുരങ്കങ്ങളുമുണ്ടെന്നാണ് ഇസ്രയേൽ ആരോപണം. ഗസ്സയിൽ ഇതുവരെ 21 ആശുപത്രികളാണ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നും മറ്റും പൂട്ടിയതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്‌റ അറിയിച്ചു.
വടക്കൻ ഗസ്സയിൽനിന്ന് തെക്കുഭാഗത്തേക്ക് പലായനം ചെയ്യുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിലും നിരവധി പേർ മരിച്ചു. 4,506 കുട്ടികളടക്കം ആകെ മരണസംഖ്യ 11,078 ആയി. അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ 19 ഫലസ്തീൻ പൗരന്മാരെ കൊലപ്പെടുത്തി. ഇതോടെ, ഒക്ടോബർ 7 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ മാത്രം 182 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി 'വഫ' വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം ഗസ്സയിൽ രണ്ട് ഇസ്രയേൽ സൈനികർ കൂടി ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരയുദ്ധം ആരംഭിച്ച ശേഷം തങ്ങളുടെ 41 സൈനികരെ ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രയേൽ പറഞ്ഞു. ഇസ്രയേൽ സൈന്യത്തിന്റെ കണക്കനുസരിച്ച്, യുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെട്ട സൈനികരുടെ ആകെ എണ്ണം 354 ആയി.
ഇതിനിടെ ഗസ്സയിലെ ഇസ്രയേൽ ആക്രമണം 35 ദിവസം പിന്നിടുന്നതിനിടെ മധ്യസ്ഥ ശ്രമങ്ങൾ ഊർജിതമാക്കി ഖത്തർ. വ്യാഴാഴ്ച വൈകുന്നേരം യു.എ.ഇയിലെത്തി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വെള്ളിയാഴ്ച രാവിലെ ഈജിപ്തും സന്ദർശിച്ചു. യുദ്ധം അവസാനിപ്പിക്കാനും, ഗസ്സയിലേക്ക് അടിയന്തിര മാനുഷിക സഹായമെത്തിക്കാനും, തടവുകാരുടെ മോചനത്തിനുമായി കൈകോർത്തു പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസിയുമായി അമീർ കൈയ്‌റോയിലെത്തി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് സൗദിയിൽ ശനിയാഴ്ച നടക്കുന്ന അടിയന്തര അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനായി അമീർ റിയാദിലേക്ക് യാത്രയായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10,800ൽ ഏറെ പേരെ കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാൻ സാധ്യമായ നയതന്ത്ര ശ്രമങ്ങൾ എല്ലാം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലെ തുടർച്ചയായ ഇടപെടലുകൾ. ഗസ്സക്കെതിരായ ആക്രമണം അവസാനിപ്പിക്കാനും മേഖലയിലെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയാനും, അടിയന്തിര മാനുഷിക സഹായം വർധിപ്പിക്കുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി 'അമിരി ദിവാൻ' എക്‌സ് പ്ലാറ്റ് ഫോം വഴി അറിയിച്ചു. മധ്യസ്ഥ ശ്രമങ്ങൾ കുറക്കുന്നതിനായി ഈജിപ്തുമായി ചേർന്ന് സംയുക്ത നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും അമീറും പ്രസിഡന്റ് അൽ സിസിയും ധാരണയായി.
എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുള്ള ഇസ്രയേലിന്റെ ആക്രമണം മേഖലയുടെ സമാധാന ശ്രമങ്ങളെ ഹനിക്കുമെന്നും, യുദ്ധം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ സഹോദരങ്ങളുടെ ദുരിതം അവസാനിപ്പിക്കാനും എല്ലാ കക്ഷികളുടെയും ഇടപെടൽ ആവശ്യപ്പെടുന്നതായും അമീർ 'എക്‌സ്' പേജിലുടെ വ്യക്തമാക്കി.
ഗസ്സ ആക്രമണവുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും അമീറിനൊപ്പം ഈജിപ്ത് സന്ദർശനത്തിലുണ്ടായിരുന്നു. അതിനിടെ, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങളുടെ തുടർച്ചയായി 15ഓളം തടവുകാരെ വരും ദിവസങ്ങളിൽ മോചിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞതായി വാർത്താ ഏജൻസി 'റോയിട്ടേഴ്‌സ്' റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പൗരന്മാർ ഉൾപ്പെടെയുള്ള തടവുകാരെ വിട്ടയക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ ഏഴിലെ ആക്രമണത്തിനു പിന്നാലെ ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനം സംബന്ധിച്ച് ഖത്തറിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്.
മറുനാടന് ഡെസ്ക്