മാലി: ചൈനയിൽ നിന്ന് മാലദ്വീപിലിക്ക് മടങ്ങവേ ഇന്ത്യക്കെതിരെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പരോക്ഷ പരാമർശം. തന്റെ രാജ്യം ചെറുതായിരിക്കാം, പക്ഷേ തങ്ങളെ ഭീഷണിപ്പെടുത്താൻ ആർക്കും ലൈസൻസ് നൽകിയിട്ടില്ല എന്നാണ് മുയിസു കടുത്ത സ്വരത്തിൽ പറഞ്ഞത്. ഒരു രാജ്യത്തിന്റെയും പേരെടുത്തുപറയാതെയാണ് ചൈനാ അനുകൂലിയായ നേതാവിന്റെ പരാമർശം. ബീജിങ്ങിലെ വെലാന വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സമുദ്രത്തിൽ ഞങ്ങൾക്ക് ചെറുദ്വീപുകൾ ആണുള്ളതെങ്കിലും, 900000 ചതുരശ്ര കിലോമീറ്ററിന്റെ വിപുലമായ സാമ്പത്തിക മേഖലയും ഉണ്ട്. സമുദ്രത്തിന്റെ വലയൊരു ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ഇന്ത്യൻ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു ഇന്ത്യയെ ലാക്കാക്കി പറഞ്ഞു. ഞങ്ങൾ ആരുടെയെങ്കിലും പിന്നാമ്പുറത്തല്ല, ഞങ്ങൾ സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണ്.

ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാത്ത ചൈനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മുൻ മാലദ്വീപ് ഭരണകൂടത്തിന്റെ ഇന്ത്യാ അനുകൂല നയത്തെയും മുയിസു പരിഹസിച്ചു ഒരു കസേരയിൽ നിന്ന് എഴുന്നേറ്റ് മറ്റൊരു കസേരയിൽ ഇരിക്കാൻ മുൻഭരണകൂടം വിദേശരാജ്യത്തിന്റെ അനുമതി തേടിയെന്നാണ് മുയിസുവിന്റെ പരിഹാസം. അപ്പോഴാണ്, ഞങ്ങൾ ചെറുരാജ്യമായിരിക്കാം, പക്ഷേ അതുഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് അല്ല എന്ന് മാലദ്വീപ് പ്രസിഡന്റ് പറഞ്ഞത്

മുയിസുവിന്റെ സന്ദർശനവേളയിൽ ചൈനയും മാലദ്വീപും തമ്മിൽ ഇരുപതോളം കരാറുകളിലാണ് ഒപ്പുവെച്ചത്. ദ്വീപിന് 130 ഡോളറിന്റെ സാമ്പത്തിക സഹായവും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം തുകയും റോഡുകളുടെ പുനരുദ്ധാരണത്തിനാണ് വിനിയോഗിക്കുക.

നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് എതിരെ മാലദ്വീപിലെ മൂന്നുമന്ത്രിമാർ നടത്തിയ പ്രസ്താവനകൾ വിവാദമായ പശ്ചാലത്തിലാണ് മുയിസുവിന്റെ പരോക്ഷ ഇന്ത്യാ വിരുദ്ധ പരാമർശം.