ടെൽ അവീവ്: തെക്കൻ ഗസ്സയിലേക്ക് കടന്നുകയറാൻ ആക്രമണം കൂടുതൽ കടുപ്പിക്കാൻ ഇസ്രയേൽ. വെടിനിർത്തൽ നിർദ്ദേശം തള്ളിയ ഇസ്രയേൽ നീണ്ട യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രയേൽ പ്രതിരോധ സേന മേധാവി ഹെർസി ഹലേവി വ്യക്തമാക്കി. താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇസ്രയേൽ നേരത്തെ തള്ളിയിരുന്നു.

അതേസമയം വെസ്റ്റ് ബാങ്കിലും സമീപ പ്രദേശങ്ങളിലും രാത്രിയിലും റെയ്ഡ് തുടർന്ന് ഇസ്രയേൽ സൈന്യം. തുൽക്കറം നഗരത്തിലെ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിലും, ബെയ്ത് ഉമർ നഗരത്തിലും കഴിഞ്ഞ രാത്രിയിൽ വ്യാപകമായി ഇസ്രയേൽ സൈന്യം റെയ്ഡുകൾ നടത്തിയതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കിലെ ഖാഫിൻ, സൈദ തുടങ്ങിയ പട്ടണങ്ങളിലും കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയതായി വാർത്തകൾ പുറത്ത് വന്നു. ഇസ്രയേൽ സൈനികർ നിരവധി വീടുകൾ റെയ്ഡ് ചെയ്തതിനെ തുടർന്ന് പ്രതിഷേധവുമായി ഫലസ്തീനികൾ രംഗത്തെത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അതെസമയം ഗസ്സയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. റഫ,ഖാൻ, യൂനുസ് എന്നിവിടങ്ങളിലും ജബാലിയ, ബുറൈജ്, നുസൈറത് അഭയാർഥി ക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 241 പേർ മരിച്ചു. സിറിയയിൽ സൈനിക ഉപദേശകനെ വധിച്ച ഇസ്രയേലിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിലേക്ക് പുറപ്പെട്ട ഒരു കപ്പലിനെ കൂടി ആക്രമിച്ചതായി ഹൂത്തികൾ അവകാശപ്പെട്ടു.

തെക്കൻ, മധ്യ ഗസ്സയിൽ ആക്രമണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. സിവിലിയൻ കേന്ദ്രങ്ങളിലെ നിരന്തര ബോംബ് വർഷം തുടരുകയാണ്. ഇന്നലെ മാത്രം 241 പേർ കൊല്ലപ്പെടുകയും 382 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 9 ഇസ്രയേൽ സൈനികർ കൊല്ലപ്പെടുകയും അമ്പതിലേറെ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുല്ല ആക്രമണത്തിൽ 9 ഇസ്രയേൽ സൈനികർക്കും പരിക്കുണ്ട്.

യുദ്ധം മാസങ്ങൾ നീണ്ടാൽ തന്നെയും ആത്യന്തിക വിജയം ഇസ്രയേലിനായിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് നേതാക്കളെ ഉടൻ കണ്ടെത്തി വധിക്കുമെന്നുമാണ് നെതന്യാഹുവിന്റെ താക്കീത്. പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാനാകാതെ പരാജയത്തിൽ നിന്ന് പരാജയത്തിലേക്കാണ് നെതന്യാഹുവും ഇസ്രയേലും നീങ്ങുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു.

സിറിയയിൽ ഇറാൻ സൈനിക ഉപദേശകൻ റാസി മൂസവിയെ കൊലപ്പെടുത്തിയ ഇസ്രയേൽ നടപടിക്കെതിരെ ഇറാനിൽ പ്രതിഷേധം ശക്തമാണ്. തക്ക സമയത്തും സ്ഥലത്തും തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ പ്രതിരോധ സേനയുടെ മുന്നറിയിപ്പ്. ഇറാന്റെ ഇടപെടൽ ഇല്ലാതെ തന്നെ ഏതു കടന്നാക്രമണവും തടയാൻ പോരാളികൾ സജ്ജമാണെന്ന് ഖുദ്‌സ് ഫോഴ്‌സ് കമാണ്ടറുടെ ഉപദേശകൻ അറിയിച്ചു . ഇറാഖിലെ മൂന്നുകേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പ് വ്യക്തമാക്കി.

യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിൽ എയർബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകൾക്ക് മറുപടിയെന്ന നിലക്കാണ് പ്രത്യാക്രമണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ചെങ്കടലിൽ ഒരു കപ്പലിനു നേർക്ക് കൂടി ഇന്നലെ ഹൂത്തികൾ ആക്രമണം നടത്തി. മുന്നറിയിപ്പ് അവഗണിച്ച് ഇസ്രയേലിലേക്ക് പോകാൻ ശ്രമിച്ച എം.എസ്.സി കപ്പലാണ് അക്രമിക്കപ്പെട്ടത്.