വാഷിങ്ടൺ: അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്. ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ യു.എസിലെ കാമ്പസുകളിൽ നടക്കുന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പ്രതികരിച്ച് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. ഇതാദ്യമായാണ് പ്രതിഷേധങ്ങൾ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് പ്രതികരണം നടത്തുന്നത്. അമേരിക്കൻ പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അക്രമം അഴിച്ചുവിടാൻ അധികാരമില്ലെന്ന് ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ സംസാരിക്കുമ്പോഴാണ് ബൈഡന്റെ പ്രതികരണം.

സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന് ആവശ്യമാണ്. എന്നാൽ, അക്രമം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബൈഡൻ പറഞ്ഞു. സ്വത്തുക്കൾ നശിപ്പിക്കുന്നത് സമാധാനപരമായ ഒരു പ്രതിഷേധമല്ല. അത് നിയമത്തിന് എതിരാണ്. വസ്തുക്കൾ നശിപ്പിക്കൾ, അതിക്രമിച്ച് കയറൽ, ക്ലാസുകൾ തടസ്സപ്പെടുത്തൽ ഇതൊന്നും സമാധാനപരമായ പ്രതിഷേധമല്ലെന്നും ബൈഡൻ പറഞ്ഞു.

വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല യു.എസ്. പക്ഷേ നിയമവ്യവസ്ഥ പാലിക്കപ്പെടണം. വിയോജിപ്പുകൾ ജനാധിപത്യത്തിൽ വേണം. എന്നാൽ, അത് മൂലം മറ്റ് വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടരുതെന്നും ബൈഡൻ പറഞ്ഞു. പ്രതിഷേധങ്ങൾ യു.എസിന്റെ മിഡിൽ ഈസ്റ്റ് നയത്തെ സ്വാധീനിക്കില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. അതേസമയം ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രയേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി.

ഇന്നലെ അമേരിക്കൻ സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകൾ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോർക്കിലെ ഫോർഡം യൂണിവേഴ്‌സിറ്റിയിൽ കാമ്പസിൽ സമരക്കാർ തമ്പടിച്ചിരിക്കുകയാണ്. പല സർവകലാശാലകളിലും സംഘർഷാവസ്ഥ തുടരുകയാണ്. യുസിഎൽഎ, വിസ്‌കോൺസിൻ എന്നീ സർവകലാശാലകളിൽ പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. സംഘർഷത്തിൽ 15 പേർക്ക് പരിക്കേറ്റു.

യുദ്ധത്തിന് എല്ലാവിധ രഹസ്യ പരസ്യ പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനപ്പെട്ട ആവശ്യം. ഇസ്രയേലുമായി വ്യാപാര ബന്ധമുള്ള കമ്പനികളുമായി ഇടപാടുകൾ അവസാനിപ്പിക്കണമെന്നും ഇസ്രയേലിൽ നിന്ന് യൂണിവേഴ്‌സിറ്റികൾ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങൾ സുതാര്യമാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. പ്രസ്തുത നയനിലപാടുകളിൽ നിന്ന് പിന്മാറുന്നത് വരെ സമര മുഖത്ത് സജീവമാവുമെന്നാണ് വിദ്യാർത്ഥികൾ അറിയിക്കുന്നത്. പകുതിവഴിയിൽ പിന്മാറാൻ തങ്ങൾ ഒരുക്കമല്ല എന്നാണ് വിദ്യാർത്ഥികളുടെ പക്ഷം.

അതേസമയം, വിദ്യാർത്ഥികളുടെ പ്രതിഷേധം അടിച്ചമർത്താൻ കടുത്ത നടപടികളുമായി പൊലീസും രംഗത്തുണ്ട്. ഇതിനിടെ, ജൂതമത വിശ്വാസികൾക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 91നെതിരെ 320 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ആന്റിസെമിറ്റിസം ബോധവത്കരണ ബിൽ പാസാക്കിയത്.