ടെൽ അവീവ്: ഗസ്സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ അന്ത്യശാസനം മുന്നിൽ കണ്ട് ഒഴിഞ്ഞു പോകവേയാണ് വ്യോമാക്രമണം ഉണ്ടായത്. ഇവർക്ക് മേൽ ബോംബുകൾ പതിച്ചാണ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൂട്ടത്തോടെയുള്ള പലായനമാണ് നടക്കുന്നത്.

ഇതടക്കം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. 24 മണിക്കൂറിനകം ഗസ്സ വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങൾ വടക്കൻ ഗസ്സയിൽനിന്ന് വീട് വിട്ട് പലായനം ചെയ്തു. ഇസ്രയേൽ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു പോകുന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി.

അതിനിടെ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിട്ടുണ്ട്. റോയിട്ടേഴ്‌സിന്റെ വിഡിയോഗ്രാഫറായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. തെക്കൻ ലബനനിൽ റോയിട്ടേഴ്‌സിനായി ലൈവ് വിഡിയോ സിഗ്നൽ നൽകുന്ന സംഘത്തിലെ അംഗമായിരുന്നു അബ്ദല്ല. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി റോയിട്ടേഴ്‌സ് പ്രസ്താവനയിറക്കി.

യുദ്ധമുഖത്തുനിന്നും നേരിട്ടായിരുന്നു അബ്ദല്ലയും സംഘവും വിഡിയോ നൽകിയിരുന്നത്. സംഭവത്തിൽ ആറുപേർക്ക് പരുക്കേറ്റു. റോയിട്ടേഴ്‌സിന്റെ തായിർ അൽസുഡാനി, മഹെർ നസേ, അൽജസീറയുടെ എലീ ബ്രാഖ്യ, ജൗഖാദർ എന്നിവർക്കും എഎഫ്‌പിയുടെ രണ്ട് മാധ്യമപ്രവർത്തകർക്കുമാണ് പരുക്കേറ്റത്.

സംഭവത്തിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധപ്രഖ്യാപത്തിനു ശേഷം പശ്ചിമേഷ്യയിൽ പത്തോളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം. അതേസമയം ഗസ്സയിൽ ബന്ദികളായവരെ രക്ഷപ്പെടുത്താൻ ഇസ്രയേൽ കരസേന റെയ്ഡ് നടത്തിവരികയാണ്. ഹമാസ് സംഘാംഗങ്ങൾക്കായും തിരച്ചിൽ ഊർജിതമാണ്.

അതേസമയം ഗസ്സയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു. ഉചിതമായ സമയത്ത് യുദ്ധത്തിൽ പങ്കുചേരുമെന്ന് ലെബനോനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി. അതിനിടെ ഇസ്രയേലിൽ നിന്ന് ഇന്ത്യാക്കാരുമായുള്ള ഓപ്പറേഷൻ അജയ് രണ്ടാം വിമാനം അൽപസമയത്തിനകം

ഗസ്സ അതിർത്തിയിൽ സൈനിക നടപടി ഉണ്ടായെന്ന് ഇസ്രയേൽ അറിയിച്ചു. ആയുധങ്ങൾ കണ്ടെത്താനും ബന്ദികളെക്കുറിച്ച് വിവരം കിട്ടാനും ആയിരുന്നു സൈനിക നടപടി. സംഘർഷം കുറയ്ക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ഫലസ്തീൻ യുഎന്നിനോട് ആവശ്യപ്പെട്ടു. മേഖലയിൽ രക്തചൊരിച്ചിൽ ഒഴിവാക്കാൻ ചർച്ച നടത്തുകയാണെന്ന് ഖത്തറും ഗസ്സയ്ക്കുള്ളിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ഇസ്രയേലുമായി ചർച്ച നടത്തുന്നുവെന്ന് അമേരിക്കയും വ്യക്തമാക്കി. അതിനിടെ ലെബനോനിൽനിന്ന് വീണ്ടും ഇസ്രയേലിന് നേരെ വെടിവയ്‌പ്പുണ്ടായി. ഇതിന് തിരിച്ചടി നൽകിയെന്ന് ഇസ്രയേൽ അറിയിക്കുന്നു.