- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിച്ചു ഐഡിഎഫ്; ആശുപത്രിയിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തതോടെ ഹമാസ് പ്രതിരോധത്തിൽ; ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസ്സാക്കി; വിട്ടു നിന്ന് റഷ്യയും അമേരിക്കയും ബ്രിട്ടനും
ന്യൂയോർക്ക്: ഗസ്സയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ഇസ്രയേൽ സേന പിടിച്ചെടുത്തതോടെ ഹമാസ് കടുത്ത പ്രതിരോധത്തിലാണ്. ആശുപത്രിയിൽ നിന്നും ആയുധങ്ങൾ അടക്കം പിടിച്ചെടുത്തതോടെ ഹമാസിന്റെ വാദങ്ങളും പൊളിഞ്ഞു. ആശുപത്രികളെയും മറയാക്കിയാണ് ഹമാസ് യുദ്ധം ചെയ്യുന്നതെന്നാണ് ഇസ്രയേൽ വാദം. ഇതിനിടെ ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസ്സാക്കി.
മേഖലയിൽ കുടുങ്ങിപ്പോയ ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി, മനുഷിക പരിഗണന കണക്കിലെടുത്ത് അടിയന്തര വെടിനിർത്തൽ വേണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി ഗസ്സയിൽ ഉടനീളം തടസ്സങ്ങളില്ലാതെ മാനുഷിക ഇടനാഴി വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും ഉടൻ നിരുപാധികം മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
മാൾട്ട തയ്യാറാക്കിയ പ്രമേയത്തെ 15 അംഗ രക്ഷാ കൗൺസിലിൽ 12 പേർ അനുകൂലിച്ച് വോട്ടു ചെയ്തു. പ്രമേയത്തെ ആരും എതിർത്തില്ല. എന്നാൽ റഷ്യ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഗസ്സയിൽ യുഎൻ മനുഷ്യാവകാശ ഏജൻസികൾക്കും, ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ തുടങ്ങിയ അത്യാവശ്യവസ്തുക്കളും സേവനങ്ങളും ലഭ്യമാക്കാൻ തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഇടനാഴി ഒരുക്കാൻ പ്രമേയം ആവശ്യപ്പെടുന്നു.
കഴിഞ്ഞദിവസം ഗസ്സയിലെ അൽശിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറിയ ഇസ്രയേൽ സേന ആശുപത്രിയിൽ പരിശോധന തുടരുകയാണ്. ആശുപത്രിക്കടിയിലെ ഭൂഗർഭ തുരങ്കത്തിൽ ഹമാസ് സൈനിക കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ ആരോപണം. ഹമാസും ഗസ്സ ആരോഗ്യമന്ത്രാലയവും പല തവണ ആരോപണം നിഷേധിച്ചിട്ടും ഇസ്രയേൽ സേന ഓപ്പറേഷൻ തുടരുകയും ആശുപത്രി പിടിച്ചെടുക്കുകയും ചെയ്തു.
ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഹമാസിനെ നേരിടേണ്ടിവന്നു. ഈ എറ്റുമുട്ടലിൽ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്. എന്നാൽ ആശുപത്രിക്കുള്ളിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്നും ഐഡിഎഫ് പറയുന്നു. രോഗികളുമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ഹോസ്പിറ്റലിൽ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണമടക്കം എത്തിച്ചു. തങ്ങൾ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും, ആവശ്യമായ ഓക്‌സിജനും, വെള്ളവും അടക്കമുള്ള എല്ലാ സംവിധാനവും തങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് ഐഡിഎഫ് പറയുന്നത്.
18 മണിക്കൂറിലധികം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ഹമാസിന്റെ ആയുധങ്ങൾ, സൈനിക ഉപകരണങ്ങൾ, രഹസ്യാന്വേഷണ സാങ്കേതികവിദ്യ എന്നിവയുടെ ദൃശ്യങ്ങൾ ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി ബുധനാഴ്ച രാത്രി പ്രദർശിപ്പിച്ചു. പക്ഷേ ഏതാനും ദിവസങ്ങൾക്ക് മുമ്പ് റാന്റിസി ഹോസ്പിറ്റലിൽ നിന്ന് കണ്ടെത്തിയ വിശാലമായ സ്‌ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടില്ല.
ഒക്ടോബർ 7ന്റെ ആക്രമണത്തിൽ പങ്കെടുത്ത 200 ഓളം ഹമാസ് ഭീകരർ ശിഫ ഹോസ്പിറ്റലിൽ ഒളിച്ചരിക്കയാണെന്നാണ് പറയുന്നത്. അതുപോലെ ബന്ദികളെ ഇവിടെ സൂക്ഷിച്ചിരുന്നയായും ഐഡിഎഫ് ഇന്റലിജൻസ് സൂചിപ്പിച്ചതായി ഹഗാരി ചൂണ്ടിക്കാട്ടി. ശിഫ ആശുപത്രിയിൽ ഹമാസ് ഉപയോഗിച്ച സൈനിക ഉപകരണങ്ങളുടെ വീഡിയോയും ഐഡിഎഫ് പുറത്തിറക്കി. എംആർഐ മെഷീന്റെ പിന്നിൽ ഒളിപ്പിച്ച സൈനിക ഉപകരണങ്ങൾ ഇതിലുണ്ട്. ആശുപത്രിയിലുടനീളം വീഡിയോ ക്യാമറകൾ ആസൂത്രിതമായി മറച്ചിരിക്കയാണ്. ഉപേക്ഷിക്കപ്പെട്ട ധാരാളം ഹമാസ് യൂണിഫോമുകൾ ഇവിടെനിന്ന് ലഭിച്ചു. പക്ഷേ ബന്ദികളെ സൂക്ഷച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയില്ല.
രോഗികളെ ഉപദ്രവിക്കുക എന്നത് ഹമാസിന്റെ തന്ത്രമാണെന്നും അതിനാണ് ആശുപത്രികൾ താവളമാക്കുന്നുതെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു. ' ഈ ദൗത്യം ഒരുപാട് സമയമെടുക്കും. ഇത് ഒരു സങ്കീർണ്ണമായ പ്രദേശമാണ്, ഇപ്പോഴും ധാരാളം സിവിലിയന്മാർ ചുറ്റും ഉണ്ട്. ''- ഐഡിഎഫ് വക്താവ് പറഞ്ഞു.ഇപ്പോഴും ശിഫ ആശുപത്രിയിൽ പരിശോധന തുടരുകയാണ്. കുട്ടികൾക്കുള്ള ഇൻകുബേറ്ററുകൾ, ഭക്ഷണം എന്നിവയും നിർണായക മെഡിക്കൽ ഉപകരണങ്ങളും എത്തച്ചതായും ഐഡിഎഫ് അറിയിച്ചു.
മറുനാടന് ഡെസ്ക്