- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ കണ്ണുകളും റാഫയിൽ' കാമ്പയിൻ ശക്തമാകുമ്പോഴും കൂസലില്ലാതെ ഇസ്രയേൽ
റാഫ: യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ സമ്മർദ്ദം ശക്തമാകുമ്പോഴും ഗസ്സയിൽ വിട്ടുവിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിൽ ഇസ്രയേൽ. ഹമാസിനെ വേരോടെ പിഴുതെറിയാതെ യുദ്ധത്തിന് അറുതിയില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഗസ്സയിൽ ഹമാസിനെതിരേ നടത്തുന്ന യുദ്ധം ഇക്കൊല്ലം അവസാനംവരെ നീളുമെന്ന് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്‌ബി വ്യക്തമാക്കി. റഫിയൽ നടത്തുന്ന ആക്രമണത്തിനെതിരെ ആഗോള സമ്മർമ്മദം ശക്തമാകുമ്പോഴാണ് ഇസ്രയേൽ നിലപാട് വ്യക്തമാക്കുന്നത്.
സായുധസംഘടനകളായ ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും സൈനിക-രാഷ്ട്രീയ സംവിധാനങ്ങളെ പൂർണമായി ഇല്ലാതാക്കാൻ ഇനിയൊരു ഏഴുമാസം കൂടിവേണ്ടിവരുമെന്ന് സാച്ചി ഹനേഗ്‌ബി പറഞ്ഞു. അതിനിടെ, രൂക്ഷയുദ്ധം നടക്കുന്ന റാഫയിൽ ചൊവ്വാഴ്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് ഇസ്രയേലി സൈനികർ മരിച്ചു. എന്നാൽ, ഇത് ആരൊരുക്കിയ കെണിയാണെന്ന് വ്യക്തമല്ല. മൂന്നുപേർക്ക് പരിക്കേറ്റു. കെട്ടിടത്തിൽ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ഒരുക്കിയ കെണിയിൽ കുടുങ്ങിയാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. ഇവർ സഞ്ചരിച്ച സൈനിക വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഇസ്രയേൽ സൈനികർ തൊട്ടുചേർന്ന കെട്ടിടത്തിൽ അഭയം തേടുകയായിരുന്നു.
ഇവിടെ നേരത്തേ സ്ഥാപിച്ച ബോംബുകൾ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നാണ് സൈനികരുടെ മരണം. ഒരു സൈനികനെ കാണാതായിട്ടുമുണ്ട്. ഇസ്രയേൽ സൈനിക നിരയിൽ കൂടുതൽ ആൾനാശമുണ്ടെന്ന് ഖസ്സാം ബ്രിഗേഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബറിൽ സൈനിക നീക്കം ആരംഭിച്ചശേഷം ഇതുവരെ ചുരുങ്ങിയത് 290 സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. റഫ ആക്രമണം തുടങ്ങിയശേഷം 10 സൈനികർ കൊല്ലപ്പെടുകയും 135 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എട്ടാം മാസത്തിലേക്കടുക്കുന്ന യുദ്ധത്തിൽ ഗസ്സയിൽ ഇതുവരെ 290 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു.
അതേസമയം റാഫയിലെ രൂക്ഷയുദ്ധം പ്രവർത്തനം നിർത്താൻ തങ്ങളെ നിർബന്ധിതരാക്കിയെന്ന് സന്നദ്ധസംഘടനയായ വേൾഡ് സെൻട്രൽ കിച്ചൺ അറിയിച്ചു. അഭയാർഥിക്യാമ്പുകളിൽ ഭക്ഷണം പാകം ചെയ്‌തെത്തിക്കുന്ന സംഘടനയാണിത്. ഗസ്സയിലേക്ക് സമുദ്രമാർഗം സഹായമെത്തിക്കാൻ യു.എസ്. നിർമ്മിച്ച താത്കാലിക കടൽപ്പാലത്തിന് വൻ തിരയടിയേറ്റ് കേടുപറ്റി. ഗസ്സയിലെ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തിൽ, ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ ബ്രസീൽ തിരിച്ചുവിളിച്ചു.
തമ്പുകൾ തീയിടാൻ ഇസ്രയേൽ ഉപയോഗിച്ചത് അമേരിക്ക നൽകിയ ബോംബുകൾ
റഫയിൽ അഭയാർഥികളെ കൂട്ടക്കുരുതി നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ ഉപയോഗിച്ചത് അമേരിക്ക നൽകിയ ബോംബുകളെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.അമേരിക്കൻ നിർമ്മിത ജി.ബി.യു-39 ബോംബുകളുടെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആളപായം കുറക്കുമെന്ന വിശദീകരണവുമായാണ് ഇസ്രയേലിന് ഈ ബോംബുകൾ കൈമാറിയതെങ്കിലും റഫയിലെ കുവൈത്തി അൽസലാം കാമ്പ് ഒന്നിൽ നിരപരാധികളായ 45 പേരാണ് കുരുതിക്കിരയായത്. 240ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ, ലോകത്തെ നടുക്കി തമ്പുകളിൽ ബോംബ് വർഷിച്ച് അഭയാർഥികളെ കൂട്ടക്കൊല നടത്തിയ ഇസ്രയേൽ ക്രൂരതയെ ന്യായീകരിച്ച് യു.എസ് രംഗത്തുവന്നു. ലക്ഷ്മണരേഖ കടക്കുന്നതൊന്നും റഫയിൽ ഇസ്രയേൽ ചെയ്തിട്ടില്ലെന്നും അതിനാൽ യു.എസ് നയത്തിൽ മാറ്റംവരുത്തേണ്ടതില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. സ്ഥിതി കൂടുതൽ സങ്കീർണമാക്കി റഫ നഗരമധ്യത്തിൽ ഇസ്രയേൽ ടാങ്കുകൾ കടന്നുകയറിയതിനു പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഇസ്രയേലിനെ ന്യായീകരിച്ച് കിർബി എത്തിയത്.
ഗസ്സയിലെ ജനസാന്ദ്ര മേഖലകളിൽ ഇസ്രയേൽ കരസേന എത്തിയാൽ ആയുധങ്ങൾ വെട്ടിക്കുറക്കുമെന്ന് നേരത്തേ യു.എസ് പ്രസിഡന്റ് ബൈഡൻ പറഞ്ഞിരുന്നു. ആയുധം നൽകുന്നത് ഇനിയും തുടരുമെന്ന് സൂചന നൽകിയാണ് വൈറ്റ് ഹൗസ് വിശദീകരണം. റഫയിൽ കഴിഞ്ഞ ദിവസം നടന്ന സമാനതകളില്ലാത്ത ക്രൂരതയിൽ കുരുന്നുകളും സ്ത്രീകളുമടക്കം 45 പേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെ കൂടുതൽ സൈനികരെയും വഹിച്ച് ടാങ്കുകളും റഫയിൽ നിരന്നിട്ടുണ്ട്.
എല്ലാ കണ്ണുകളും റാഫയിൽ കാമ്പയിൻ ശക്തം
അതിനിടെ ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ ആരംഭിച്ച 'ഓൾ ഐസ് ഓൺ റാഫ' (എല്ലാ കണ്ണുകളും റാഫയിൽ) എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ അതിശക്തമാണ്. ഹോളിവുഡ് സെലിബ്രിറ്റികൾ അടക്കമുള്ളവർ ഐക്യദാർഢ്യത്തിൽ പങ്കെടുത്തു രംഗത്തുവന്നു. പ്രശസ്ത സിനിമാതാരങ്ങളടക്കം ഈ പ്രചാരണം സ്റ്റോറിയാക്കി ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
'എല്ലാ കണ്ണുകളും റഫയിലേക്ക് 'ഇൻസ്റ്റ ക്യാമ്പെയിൻ ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ്. റഫയിലെ മനുഷ്യരുടെ ദീനത വെളിവാക്കുന്ന ചിത്രങ്ങൾ എക്സിലും പലരും പങ്കുവച്ചു. പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്. കരീന കപൂർ, മാധുരി ദീക്ഷിത്, വരുൺ ധവാൻ, സോനം കപൂർ, സാമന്ത റൂത് പ്രഭു. ദുൽഖർ സൽമാൻ, കൊങ്കോണ സെൻ ശർമ, സ്വര ഭാസ്‌കർ, റിച്ച ഛദ്ദ, ജവാൻ സംവിധായകൻ ആറ്റ്ലി, ദിയ മിർസ, ത്രിപ്തി ദിംറി, രാകുൽ പ്രീത് സിങ്. ഭൂമി പട്നേക്കർ, ഇലിയേന ഡിക്രൂസ്, നോറ ഫത്തേഹി എന്നിവരെല്ലാം ഇൻസ്റ്റയിൽ പിന്തുണ അറിയിച്ചു.
' എല്ലാ കുട്ടികളും സ്നേഹം അർഹിക്കുന്നു. എല്ലാ കുട്ടികളും സുരക്ഷ അർഹിക്കുന്നു. എല്ലാ കുട്ടികളും സമാധാനം അർഹിക്കുന്നു. എല്ലാ കുട്ടികളും ജീവിതം അർഹിക്കുന്നു. ഇതെല്ലാം തങ്ങളുടെ കുട്ടികൾക്ക് നൽകാൻ എല്ലാ അമ്മമാർക്കും അർഹതയുണ്ട്', എല്ലാം കണ്ണുകളും റഫയിലേക്ക് ഹാഷ്ടാഗ് പങ്കുവച്ചുകൊണ്ട് ആലിയ ഭട്ട് ഇൻസറ്റ് സ്റ്റോറിയിൽ കുറിച്ചു. ഇസ്രയേൽ മിസൈൽ ആക്രമണത്തെ അപലപിക്കുന്ന യുനിസെഫിന്റെ പോസ്റ്റാണ് കരീന പങ്കുവച്ചത്. ദിയ മിർസ ഹൃദയം തകർന്ന ഇമോജിയോടെയാണ് ചിത്രം പങ്കുവച്ചത്. കുഞ്ഞുങ്ങളുടെ ശിരസ്സ് ഛേദിക്കുന്ന നിങ്ങളുടെ രാജ്യം ഈ ഭൂമുഖത്ത് ആവശ്യമില്ല".- എന്നാണ് നടൻ നകുൽ മേത്ത കുറിച്ചത്.
'അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്ന് 48 മണിക്കൂറിനുള്ളിൽ ഇസ്രയേൽ റഫയിൽ 60 തവണ ബോംബിട്ടു. റഫയിലെ യു എൻ എച്ച് സി ആർ സ്‌കൂളിന് പിന്നിൽ കുട്ടികൾ അഭയം തേടിയ ക്യാമ്പ് അവർ ബോംബിട്ട് തകർത്തു. കത്തിക്കരിഞ്ഞ, ശിരഛേദം ചെയ്യപ്പെട്ട അനേകം കുട്ടികളെയും പൊള്ളലേറ്റ മാതാപിതാക്കളെയും മുതിർന്നവരെയും തീജ്വാലകൾക്കിടയിൽ കണ്ടെത്തി. ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ഐ.സി.ജെ. വിധിയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്."-എന്നാണ് രാധിക ആപ്തെ കുറിച്ചത്.
മലയാളി താരങ്ങളായ നിമിഷ സജയൻ, കീർത്തി സുരേഷ്, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, നൈല ഉഷ, ഭാവന, പാർവതി, നിഖില വിമൽ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, സുപ്രിയ മേനോൻ, റിമ കല്ലുങ്കൽ, അന്ന ബെൻ, നിരഞ്ജന, തൻവി റാം, മണികണ്ഠൻ ആചാരി, മീര നന്ദൻ, മൃദുല, അനുമോൾ, രമ്യ നമ്പീശൻ, ഷെയിൻ നിഗം, അനാർക്കലി, ഗൗരി കിഷൻ, അനുപമ, ഷറഫുദ്ധീൻ, അശ്വതി ശ്രീകാന്ത്, റോഷ്ന റോയ്, മഖ്ബൂൽ സൽമാൻ, നീരജ് മാധവ്, ആഷിഖ് അബു എന്നിവരും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
ഓൾ ഐസ് ഓൺ റഫ എന്ന എഐ നിർമ്മിത ചിത്രമാണ് ലക്ഷക്കണക്കിന് പേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഹാഷ്ടാഗ് പ്രചാരണം തുടരുന്നത്. ഇൻസ്റ്റഗ്രാം ചരിത്രത്തിലെ തന്നെ ഏറ്റവും ഷെയർ ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നായി മാറി ഇത്. ഹോളിവുഡ് താരങ്ങളും ചിത്രം പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, റഫയിൽ ഹമാസിനെ ലക്ഷ്യമാക്കി തൊടുത്തുവിട്ട എട്ട് മിസൈലുകൾ ലക്ഷ്യം തെറ്റി അഭയാർഥി ക്യാമ്പിൽ പതിച്ചതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ' റഫയിൽ 10 ലക്ഷത്തോളം സാധാരണക്കാരെ ഞങ്ങൾ ഒഴിപ്പിച്ചിരുന്നു. സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാനാണ് ഞങ്ങൾ ഏറ്റവും അധികം ശ്രമിക്കുന്നതെങ്കിലും, ദൗർഭാഗ്യവശാൽ എന്തോ അബദ്ധത്തിൽ സംഭവിച്ചു', ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയ്യാഹു പറഞ്ഞു.