ഗസ്സ: ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിങ് സംവിധാനം ഉപയോഗിച്ചെന്ന് റിപ്പോർട്ടുകൾ. ദൃശ്യങ്ങൾ ഇസ്രയേലി വ്യോമസേന ഞായറാഴ്ച പുറത്തുവിട്ടു. ഇതാദ്യമായാണ് അയൺ സ്റ്റിങ് സംവിധാനം ഇസ്രയേൽ യുദ്ധത്തിനായി ഉപയോഗിക്കുന്നത്.

ഗസ്സ മുനമ്പിലെ ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകൾ തകർക്കാനും ഹമാസ് പ്രവർത്തകരെ ഇല്ലാതാക്കാനുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ (ഐഡിഎഫ്) മാഗ്ലൻ യൂണിറ്റ് നൂതന ആയുധം ഉപയോഗിച്ചതെന്ന് വിശദീകരിച്ചു. വ്യോമസേനയുടെ സഹകരണത്തോടെ മഗല്ലൻ യൂണിറ്റ് മോർട്ടാർ ബോംബ് ഉൾപ്പെടെ വിവിധ ആയുധങ്ങൾ ഉപയോഗിച്ച് ഹമാസിനെ ആക്രമിച്ചെന്ന് അവകാശപ്പെട്ടു.

അയൺ സ്റ്റിങ് ഉപയോഗിച്ച് റോക്കറ്റ് ലോഞ്ചറിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ദൃശ്യമാണ് ഇസ്രയേൽ വ്യോമസേന എക്സിൽ പോസ്റ്റ് ചെയ്തത്. ലേസർ, ജിപിഎസ് തുടങ്ങിയ സംവിധാനമുള്ള 120 എംഎം മോർട്ടാർ യുദ്ധോപകരണമാണ് 'അയൺ സ്റ്റിങ്'. 1-12 കിലോമീറ്ററാണ് ദൂരപരിധി. അതേസമയം ശത്രുക്കളല്ലാത്തവർക്ക് പരിക്കേൽക്കാനുള്ള സാധ്യത കുറക്കാനും കഴിയും.

അതേസമയം കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഗസ്സയിൽ ഇസ്രോയേൽ കരയാക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേലും ഹമാസും സ്ഥിരീകരിച്ചു. കരയാക്രമണത്തിന് ഗസ്സയിൽ നുഴഞ്ഞുകയറിയ ഒരു ഇസ്രയേലി സൈനികനെ ഖാൻ യൂനിസിന് കിഴക്ക് ഭാഗത്ത് വെച്ച് കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. ഇക്കാര്യം ഇസ്രയേലും സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ അറിയിച്ചു.

കരസേന ഗസ്സയിൽ നിയന്ത്രിത റെയ്ഡ് നടത്തിയെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്ന ഹമാസിനെ ഇല്ലാതാക്കുന്നതിനാണ് ഇതെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. 222 ബന്ദികളെ കണ്ടെത്താൻ എന്ന പേരിലാണ് കരയാക്രമണം. ആക്രമണത്തിനിടെ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹഗാരി വ്യക്തമാക്കി.

അതേസമയം, തെക്കൻ ഗസ്സയിൽ നുഴഞ്ഞുകയറുന്ന ഇസ്രയേലി കവചിത സേനയെ തങ്ങളുടെ പോരാളികൾ നേരിട്ടതായി ഹമാസ് അറിയിച്ചു. ഖാൻ യൂനിസിന്റെ കിഴക്ക് ഭാഗത്താണ് നുഴഞ്ഞുകയറ്റം നടന്നത്. ഇസ്രയേലി സൈനികനെ വധിക്കുകയും സൈനിക ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ഹമാസ് വ്യക്തമാക്കി.

അതിനിടെ, ഒക്ടോബർ 7 മുതൽ ഇസ്രയേൽ ഗസ്സയിൽ നടത്തുന്ന വ്യോമാക്രമണത്തിൽ ഇതുവരെ 5,087 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 2,055 പേർ കുട്ടികളാണ്. 1,119 സ്ത്രീകളും കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 182 കുട്ടികൾ ഉൾപ്പെടെ 436 ഫലസ്തീനികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

രണ്ടാഴ്ചത്തെ ഇസ്രയേൽ ബോംബാക്രമണത്തിൽ കുറഞ്ഞത് 4,600 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ അധികൃതർ അറിയിച്ചു. അതേസമയം, രാസ ബോംബുകൾ ഉപയോഗിച്ച് ഇസ്രയേലിനെതിരെ ഭീകരാക്രണത്തിന് ഹമാസ് പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ആരോപിച്ചു. സയനൈഡ് വിതറി കൂട്ടക്കൊല നടത്താനുള്ള നിർദേശങ്ങൾ അടങ്ങിയ യുഎസ്ബി ഡ്രൈവുകൾ കൊല്ലപ്പെട്ട ഹമാസ് പ്രവർത്തകരുടെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലിന്റെ ആരോപണം.

യുകെയിലെ സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഹെർസോഗ് ഇക്കാര്യങ്ങൾ പറഞ്ഞത്. രാസബോംബ് സംബന്ധിച്ച അൽ ഖ്വയ്ദയുടെ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള രാസായുധ പ്രയോഗമാണ് ഹമാസ് പദ്ധതിയിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്, അൽ ഖ്വയ്ദ, ഹമാസ് എന്നിവരെയാണ് തങ്ങൾ നേരിടുന്നതെന്നും ഹെർസോഗ് വിശദീകരിച്ചു.