ടെൽ അവീവ്: ഹമാസ് തീവ്രവാദികൾ സ്വയം ചൊറിഞ്ഞു പണി വാങ്ങിയതാണ് ഇപ്പോൾ ഗസ്സയിൽ കാണുന്ന ദുരിതങ്ങളെല്ലാം. തിരിച്ചടിയിൽ ഗസ്സാ നഗരം മുഴുവൻ വാസയോഗ്യം അല്ലാതായി. ഗസ്സയിലെ ജനങ്ങൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. ഗസ്സയിൽ ഇനി ഹാമാസിനെ കാലു കുത്താൻ അനുവദിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. ഇവിടെ സിറ്റി പുനർനിർമ്മിച്ച ശേഷം മറ്റൊരു ഭരണകൂടത്തെ സൃഷ്ടിക്കുക എന്നതാണ് ഇസ്രയേൽ നിലപാട്. ഹമാസ് നേതാക്കളെ തീർത്തേ അടങ്ങൂവെന്നും ഇസ്രയേൽ നിലപാട് ആവർത്തിക്കുന്നു.

ഗസ്സയിൽ ഇതിനോടകം കൊല്ലപ്പെട്ടവരുട എണ്ണം 24,000 കവിഞ്ഞിട്ടുണ്ട്. എന്നിട്ടും യുദ്ധം നിർത്തില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ. അന്താരാഷ്ട്ര കോടതി ഉൾപ്പെടെ ആരുപറഞ്ഞാലും യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിവരയിട്ടു പറഞ്ഞു. ലക്ഷ്യം നേടുംവരെ ഗസ്സ യുദ്ധം തുടരുമെന്നും അന്താരാഷ്ട്ര എതിർപ്പുകൾ കാര്യമാക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രയേൽ അതിക്രമത്തിനെതിരെ പ്രതികരിക്കുന്ന ഇറാനെയും ഹൂതികളെയും ഉന്നമിട്ട് നെതന്യാഹുവിന്റെ പ്രതികരണം. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കക്കെതിരെയും നേരത്തേ ഇസ്രയേൽ രംഗത്തുവന്നിരുന്നു. വെസ്റ്റ് ബാങ്കിലും തീ പടർത്താനാണ് ഹമാസ് നീക്കമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

ഗസ്സ യുദ്ധത്തിന്റെ നൂറാം ദിവസമായ ഇന്നലെ 125 പേരാണ് മരണപ്പെട്ടത്. ഗസ്സയിൽ തകർക്കപ്പെട്ട വീടുകളുടെ മാത്രം എണ്ണം 3.59 ലക്ഷം കവിഞ്ഞു. ഇന്നലെയും വ്യാപക ആക്രമണങ്ങളാണ് നടന്നത്. വെസ്റ്റ് ബാങ്കിലും മൂന്ന് പേരെ ഇസ്രയേൽ സുരക്ഷാ സേന കൊലപ്പെടുത്തി. ഫലസ്തീൻ ജനതക്കെതിരായ കടന്നുകയറ്റം അവസാനിപ്പിക്കാതെ ചർച്ചക്ക് പ്രസക്തിയില്ലെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പ്രതികരിച്ചു.

തെൽഅവീവ്, അഷ്‌ദോദ് നഗരങ്ങൾക്കു നേരെ അൽഖസ്സാം ബ്രിഗേഡ് നിരവധി റോക്കറ്റുകൾ അയച്ചു. ഗസ്സയിൽ ഇസ്രയേൽ സൈനികസാന്നിധ്യമുള്ളിടത്തു നിന്നാണ് അൽഖസ്സാം ബ്രിഗേഡ് റോക്കറ്റുകൾ തൊടുത്തുവിട്ടത്. ലബനാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിൽ 5 സൈനികർക്ക് പരിക്കേറ്റതായും ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതിനുള്ള പ്രത്യാക്രമണമെന്നോണം ഹിസ്ബുല്ല കേന്ദ്രങ്ങളിൽ വ്യാപക ബോംബാക്രമണം നടന്നു.

അതിനിടെ ഗസ്സയിൽ വെടിനിർത്തലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും ആവശ്യപ്പെട്ട് ചൈനയും രംഗത്തുവന്നു. ഗസ്സ അധിനിവേശത്തിന്റെ നൂറാം ദിവസത്തിൽ കൈറോയിൽ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിൽ സിവിലിയൻ കൂട്ടക്കൊല നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ അടിയന്തരമായി വെടിനിർത്തണമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ആ ആവശ്യം ഇസ്രയേൽ തള്ളുകയാണ് ഉണ്ടായത്.

കരയുദ്ധം ആരംഭിച്ചതുമുതൽ 1,106 സൈനികർക്ക് പരിക്കേറ്റതായി ഇസ്രയേൽ സേന അറിയിച്ചു. 240 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗസ്സ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി മേധാവി ഫിലിപ്പെ ലസാരിനി മുന്നറിയിപ്പ് നൽകി. അതേസമയം, ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം ഇനിയും തടസ്സപ്പെടുത്തുകയാണെങ്കിൽ ഹൂതികളെ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൺ പറഞ്ഞു.