- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ മേയറുടെ പേരിൽ യുകെ കൺസർവേറ്റീവ് പാർട്ടിയിൽ കലാപം
ലണ്ടൻ: ലണ്ടൻ മേയർ സാദിഖ് ഖാന് ഇസ്ലാമിസ്റ്റുകളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയതിനു പിന്നാലെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ലീ ആൻഡേഴ്സൻ, കടുത്ത വലതുപക്ഷ നിലപാടുകളുള്ള റിഫോം യു കെയിലെക്ക് പോവുകയാണെന്ന റിപ്പോർട്ടുകൾ വരുന്നു. കൺസർവേറ്റീവ് പാർട്ടിയിൽ തിരികെ കയറുന്നതിനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എന്ന് പാർട്ടിക്കുള്ളിലെ ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് എക്സ്പ്രസ്സ് യു കെ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പാർട്ടിയിലേക്ക് തിരികെ പ്രവേശിക്കുന്നത് ഏതാണ്ട് യാഥാർത്ഥ്യമായ സമയത്താണ് താൻ റീഫോം യു കെയിൽ ചേരാൻ തീരുമാനിച്ചത് എന്നാണ് മുൻ ടോറി ഡെപ്യുട്ടി ചെയർമാൻ കൂടിയായ ആൻഡേഴ്സ്വൻ പറയുന്നത്. ധൃതിപിടിച്ച് സംഘടിപ്പിച്ച ഒരു പത്ര സമ്മേളനത്തിൽ റീഫോം യു കെ നേതാവ് റിച്ചാർഡ് ടൈസിനൊപ്പം പങ്കെടുത്തുകൊണ്ട് ആൻഡേഴ്സൻ പറഞ്ഞത് താൻ പ്രഥമ പരിഗണന നൽകുന്നത് ബ്രിട്ടന്റെ ഉയർച്ചയ്ക്കും ആണെന്നായിരുന്നു.
ഒരു തിരിച്ചു വരവിനെ കുറിച്ച് ആൻഡേഴ്സൻ സൂചിപ്പിച്ചിരുന്നു എന്നും, എങ്ങനെയാണ് അദ്ദേഹത്തിന്റെ മനസ്സ് മാറിയതെന്ന് അറിയില്ല എന്നുമായിരുന്നു ഒരു മുതിർന്ന ടോറി നേതാവ് പ്രതികരിച്ചത്. തീർത്തും നിരാശാജനകമായ ഒരു തീരുമാനം എന്നും അദ്ദേഹം ആൻഡേഴ്സന്റെ തീരുമാനത്തെ വിശേഷിപ്പിച്ചു. ക്ഷമാപണം നടത്തി തിരിച്ചുവരാൻ അദ്ദേഹം ഒരുങ്ങിയതായിരുന്നു എന്ന് മറ്റ് ചില നേതാക്കളും സൂചിപ്പിക്കുന്നു. മറ്റ് എം പി മാരും ജനങ്ങളും ആൻഡേഴ്സന്റെ ഈ വഞ്ചന സഹിക്കില്ല എന്നും ആ നേതാവ് പറഞ്ഞു.
എന്നാൽ, ലണ്ടൻ മേയർ സാദിഖ് ഖാനെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും സസ്പെന്ദ് ചെയ്തത്, പാർട്ടിക്കുള്ളിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്നതിന്റെ തെളിവാണെന്ന് ആൻഡെഴ്സൻ പറയുന്നു. പാർട്ടിയിലേക്ക് തിരിച്ചു വരുന്നത് സംബന്ധിച്ച് ആൻഡേഴ്സൻ ഇന്നലെ ടോറി ചീഫ് വിപ്പ് സൈമൺ ഹാർട്ടുമായി ചർച്ചകൾ നടത്തിയിരുന്നു. രണ്ടാം വട്ട ചർച്ചകൾ ഉടൻ നടക്കാനിരുന്നതുമാണ്. ആൻഡേഴ്സൻ ചെയ്തത് വലിയൊരു തെറ്റായിപ്പോയി എന്നായിരുന്നു ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞത്.
പാർട്ടി മാറിയതോടെ റീഫോം യു കെയുടെ ആദ്യ എം പിയായി മാറിയിരിക്കുകയാണ് ലീ ആൻഡേഴ്സൻ. 4000 ൽ അധികം ആളുകൾ പാർട്ടി മാറാൻ ആവശ്യപ്പെട്ടുകൊണ്ട് തനിക്ക് സന്ദേശങ്ങൾ അയച്ചുവെന്നും അതാണ് തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു.ലീ ആൻഡേഴ്സന്റെ റീഫോം യു കെയിലേക്കുള്ള വരവ് നൽകുന്നത് ഒരു വലിയ മുന്നറിയിപ്പാണെന്നായിരുന്നു റീഫോം യു കെ ഹോണററി പ്രസിഡണ്ട് നീൽ ഫരാഗെയുടെ പ്രതികരണം. ടോറി നേതൃത്വവും ഭരണകൂടവും അത് ഇതുവരെ മനസ്സിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സഹപ്രവർത്തകരെ വിട്ടു പോകുന്നതിൽ ഏറെ ദുഃഖമുണ്ടെന്ന് പറഞ്ഞ ആൻഡേഴ്സൻ മറ്റ് ടോറി എം പിമാരോടും തന്നോടൊപ്പം റീഫോം പാർട്ടിയിലേക്ക് വരാൻ ആഹ്വാനം ചെയ്തു. തന്റെ പ്രവൃത്തിയുടെ സത്യസന്ധത, അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആൻഡെഴ്സന്റെ കൂറുമാറ്റം ഒരു മുന്നരിയിപ്പായിട്ട് തന്നെ കരുതണം എന്നാണ് മറ്റു പല മുതിർന്ന പാർട്ടി നേതാക്കളും പറയുന്നത്. അതിൽ ചിലർ ഒളിയമ്പുകൾ പ്രധാനമന്ത്രി ഋഷി സുനകിനെതിരെ തിരിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.