- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർച്ച് 15ന് മുൻപ് സൈന്യത്തെ പിൻവലിക്കണം:

ഇന്ത്യ,
ന്യൂഡൽഹി: മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. മാലദ്വീപിൽ നിലകൊള്ള ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ടാണ് മാലദ്വീപ് പ്രകോപനം സൃഷ്ടിക്കുന്നത്. മാർച്ച് 15ന് മുൻപ് സൈന്യത്തെ പിൻവലിക്കണമെന്നാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനാ സന്ദർശനത്തിന് ശേഷം പ്രസിഡന്റ് മുഹമ്മദ് മുയിസു തിരികെ എത്തിയതിന് ശേഷമാണ് ഈ ആവശ്യം ഉന്ത്യയോട് ഉന്നയിച്ചത് എന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം വിവാദമായിരിക്കെയാണ് സൈന്യത്തെ പിൻവലിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. മുയിസു അധികാരത്തിലെത്തിയതു മുതൽ മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സമയപരിധി നിർദേശിച്ചിരുന്നില്ല. കടൽ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്.
തങ്ങളുടെ രാജ്യത്തെ ഭീഷണിപ്പെടുത്താൻ മറ്റുള്ളവർക്ക് അനുവാദം കൊടുത്തിട്ടില്ലെന്ന പ്രസ്താവനയുമായി മുയിസു കഴിഞ്ഞ ദിവസം വീണ്ടും രംഗത്തുവന്നിരുന്നു. ചൈനയിൽ നിന്ന് മടങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരാമർശം ഇന്ത്യയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലെ വെലാന വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം. പക്ഷെ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ലെന്ന് മുയിസു പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറിയ ദ്വീപുകളാണെങ്കിലും 900000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സാമ്പത്തിക മേഖലയാണത്. സമുദ്രത്തിന്റെ വലിയയൊരു ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ഇന്ത്യൻ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു പറഞ്ഞു. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാത്ത ചൈനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഇതിനിടെ, ചൈന സന്ദർശിച്ച മുയിസു 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടു ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുടെ സാന്നിധ്യത്തിലാണ് സർക്കാർ പ്രതിനിധികൾ നിർണായക കരാറുകളിൽ ഒപ്പുവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. നയതന്ത്ര പ്രശ്‌നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സഞ്ചാരികളെ അയയ്ക്കണമെന്ന് മുയിസു ചൈനയോട് അഭ്യർത്ഥിച്ചിരുന്നു.
അതേസമയം, കഴിഞ്ഞയാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപിലെ മൂന്നുമന്ത്രിമാർ അപകീർത്തികരമായ പ്രസ്താവന നടത്തിയത് വലിയ വിവാദമായിരുന്നു. മന്ത്രിമാരെ സസ്പെന്റുചെയ്തെങ്കിലും ഇന്ത്യ-മാലദ്വീപ് ബന്ധത്തിൽ വലിയവിള്ളലാണ് ഇതുണ്ടാക്കിയത്. മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരയാത്രകൾ റദ്ദാക്കപ്പെട്ടു. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ പല പ്രമുഖരും മാലദ്വീപ് മന്ത്രിമാരുടെ മോശം പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.

