ടെൽ അവീവ്: ഗസ്സയിലെ ആശുപത്രിയിൽ മിസൈൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതോട ഹമാസ്-ഇസ്രയേൽ യുദ്ധം ഒരു വഴിത്തിരിവിൽ നിൽക്കുകയാണ്. ഇതിനിടെ ഇസ്രയേലിൽ എത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് ബൈഡൻ ഇസ്രയേലിൽ എത്തിയത്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവ് വിമാനത്താവളത്തിൽ എത്തിയ ബൈഡനെ സ്വീകരിക്കാൻ നെതന്യാഹു നേരട്ടെത്തി. ഇരുവരും തമ്മിൽ നിർണായകമായ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ട്.

ഗസയിലെ ആശുപത്രിയിൽ വ്യോമാക്രമണം നടത്തി കുട്ടികളും രോഗികളുമുൾപ്പെടെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയ ഇസ്രയേൽ നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡന്റെ ഇസ്രയേൽ സന്ദർശനം. അതേസമയം, ഗസ്സയിലെ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്റെ പങ്ക് ആരോപിച്ചു ഉടക്കി നിൽക്കുകയാണ് അറബ് രാജ്യങ്ങൾ. ആക്രമണത്തിൽ പ്രതിഷേധിച്ച് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ജോർദാൻ രാജാവ് അബ്ദുല്ലയും ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.

ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നടക്കാനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. ഇസ്രയേൽ നടത്തിയത് പൊറുക്കാനാവാത്ത ക്രൂരകൃത്യമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. അമേരിക്ക ഇടപെട്ട് നടത്തുന്ന സമാധാന ശ്രമങ്ങളിലെല്ലാം
നിരപരാധികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാനും, മരുന്നും സഹായങ്ങളുമെത്തിക്കാനുള്ള പാത തുറക്കാനുമായിരുന്നു സൗദിയും ഖത്തറും യുഎഇയും ഉൾപ്പടെ പ്രധാന രാജ്യങ്ങൾ ആവശ്യപ്പെട്ടത്. ഇതിനായി സൗദി വെടിനിർത്തലുമാവശ്യപ്പെട്ടിരുന്നു. സൗദിയും ഖത്തറും യുഎഇയും ഉൾപ്പടെ പ്രധാന രാജ്യങ്ങൾ ആവശ്യപ്പെട്ടത്.

നിരപരാധികൾ കൊല്ലപ്പെട്ട ആക്രമണത്തിൽ സൗദിയുടേത് ശക്തമായ പ്രതികരണം. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നും, പക്ഷപാതിത്വമവസാനിപ്പിക്കണമെന്നുമുള്ള ശക്തമായ പ്രസ്താവനയാണ് സൗദിയുടേത്. ആക്രമണം നിഷ്ഠൂരമായ കൂട്ടക്കൊലയെന്ന് ഖത്തർ വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. നിരപരാധികളെയും സ്‌കൂളുകളും ആശുപ്രത്രികളും ആക്രമിക്കുന്ന ഇസ്രയേൽ നടപടി പ്രകോപനം കൂട്ടുന്നതാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎഇ ഉൾപ്പടെ പ്രധാന രാജ്യങ്ങളെല്ലാം ആക്രമണത്തെ അപലപിച്ചു.

സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഫലസ്തീന് 10 കോടി ഡോളർ അടിയന്തര സഹായം നൽകാൻ ജിസിസി രാജ്യങ്ങളുടെ മന്ത്രിതല കൗൺസിൽ തീരുമാനിച്ചു. സൈനിക നടപടി നിർത്തി വെയ്ക്കണമെന്ന ആവശ്യം ശക്തമാണ്. ഇസ്രയേൽ - ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഗസ്സയിലെ സാഹചര്യം നിയന്ത്രണാതീതമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ തലവൻ ടെഡ്രോസ് അധാനോം ഗബ്രിയേസും രംഗത്തുവന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും കാരണക്കാരെ കണ്ടെത്തണമെന്നും ലോകനേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

''എല്ലാ ഭാഗത്ത് നിന്നുമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്. വൈദ്യസഹായം വൈകുന്ന ഓരോ നിമിഷവും നമുക്ക് ജീവനുകൾ നഷ്ടമാകുകയാണ്. നാല് ദിവസങ്ങളോളമായി ലോകാരോഗ്യസംഘടനയുണ്ട് സാധനങ്ങൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു. ജീവൻ രക്ഷിക്കാൻ സഹായകരമായ വസ്തുക്കളുടെ വിതരണത്തിന് ഉടനടി മാർഗമുണ്ടാകണം,'' ടെഡ്രോസ് അധാനോം വ്യക്തമാക്കി.

ഗസ്സയിലെ ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തിയ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വസ്തുതകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും ഉത്തരവാദികളെ കണ്ടത്തണമെന്നും പറഞ്ഞു. ആരോഗ്യപ്രവർത്തകരും സാധാരണക്കാരുമുള്ള ഒരു ആശുപത്രി ആക്രമിച്ചതിൽ ഒരു ന്യായീകരണവും പറയാനാകില്ലെന്നും സമൂഹ മാധ്യമമായ എക്‌സിൽ ഉർസുല കുറിച്ചു.

കൂട്ടിയിട്ട മൃതദേഹങ്ങൾക്ക് നടുവിൽ ഡോക്ടർമാരുടെ വാർത്താസമ്മേളനം

അതേസമയം ആശുപത്രിയിൽ പതിച്ച മിസൈലിന്റെ ഉത്തരവാദിയാര് എന്ന കാര്യത്തിൽ തർക്കം നടക്കുമ്പോഴും ഇസ്രയേലാണ് പ്രതിരോധത്തിലായിരിക്കുനനത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ഗസ്സയിലെ ഡോക്ടർമാർ വാർത്താസമ്മേളനം നടത്തിയതും ശ്രദ്ധേയമായി. ഇസ്രയേൽ സൈന്യം ഇന്നലെ ബോംബുകൾ വർഷിച്ച ഗസ്സ അൽ അഹ്‌ലി ആശുപത്രിയിലാണ് കൂട്ടിയിട്ട മൃതദേഹങ്ങൾക്ക് നടുവിൽ വാർത്തസമ്മേളനം നടത്തി ആക്രമണത്തിന്റെ ഭീകരത പുറംലോകത്തെ അറിയിച്ചത്. ആശുപത്രിയിൽ കൊല്ലപ്പെട്ടത് കുട്ടികൾ ഉൾപ്പെടെ 500ലേറെ പേരാണ്.

വെള്ളത്തുണിയിൽ പൊതിഞ്ഞ, മുറിവുകളിൽ നിന്ന് ചോരയുണങ്ങാത്ത മൃതദേഹങ്ങൾക്ക് നടുവിൽ നിന്ന് ഡോക്ടർമാർ പറഞ്ഞത്, ഇത് യുദ്ധമല്ല കൂട്ടക്കൊലയാണെന്നായിരുന്നു. ആരോഗ്യപ്രവർത്തകരിലൊരാൾ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ചോരപുരണ്ട മൃതദേഹം കൈയിലേന്തിയിരുന്നു. 'ആശുപത്രിയിൽ ശസ്ത്രക്രിയയിലായിരുന്നു ഞാൻ. വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് മുറിക്ക് പുറത്തേക്ക് വന്നത്. ഓപറേഷൻ മുറിയുടെ സീലിങ് പാടെ തകർന്നുവീണു. ഇത് കൂട്ടക്കൊലയാണ്' -ഡോ. ഗസ്സൻ അബു സിത പറഞ്ഞു. സന്നദ്ധ സംഘടനയായ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേർസ്' അംഗമാണ് ഇദ്ദേഹം.

പുറത്തേക്ക് ഓടിവന്ന ഞാൻ കണ്ടത് കുഞ്ഞുങ്ങളുടെ മൃതദേഹം ചിതറിക്കിടക്കുന്നതാണ്. കൈകാലുകൾ നഷ്ടമായ കുഞ്ഞുങ്ങൾ വേറെ. മൃതശരീരങ്ങളും ചിതറിയ ശരീരഭാഗങ്ങളാലും നിറഞ്ഞിരുന്നു പരിസരമാകെ -ഡോക്ടർ പറഞ്ഞു. ഫലസ്തീൻ ആരോഗ്യമന്ത്രാലയെ വക്താക്കളും ഡോക്ടർമാർക്കൊപ്പമുണ്ടായിരുന്നു. 'ജീവിതത്തിൽ ഇതുപോലൊരു കാഴ്ച കാണേണ്ടിവന്നിട്ടില്ല. സിനിമയിലോ സങ്കൽപത്തിലോ മറ്റെവിടെയെങ്കിലുമോ ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ല' -ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.

ആക്രമണത്തിൽ പരിക്കേറ്റ നിരവധി പേർ ചികിത്സ തേടിയെത്തിയ സ്ഥലമാണ് അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി. ഇസ്രയേൽ അധിനിവേശ സൈന്യം വീടുകൾ തകർത്തതിനെതുടർന്ന് നിരാലംബരായ അനേകം മനുഷ്യരും ഇതിന്റെ മുറ്റത്ത് അഭയം തേടിയിരുന്നു. ആതുരാലയമായതിനാൽ അക്രമങ്ങളിൽനിന്ന് സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു അവർ എത്തിയത്. എന്നാൽ, എല്ലാ പ്രതീക്ഷകളെയും മനുഷ്യത്വത്തെയും കത്തിച്ചാമ്പലാക്കി ഇസ്രയേൽ പോർവിമാനങ്ങൾ ആകാശത്ത് നിന്ന് തീതുപ്പി.