- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരവാദം മനുഷ്യരാശിക്ക് എതിര്; ലോകത്തിന് മുഴുവൻ വെല്ലുവിളി; എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണം; ഭീകരവാദ ആക്രമണങ്ങൾ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നത്; ഇത് സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയം: പി20 ഉച്ചകോടിയെ അഭിസംബോധന ചെയ്തു മോദി
ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ ഇന്ത്യൻ നിലപാട് ആവർത്തിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷങ്ങളും ഏറ്റുമുട്ടലുകളും നിറഞ്ഞ ലോകം ആർക്കും പ്രയോജനപ്രദമാകില്ലെന്ന് പ്രധാനമന്ത്രി ചോദിച്ചു. നമ്മുടെ മുന്നിലുള്ള വെല്ലുവിളികൾക്ക് പരിഹാരം നൽകാൻ വിഭജിക്കപ്പെട്ട ലോകത്തിന് സാധിക്കുകയില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ന്യൂഡൽഹിയിൽ നടക്കുന്ന ഒമ്പതാമത് പി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലെ പാർലമെന്ററി സ്പീക്കർമാരാണ് പി-20 ഉച്ചകോടിയിൽ സന്നിഹിതരായിട്ടുള്ളത്.
ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് മുന്നേറേണ്ട സമയാണിത്. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നൽകേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ് ഇന്ത്യയും. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ പാർലമെന്റായിരുന്നു ഭീകരർ ലക്ഷ്യമിട്ടത്. ആ സമയത്ത് പാർലമെന്റിൽ സെഷൻ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
ഭീകരവാദം ലോകത്തിന് മുഴുവൻ വെല്ലുവിളിയാണ്. അത് മനുഷ്യരാശിക്ക് എതിരാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എങ്ങനെ ഒരുമിച്ച് നിന്ന് പ്രവർത്തിക്കാമെന്ന് ലോകത്തിലെ എല്ലാ പാർലമെന്റുകളും അവരുടെ പ്രതിനിധികളും പുനർവിചിന്തനം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകാൻ ഇന്ത്യ തീരുമാനിച്ചു. രാജ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 ലക്ഷത്തോളം പ്രതിനിധികളുണ്ട്. ഇവരിൽ 50 ശതമാനവും സ്ത്രീകളാണ്. എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് ഭാരതം ശ്രമിക്കുന്നതെന്നും പി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നേരത്തെ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിന് ഒപ്പമാണ് രാജ്യം എന്ന നിലപാടെടുത്തിരുന്നു. അതേസമയം, ഫലസ്തീനെക്കുറിച്ചുള്ള ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര ഫലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും എന്നാൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയാണെന്നും വിദേശകാര്യ മന്ത്രാലയം ഇന്നലെ വാർത്തസമ്മേള്ളനത്തിൽ വ്യക്തമാക്കി.
ഇസ്രയേലിൽനിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഓപ്പറേഷൻ അജയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം നടപടികൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ പരിക്കേറ്റ മലയാളി ഷീജയുമായി സമ്പർക്കത്തിലാണെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഓപ്പറേഷൻ അജയ് ദൗത്യത്തിന് തൽക്കാലം വ്യോമസേന വിമാനങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടില്ല. അതേസമയം ഓപ്പറേഷൻ അജയുടെ ഭാഗമായി ഇന്നലെ ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ട് ഇന്ന് രാവിലെ ഇന്ത്യക്കാരുമായി തിരികെ എത്തി.മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. ആദ്യ വിമാനത്തിൽ 7 മലയാളികളുൾപ്പടെ 230 ആളുകൾ ഉണ്ടായിരുന്നു.
മറുനാടന് ഡെസ്ക്