- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒത്തുതീർപ്പുകളില്ല, ഹമാസിനെ തുടച്ചുനീക്കും, ഗസ്സയെ എല്ലാ ശക്തിയും ഉപയോഗിച്ച് തരിപ്പണമാക്കും; വെടിനിർത്തലിന് ശേഷം ഇസ്രയേൽ ആക്രമണം തുടങ്ങിയത് വർധിത വീര്യത്തോടെ; കുട്ടികളെയും സ്ത്രീകളെയും വിട്ടയക്കാതെ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് നെതന്യാഹു; കൊല്ലപ്പെട്ടത് 21 പേർ
ഗസ്സ: ഒരാഴ്ച്ചത്തെ വെടിനിർത്തലിന് ശേഷം ഇസ്രയേൽ ഗസ്സയിൽ ആക്രമണം ഊർജ്ജിതമാക്കിയോടെ കൊല്ലപ്പെട്ടത് 21 പേർ. ഹമാസിനോടു വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കിയാണ് ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നത്. ഇന്ന് വ്യോമാക്രമണമാണ് ഇസ്രയേൽ ശക്തമാക്കിയത്. ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് വരെയായിരുന്നു ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറുണ്ടായിരുന്നത്. ഈ സമയപരിധി അവസാനിച്ചതിന്റെ അടുത്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇസ്രയേൽ വിവിധയിടങ്ങളിൽ ആക്രമണം നടത്തി.
ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു എന്നതാണ് ഇസ്രയേലിന്റെ ആരോപണം. വടക്കൻ ഗസ്സയിൽ രണ്ട് പേർ, സെൻട്രൽ ഗസ്സയിൽ ഏഴ് പേർ, തെക്കൻ ഗസ്സയിൽ 12 പേർ എന്നിങ്ങനെയാണ് ഇന്ന് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ വിവിധയിടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റഫായിലേക്ക് നീങ്ങാനാണ് പ്രദേശത്ത് വിതറിയ ലഘുലേഖകളിലൂടെ ആവശ്യപ്പെട്ടതെന്നും, എന്നാൽ റഫായിലും ആക്രമണമുണ്ടെന്നും ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.
ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വെടിനിർത്തൽ അവസാനിച്ച അടുത്ത നിമിഷം തന്നെ ഇസ്രയേൽ ഗസ്സയിൽ ബോംബിട്ടത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആരോപണം. കുട്ടികളേയും സ്ത്രീകളേയും പൂർണമായും വിട്ടയച്ചില്ല. ഇതിന് പുറമേ ഇസ്രയേലിന് നേരെ ഹമാസ് ആക്രമണം നടത്തിയെന്നും നെതന്യാഹു ആരോപിച്ചു.
ഒത്തുതീർപ്പുകളില്ലാതെ ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. ഗസ്സയെ എല്ലാ ശക്തിയുമുപയോഗിച്ച് തരിപ്പണമാക്കും. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ഇനിയും തിരിച്ചെത്താത്ത കുട്ടികൾക്കും വേണ്ടി തങ്ങളത് ചെയ്യുമെന്നും ബെൻ ഗ്വിർ പറഞ്ഞു.
ഒരാഴ്ച നീണ്ട താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ഏഴിനാണ് (പ്രാദേശികസമയം) അവസാനിച്ചത്. രണ്ടുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടാൻ ഖത്തറും ഈജിപ്തും ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ചർച്ചകളിൽ സമ്പൂർണ വെടിനിർത്തലിന് ഹമാസ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്രയേൽ തയാറല്ലെന്നാണ് സൂചനകൾ.
ബുധനാഴ്ച രാത്രി ഇസ്രയേലിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സാന്നിധ്യത്തിൽ യുദ്ധമന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഹമാസ് ബന്ദികളാക്കിയ മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാതെ ഇനി വെടിനിർത്തലിനില്ലെന്ന നിലപാട് ഇസ്രയേൽ സ്വീകരിച്ചുവെന്നാണ് വിവരം. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രയേലി ജയിലുകളിലെ എല്ലാ തടവുകാരെയും വിട്ടയക്കണമെന്നാണ് ഹമാസ് നിലപാട്.
നവംബർ 24 ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണ നീട്ടുകയും ഗസ്സയിൽ ബന്ദികളാക്കിയ 105 പേരെയും ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 240 ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 ഫലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗസ്സയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞു.
ഫലസ്തീൻ ഭീകര സംഘടനയായ ഹമാസ് ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയോടുകൂടിയാണ് യുദ്ധത്തിന് തുടക്കമാവുന്നത്. 1,200-ലധികം ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ട ഈ ആക്രമണത്തിൽ 240 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിനെതിരെ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗസ്സയിലെ ബോംബാക്രമണത്തിലൂടെയും ഗസ്സയിൽ 15,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
മറുനാടന് ഡെസ്ക്