ജറുസലേം: കരയുദ്ധത്തിലേക്ക് ഇസ്രയേൽ കോപ്പുകൂട്ടവേ മനുഷ്യരാശി കണ്ട ഏറ്റവും വലിയ കൂട്ടപ്പലായനത്തിലേക്കാണ് ഗസ്സ നീങ്ങുന്നത്. വടക്കൻ ഗസ്സയിലെ 11 ലക്ഷം പേർ ഒഴിഞ്ഞു പോകണമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പോടെ പ്രാണരക്ഷാർത്ഥമുള്ള കൂട്ടപ്പലായനമാണ് ഗസ്സയിൽ. ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പു മുന്നിൽ കണ്ട് ആളുകൾ പലായനം തുടങ്ങിയോടെ ആശങ്കയുമായി ഐക്യരാഷ്ട്ര സഭയും രംഗത്തുവന്നു.

ദക്ഷിണമേഖലയിലേക്കും റാഫ അതിർത്തിപ്രദേശങ്ങളിലേക്കും മാറാനാണ് വടക്കൻ ഗസ്സ നിവാസികൾക്കും യു.എൻ. ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ച നൽകിയ മുന്നറിയിപ്പ്. ഇത് ഇസ്രയേലിന്റെ ഉപരോധത്താൽ വലയുന്ന ഗസ്സനിവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഗസ്സസിറ്റിയിലെ ജനവാസമേഖലകളിൽ ഹമാസ് അംഗങ്ങൾ പതിയിരിക്കുന്നതിനാലാണ് ഉത്തരവെന്നാണ് വിശദീകരണം. സ്‌കൂളുകളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവരും ഒഴിയണം.

ജനങ്ങൾക്ക് അപകടകരമല്ലാത്ത രീതിയിലാണ് ഹമാസിനെതിരേയുള്ള നീക്കം ആവിഷ്‌കരിക്കുന്നതെന്ന് ഇസ്രയേലി സൈനികവക്താവ് ജൊനാഥൻ കോർണിക്കസ് അവകാശപ്പെട്ടു. മൂന്നരലക്ഷത്തിലധികംവരുന്ന കരുതൽസേനയെ കഴിഞ്ഞദിവസങ്ങളിലായി ഗസ്സയിൽ ഇസ്രയേൽ വിന്യസിച്ചിരുന്നു. ഉത്തരവിനെത്തുടർന്ന് ഗസ്സയിൽനിന്ന് ജനങ്ങൾ കൂട്ടപ്പലായനം ആരംഭിച്ചാൽ അത് വലിയ മാനുഷികദുരന്തമുണ്ടാക്കുമെന്ന് യു.എൻ. വക്താവ് സ്റ്റെഫാൻ ദുജാറിക് മുന്നറിയിപ്പുനൽകി. ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

വ്യോമാക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റനിലയിലാണ് ഗസ്സയിലെ വലിയൊരു വിഭാഗം. 24 മണിക്കൂറിനുള്ളിൽ പരിക്കേറ്റവരും കുട്ടികളുമുൾപ്പെടെ 11 ലക്ഷം പേരെ ഇവിടെനിന്ന് ഒഴിപ്പിക്കുക അചിന്ത്യമാണെന്നും യു.എൻ. അറിയിച്ചു. 23 ലക്ഷമാണ് ഗസ്സയിലെ ജനസംഖ്യ. ഇതിൽ പാതിയിലധികവും താമസിക്കുന്നത് വടക്കന്മേഖലയിലാണ്.

ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് തെക്കൻ പ്രദേശത്തേക്ക് മാറാൻ നിർദേശിക്കുന്നതെന്നും തങ്ങളെ മനുഷ്യകവചമാക്കുന്ന ഹമാസിൽനിന്ന് അകലം പാലിക്കണമെന്നും ഗസ്സനിവാസികളോട് ഇസ്രയേൽ പ്രതിരോധസേന (ഐ.ഡി.എഫ്.) ആവശ്യപ്പെട്ടു. 40 കിലോമീറ്റർ ദൈർഘ്യമാണ് തെക്കൻ തീരമേഖലയ്ക്കുള്ളത്.

സമ്പൂർണ ഉപരോധം മൂന്നുദിവസം പിന്നിട്ടതോടെ ഗസ്സയിൽ വൈദ്യുതി, കുടിവെള്ളം, ഭക്ഷണം, അവശ്യമരുന്നുകൾ എന്നിവയുടെ ക്ഷാമം രൂക്ഷമായി. സ്വയം ജീവിക്കണോ വേണ്ടയോ എന്ന ചോദ്യംമാത്രമാണ് ഗസ്സാജനതയുടെ മുന്നിൽ അവശേഷിക്കുന്നതെന്ന് ഫലസ്തീൻ റെഡ് ക്രെസന്റ് വക്താവ് നെബേൽ ഫർസാഖ് പറഞ്ഞു. ഇതിനിടെ ഗസ്സയിലെ ജനങ്ങൾക്കായി കിഴക്കൻ ജറുസലേമിലും വെസ്റ്റ്ബാങ്കിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും കൂട്ടപ്രാർത്ഥന നടന്നു.

അതേസമയം, ജനങ്ങളോട് വീടുകളിൽത്തന്നെ തുടരണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. അധിനിവേശമുന്നറിയിപ്പ് നൽകി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇസ്രയേലിന്റെ ശ്രമം. തങ്ങളുടെ മനോവീര്യം തകർക്കാനുള്ള ഇസ്രയേലിന്റെ മനഃശ്ശാസ്ത്രപരമായ യുദ്ധതന്ത്രത്തിൽ വീഴരുതെന്നും ഹമാസ് വക്താവ് കൂട്ടിച്ചേർത്തു. ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഗസ്സയിൽനിന്ന് ഇതുവരെ 4.2 ലക്ഷം പേർ പലായനം ചെയ്‌തെന്നാണ് യു.എന്നിന്റെ കണക്ക്. ജനസാന്ദ്രതയേറിയ പ്രദേശത്ത് കരയുദ്ധം ആരംഭിച്ചാൽ ഇരുഭാഗത്തും ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്ന ഗസ്സയുടെ തെക്കന്മേഖലയിലേക്കു പലായനം തുടങ്ങി. 4 ലക്ഷം പേർ വിട്ടുപോയെന്ന് യുഎൻ അറിയിച്ചു. 3.38 ലക്ഷം പേരാണ് യുഎൻ ക്യാംപുകളിലുള്ളത്. വീടുവിട്ടുപോകരുതെന്നു ജനങ്ങളോടു ഫലസ്തീൻ നേതാക്കൾ അഭ്യർത്ഥിച്ചു. ഇസ്രയേൽ കരസേന ഗസ്സയിൽ റെയ്ഡ് തുടങ്ങി. ഇതുവരെ വ്യോമാക്രമണം മാത്രമാണു നടത്തിയിരുന്നത്.

ഒഴിപ്പിക്കൽ അസാധ്യമാണെന്നു ഗസ്സയിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടന ഏജൻസികൾ വ്യക്തമാക്കി. ആശുപത്രികളിൽ കഴിയുന്നവരെ ഒഴിപ്പിക്കുന്നതു മരണശിക്ഷയായി മാറുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. സഹായമെത്തിക്കാനാവില്ലെന്ന് റെഡ്‌ക്രോസും അറിയിച്ചു. ജനങ്ങളെ 24 മണിക്കൂറിനകം ഒഴിപ്പിക്കണമെന്ന ആവശ്യം ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തള്ളി. ഇസ്രയേൽ ആവശ്യത്തെ യുഎസ് പിന്തുണച്ചു. പലായനം രാജ്യത്തേക്ക് അനിയന്ത്രിത അഭയാർഥി പ്രവാഹമുണ്ടാക്കുമെന്ന ആശങ്കയിലാണ് ഈജിപ്ത്.

ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഗസ്സയിൽ 1799 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അറിയിച്ചു. ഇസ്രയേലിൽ 1300 പേരാണു കൊല്ലപ്പെട്ടത്. ഇസ്രയേൽ ബോംബാക്രമണത്തിൽ ഗസ്സയിലെ വിവിധ കേന്ദ്രങ്ങളിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, ഇസ്രയേൽ ഇതു നിഷേധിച്ചു.

തേസമയം, വെള്ളിയാഴ്ചയും ആക്രമണം തുടർന്ന ഗസ്സയിൽ മരണസംഖ്യ 1,800 കവിഞ്ഞു. 6,388 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ 44 പേരും കൊല്ലപ്പെട്ടു. ഇസ്രയേലിൽ മരണസംഖ്യ 1300 കവിഞ്ഞു. 3400 പേർക്ക് പരിക്കുണ്ട്. ലബനാൻ അതിർത്തിയിൽ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചവരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ആളപായം സംബന്ധിച്ച് വിവരമില്ല. അതിർത്തി മതിൽ തകർക്കാനും ശ്രമിച്ചു. ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ അടിസ്ഥാനകാരണം ഫലസ്തീൻകാരോടുള്ള ചരിത്രപരമായ നീതിനിഷേധമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.

ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ മറ്റു യുദ്ധമുഖങ്ങൾ കൂടി തുറക്കേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സമയമായാൽ ഹമാസിനൊപ്പം ചേർന്ന് പൊരുതാൻ തയാറാണെന്ന് ലബനാനിലെ ഹിസ്ബുല്ലയും പ്രഖ്യാപിച്ചു. ഫലസ്തീനികളെ ഈജിപ്തിലേക്ക് നീക്കാനാണ് ഇസ്രയേൽ ഇതിലൂടെ ശ്രമിക്കുന്നതെന്ന് നിരീക്ഷകർ ആരോപിക്കുന്നു. ഗസ്സയിൽ കര വഴി അധിനിവേശം നടത്താൻ അതിർത്തിയിൽ സജ്ജരായിരിക്കുകയാണ് ഇസ്രയേൽ സേന.