ടെൽ അവീവ്: ഗസ്സയിൽ വെടിനിർത്തൽ അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണ്. വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ ഇസ്രയേൽ ഹമാസിന് കീഴടങ്ങാനും തീവ്രവാദത്തിന് കീഴടങ്ങാനുമുള്ള ആഹ്വാനങ്ങളാണ്, അത് സംഭവിക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇത് യുദ്ധത്തിനുള്ള സമയാണ്, ആ യുദ്ധം ജയിക്കുന്നതുവരെ ഇസ്രയേൽ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎൻ നിരന്തരമായി വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വെടിനിർത്തലിന് ആഹ്വാനം ഉണ്ട്. എന്നാൽ ഇതൊന്നും ഇസ്രേയേൽ സ്വീകരിക്കില്ലെന്ന നിലപാടാണ് ബെഞ്ചമിൻ നെതന്യാഹുവിനുള്ളത്.

അതേസമയം ഒക്ടോബർ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഹമാസിന്റെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികൾ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇസ്രയേൽ ജയിലിലുള്ള ഫലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേൽ.

ഇതിനിടെ ഗസ്സയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകളിൽ എത്തുന്ന സഹായങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് അഭയാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി വക്താവ് ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന രണ്ട് ദശലക്ഷത്തിലധികം ആളുകളുടെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റാഫ വഴി അനുവദിക്കുന്ന ഒരുപിടി വാഹനവ്യൂഹങ്ങൾ ഒന്നുമല്ലെന്നും ഫിലിപ്പ് ലസാരിനി യുഎൻ സുരക്ഷാ കൗൺസിലിനോട് പറഞ്ഞു.

യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളവും ഭക്ഷണവും മെഡിക്കൽ ഉപകരണങ്ങളുമുൾപ്പെടെ 33 ട്രക്കുകളാണ് ഞായറാഴ്ച റഫ വഴി ഗസ്സയിലേക്ക് പ്രവേശിച്ചത്. യുദ്ധത്തിനുമുമ്പ് മറ്റ് 500 ട്രക്കുകളാണ് ദിവസവും ഗസ്സയിൽ പ്രവേശിച്ചിരുന്നത്. യുഎൻ ജനറൽ അസംബ്ലി കഴിഞ്ഞയാഴ്ച വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ധാരണയിലെത്താൻ സുരക്ഷാ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നിട്ടും തങ്ങൾ പരാജജയപ്പെടുകയാണെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേര പറഞ്ഞു.

മൂന്നാഴ്ചയക്കുള്ളിൽ 64 യുഎൻ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും സഹപ്രവർത്തകർ മരിക്കുന്നത് ആദ്യമാണെന്നും ലസാരിനി യുഎൻ അടിയന്തരസമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പ് വ്യക്തമാക്കി. ഇസ്രയേലിന്റെ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തിൽ 1400 ഇസ്രയേലികൾ കൊല്ലപ്പെട്ടു.

അതേസമയം ഗസ്സയിലെ സ്ഥിതി കൂടുതൽ വഷളാവുകയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. ഗസ്സയിൽ ദിവസവും 420 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നു. ജീവൻ നഷ്ടമാകുന്നവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി നെതന്യാഹു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും നേരിടും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടിൽ നിന്ന് ഇസ്രയേൽ ഒരിഞ്ച് പോലും പിന്നോട്ടില്ല. നീണ്ടതും പ്രയാസമേറിയതുമായ സൈനിക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നാണ് നെതന്യാഹു ടെൽ അവീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞത്.

ബന്ദികളെ മോചിപ്പിക്കാൻ എല്ലാ ശ്രമവും തുടരുമെന്ന് പറയുമ്പോഴും ഇപ്പോഴത്തെ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന ആശങ്ക അവരുടെ ഉറ്റവർക്കുണ്ട്. അതേസമയം ആക്രമണം കടുപ്പിച്ചാൽ ഹമാസ് ബന്ദികളുടെ മോചനത്തിന് നിർബന്ധിതരാകുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ വിശദീകരണം.