ന്യൂഡൽഹി: ഗസ്സയിലെ അൽ അഹ്ലി ആശുപത്രിക്ക് നേരയുണ്ടായ ആക്രമണത്തിൽ, ആയിരങ്ങൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ വിളിച്ച് സംസാരിച്ചു. ജീവൻ പൊലിഞ്ഞവർക്ക് അദ്ദേഹം ആദാരാഞ്ജലികൾ നേർന്നു.

''ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ചു. ഗസ്സയിലെ അൽ അഹ്ലി ആശുപത്രിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അറിയിച്ചു. ഫലസ്തീൻ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരും. പ്രദേശത്ത് നിലനിൽക്കുന്ന ഭീകരവാദം, അക്രമം, അരക്ഷിതാവസ്ഥ തുടങ്ങിയവയിൽ ആശങ്കയുണ്ട്. ഇസ്രയേൽ ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘനാളായുള്ള തത്വാധിഷ്ഠിത നിലപാട് ആവർത്തിച്ച് വ്യക്തമാക്കി.'' മോദി കുറിച്ചു.

ഫലസ്തീൻകാരെ പിന്തുണച്ചുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പോസ്റ്റാണിത്. പരമ്പരാഗതമായി ഫലസ്തീനെ പരസ്യമായി പിന്തുണച്ചിരുന്ന ഇന്ത്യ സമീപകാലത്തായി ഇസ്രയേലുമായുള്ള ഉഭയകക്ഷി ബന്ധവും ശക്തമാക്കിയിട്ടുണ്ട്. വിശേഷിച്ചും, 2017 ൽ മോദി ഇസ്രയേൽ സന്ദർശിച്ചതിന് ശേഷം. ആ സമയത്ത് അദ്ദേഹം റമള്ളയിൽ പോയി ഫലസ്തീൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇത് വഴിത്തിരിവായി പലരും അന്ന് വിലയിരുത്തിയിരുന്നു.

ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിനു പിന്നാലെ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യയും പ്രധാനമന്ത്രിയും സ്വീകരിച്ചിരുന്നത്. ഇതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ഫലസ്തീൻ പ്രസിഡന്റുമായി സംസാരിച്ചെന്ന് മോദി വ്യക്തമാക്കിയത്. ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിലും പ്രധാനമന്ത്രി ആശുപത്രി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചിരുന്നു.

 ഇന്ത്യാക്കാരെ ഇപ്പോൾ ഒഴിപ്പിക്കാൻ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഗസ്സയിൽ അവശേഷിക്കുന്ന നാല് ഇന്ത്യാക്കാരെ ഇപ്പോൾ ഒഴിപ്പിക്കാൻ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അവിടുത്തെ സാഹചര്യം നിലവിൽ അനുകൂലമല്ലെന്നും, അവരെ ഒഴിപ്പിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ, ഇന്ത്യയിൽ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്ത്യാക്കാരിൽ ഒരാൾ വെസ്റ്റ് ബാങ്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഏതെങ്കിലും, ഇന്ത്യാക്കാരൻ മരിക്കുകയോ, പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. നേരത്തെ ദക്ഷിണ ഇസ്രയേലിലെ അഷ്‌കലോണിൽ ഇന്ത്യാക്കാരിയായ കെയർ ഗിവർക്ക് പരിക്കേറ്റിരുന്നു. ഒക്ടോബർ 7 ന് ഹമാസ് റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടപ്പോഴാണ് ഭർത്താവിനോട് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്ന യുവതിക്ക് പരിക്കേറ്റത്.

ഗസ്സയിലെ ആശുപത്രിക്ക് നേരേയുള്ള ആക്രമണത്തിന് പിന്നാലെ അവിടുത്തെ സാധാരണ പൗരന്മാരുടെ സുരക്ഷയിൽ ഇന്ത്യയും ആശങ്ക പ്രകടിപ്പിട്ടുണ്ട്. ' നിങ്ങൾ പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടുകാണുമല്ലോ. പ്രധാനമന്ത്രി സാധാരണക്കാരുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും, കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യ എല്ലാ തരത്തിലുള്ള അക്രമത്തെയും അപലപിക്കുന്നു', അരിന്ദം ബാഗ്ചി പറഞ്ഞു.

ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതിൽ ഉറച്ചു നില്ക്കുന്നതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതിൽ ഇസ്രയേലിനൊപ്പം നിൽക്കും. അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ തരം ഭീകരവാദത്തെയും എതിർക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.