- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ അറിഞ്ഞിടത്തോളം അതിനു പിന്നിൽ അവരാണ്'; ഗസ്സ ആശുപത്രി ആക്രമണത്തിൽ ഇസ്രയേലിനു ക്ലീൻ ചിറ്റ് നൽകി ജോ ബൈഡൻ; ഹമാസിനെ നേരിടുന്നതിൽ ഇസ്രയേലിന് പൂർണ പിന്തുണ; പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂവെന്ന് നെതന്യാഹുവിന് യുഎസ് പ്രസിഡന്റിന്റെ ഉപദേശവും
ടെൽ അവീവ്: ഗസ്സയിലെ ആശുപത്രിയിൽ നൂറുകണക്കിനു പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിൽ ഇസ്രയേലിനു ക്ലീൻ ചിറ്റ് നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡൻ നിലപാട് അറിയിച്ചത്. അറിഞ്ഞിടത്തോളം ഇത് അവരുടെ ഭാഗത്തു നിന്നുള്ള ആക്രമണമാണെന്നാണ് നെതന്യാഹു പ്രതികരിച്ചത്.
''ഞാൻ മനസ്സിലാക്കിയതു വച്ച് അതിനു പിന്നിൽ നിങ്ങളല്ല, അത് അവരുടെ പണിയാണ്'' - ബൈഡൻ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ എങ്ങനെയാണ് സ്ഫോടമുണ്ടായതെന്ന് അറിയാത്ത ഒരുപാട് ആളുകൾ പുറത്തുണ്ടെന്ന് ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞു.
ആശുപത്രി ആക്രമണം ഞെട്ടിച്ചുവെന്നും ഏറെ രോഷംകൊള്ളിച്ചുവെന്നുമായിരുന്നു ബൈഡൻ പ്രതികരിച്ചത്. ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്നും നെതന്യാഹുവിനെ ഉപദേശിച്ചു. സംഭാഷണത്തിനിടെ, ഹമാസിനെ ഐ.എസ് ഭീകരരോടാണ് നെതന്യാഹു ഉപമിച്ചത്. ബൈഡനാണ് യഥാർഥ സുഹൃത്ത് എന്നും യുദ്ധഘട്ടത്തിൽ ഇസ്രയേൽ സന്ദർശിക്കാൻ കാണിച്ച മനസ് അദ്ദേഹത്തിന്റെ അഗാധ സ്‌നേഹമാണ് കാണിക്കുന്നതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ആശുപത്രിയിലെ ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ സൈന്യമല്ലെന്നായിരുന്നു നെതന്യാഹു വാദിച്ചത്. ഗസ്സയിലെ തീവ്രവാദികൾ തന്നെയാണ് അതിന് പിന്നിലെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവർ ഇപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയാണെന്നുമായിരുന്നു നെതന്യാഹു എക്‌സിൽ കുറിച്ചത്. യുദ്ധമുഖത്ത് ഇസ്രയേലിന് എല്ലാ പിന്തുണയും ബൈഡൻ ആവർത്തിച്ചു. അതിനിടെ തകർന്ന അൽ അഹ്‌ലി ആശുപത്രി കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരുടെ ശരീരഭാഗങ്ങൾ പരതിക്കൊണ്ടിരിക്കുകയാണ് ഉറ്റവരെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിലെ ആക്രമത്തിൽ ഇസ്രയേലും ഹമാസും പരസ്പരം പഴിചാരുന്നതിനിടെയാണ്, ഇക്കാര്യത്തിൽ യുഎസ് ഇസ്രയേലിനെ പിന്തുണച്ചു രംഗത്തുവന്നത്. ടെൽ അവീവ് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ബെഞ്ചമിൻ നെതന്യാഹു ബൈഡനെ സ്വീകരിച്ചത്. ഇസ്രയേലിനോടുള്ള യുഎസിന്റെ ഐക്യദാർഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന്റെ സന്ദർശനം.
ഇസ്രയേലിലെത്തിയ ബൈഡൻ മറ്റു നേതാക്കളുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗസ്സയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി അറിയിച്ചു. 'പ്രാദേശിക നേതാക്കന്മാരുമായും ചർച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പ്രശ്നം കൂടുതൽ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല.
ഇസ്രയേൽ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോർദാൻരാജാവ് എന്നിവരുമായി ഇതിനകം ചർച്ച നടത്തി. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരന്മാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണ്.' കിർബി പറഞ്ഞു.
അതേസമയം, ഗസ്സയിലെ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്റെ പങ്ക് ആരോപിച്ചു ഉടക്കി നിൽക്കുകയാണ് അറബ് രാജ്യങ്ങൾ. ആക്രമണത്തിൽ പ്രതിഷേധിച്ച് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ജോർദാൻ രാജാവ് അബ്ദുല്ലയും ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.
ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നടക്കാനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. ഇസ്രയേൽ നടത്തിയത് പൊറുക്കാനാവാത്ത ക്രൂരകൃത്യമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. അമേരിക്ക ഇടപെട്ട് നടത്തുന്ന സമാധാന ശ്രമങ്ങളിലെല്ലാം
നിരപരാധികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാനും, മരുന്നും സഹായങ്ങളുമെത്തിക്കാനുള്ള പാത തുറക്കാനുമായിരുന്നു സൗദിയും ഖത്തറും യുഎഇയും ഉൾപ്പടെ പ്രധാന രാജ്യങ്ങൾ ആവശ്യപ്പെട്ടത്. ഇതിനായി സൗദി വെടിനിർത്തലുമാവശ്യപ്പെട്ടിരുന്നു. സൗദിയും ഖത്തറും യുഎഇയും ഉൾപ്പടെ പ്രധാന രാജ്യങ്ങൾ ആവശ്യപ്പെട്ടത്.
നിരപരാധികൾ കൊല്ലപ്പെട്ട ആക്രമണത്തിൽ സൗദിയുടേത് ശക്തമായ പ്രതികരണം. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നും, പക്ഷപാതിത്വമവസാനിപ്പിക്കണമെന്നുമുള്ള ശക്തമായ പ്രസ്താവനയാണ് സൗദിയുടേത്. ആക്രമണം നിഷ്ഠൂരമായ കൂട്ടക്കൊലയെന്ന് ഖത്തർ വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. നിരപരാധികളെയും സ്‌കൂളുകളും ആശുപ്രത്രികളും ആക്രമിക്കുന്ന ഇസ്രയേൽ നടപടി പ്രകോപനം കൂട്ടുന്നതാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎഇ ഉൾപ്പടെ പ്രധാന രാജ്യങ്ങളെല്ലാം ആക്രമണത്തെ അപലപിച്ചു.
സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഫലസ്തീന് 10 കോടി ഡോളർ അടിയന്തര സഹായം നൽകാൻ ജിസിസി രാജ്യങ്ങളുടെ മന്ത്രിതല കൗൺസിൽ തീരുമാനിച്ചു. സൈനിക നടപടി നിർത്തി വെയ്ക്കണമെന്ന ആവശ്യം ശക്തമാണ്. ഇസ്രയേൽ - ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഗസ്സയിലെ സാഹചര്യം നിയന്ത്രണാതീതമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ തലവൻ ടെഡ്രോസ് അധാനോം ഗബ്രിയേസും രംഗത്തുവന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും കാരണക്കാരെ കണ്ടെത്തണമെന്നും ലോകനേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
''എല്ലാ ഭാഗത്ത് നിന്നുമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്. വൈദ്യസഹായം വൈകുന്ന ഓരോ നിമിഷവും നമുക്ക് ജീവനുകൾ നഷ്ടമാകുകയാണ്. നാല് ദിവസങ്ങളോളമായി ലോകാരോഗ്യസംഘടനയുണ്ട് സാധനങ്ങൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു. ജീവൻ രക്ഷിക്കാൻ സഹായകരമായ വസ്തുക്കളുടെ വിതരണത്തിന് ഉടനടി മാർഗമുണ്ടാകണം,'' ടെഡ്രോസ് അധാനോം വ്യക്തമാക്കി.