ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അപകീർത്തിയ പ്രസ്താവനകളുടെ പേരിൽ മാലദ്വീപ് മന്ത്രിമാരെ സസ്‌പെന്റ് ചെയ്തത് അടുത്തിടെയാണ്. എന്നാൽ, ഈ സസ്‌പെൻഷൻ കൊണ്ട് മാത്രം പ്രശ്‌നങ്ങൾ തീരില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്നത്. ഇന്ത്യയുമായി ശത്രുതാപരമായ ഒരു ബന്ധം പുലർത്താനാണ് അവർ ആഗ്രഹിക്കുന്നത് എന്നതിന്റെ തെളിവാണ് അടുത്തിടെ നടക്കുന്ന സംഭവ വികാസങ്ങളെന്നും ഇന്ത്യയിലെ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ ഈ സസ്‌പെൻഷൻ കൊണ്ടു മാത്രം കാര്യങ്ങൾ ശരിയാകില്ലെന്നാണ് ഇന്ത്യയിലെ സർക്കാർ വൃത്തങ്ങൾ പറയുന്നത്. "ഇപ്പോഴത്തെ ഈ വിവാദം മാത്രമല്ല പ്രശ്‌നം, ഇന്ത്യാ വിരുദ്ധ നീക്കങ്ങളോടെയാണ് മുയിസു തന്റെ വിദേശനയത്തിന് തുടക്കം കുറിച്ചതു തന്നെ. ആദ്യം തുർക്കിയിലും പിന്നീട് ചൈനയിലും അദ്ദേഹം സന്ദർശനം നടത്തി. ഇന്ത്യ സന്ദർശിക്കാനുള്ള പദ്ധതികളൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. അത് കാലങ്ങളായി തുടർന്നു വന്നിരുന്ന ഒരു രീതിയാണ്. ഇന്ത്യയുമായി ശത്രുതാപരമായ ഒരു ബന്ധം പുലർത്താനാണ് അവർ ആഗ്രഹിക്കുന്നത് എന്നും മുസ്ലിം രാജ്യങ്ങളെയും ചൈനയെയും പ്രീതിപ്പെടുത്താൻ അവർ പരമാവധി ശ്രമിക്കുമെന്നും ഇതിൽ നിന്ന് വ്യക്തമാണ്", ചില സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോർട്ടു ചെയ്യുന്നു.

മുഹമ്മദ് മുയിസുവിന്റെ മുൻഗാമികളായിരുന്ന മുൻ മാലിദ്വീപ് പ്രസിഡന്റുമാർ ഇന്ത്യ സന്ദർശിച്ചിരുന്നു. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ ദ്വീപ് രാഷ്ട്രത്തിൽ ചൈനയും തങ്ങളുടെ സ്വാധീനം വിപുലീകരിക്കുകയും അവിടുത്തെ അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്.

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് മുയിസു ചൈനയിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം ചർച്ച നടത്തുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ചൈന അനുകൂലിയായി കണക്കാക്കപ്പെടുന്ന മുയിസുവിനെ ഭാര്യ സാജിദ മുഹമ്മദും ഉന്നതതല പ്രതിനിധി സംഘവും അനുഗമിച്ചിരുന്നു. ഈ സംഭവവികാസങ്ങളെല്ലാം ഇന്ത്യ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും അവ വിശകലനം നടത്തുകയും ചെയ്യുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുകൾ തുടരുന്നതിനിടെ ചൈനയുമായി 20 സുപ്രധാന കരാറുകളിലാണ് മാലദ്വീപ് ഒപ്പുവെച്ചത്. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടു ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുടെ സാന്നിധ്യത്തിലാണ് സർക്കാർ പ്രതിനിധികൾ നിർണായക കരാറുകളിൽ ഒപ്പുവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാരാറുകളെ സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ചൈനയിലെത്തിയ മുഹമ്മദ് മുയിസു മാലദ്വീപിലേക്കു കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് അഭ്യർത്ഥിച്ചിരുന്നു. നയതന്ത്ര പ്രശ്‌നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഭ്യർത്ഥന. മാലദ്വീപിലേക്കുള്ള വിദേശ സഞ്ചാരികളിൽ ഒന്നാമത് ഇന്ത്യക്കാരാണ്. ചൈനീസ് പ്രീമിയർ ലി ക്വിയാങ് ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചശേഷം വെള്ളിയാഴ്ചയാണ് മുയിസു മാലെയിലേക്ക് മടങ്ങുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മൂന്നു മന്ത്രിമാരുടെ അപകീർത്തികരമായ പ്രസ്താവനയാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്. പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ച ശേഷമാണു മാലദ്വീപ് സർക്കാർ മൂന്നു പേർക്കെതിരെയും നടപടിയെടുത്തത്. മാലദ്വീപിലെ പുതിയ സർക്കാർ ഇന്ത്യയുമായി അകന്ന്, ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെയാണു പുതിയ വിവാദം. ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കെന്ന മാലദ്വീപ് പ്രസിഡന്റുമാരുടെ കീഴ്‌വഴക്കം മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുർക്കിയും പിന്നീട് യുഎഇയും സന്ദർശിച്ച അദ്ദേഹം ഇതിനു ശേഷം ചൈനയിലേക്കു പോയി.