- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാഹോർ കരാർ പാക്കിസ്ഥാൻ ലംഘിച്ചെന്ന് നവാസ് ഷെരീഫ്
ലാഹോർ: ഇന്ത്യയുമായി ഒപ്പുവച്ച ലാഹോർ കരാർ പാക്കിസ്ഥാൻ ലംഘിച്ചെന്ന് തുറന്നുസമ്മതിച്ച് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. 1999ൽ താനും മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും ഒപ്പുവച്ച ലാഹോർ കരാർ ലംഘിച്ചത് ജനറൽ പർവേഷ് മുഷാറഫിന്റെ നേതൃത്വത്തിലുള്ള കാർഗിൽ കടന്നുകയറ്റത്തോടെയാണെന്നാണ് ഷെരീഫ് സൂചിപ്പിച്ചത്.
' 1998 മെയ് 28 ന് പാക്കിസ്ഥാൻ അഞ്ച് ആണവ പരീക്ഷണങ്ങൾ നടത്തി. അതിനുശേഷം വാജ്‌പേയി സാഹേബ് ഇവിടെ എത്തി നമ്മളുമായി കരാറിൽ ഒപ്പിട്ടു. പക്ഷേ നമ്മൾ ആ കരാർ ലംഘിച്ചു. അത് നമ്മുടെ തെറ്റായിരുന്നു,' തന്നെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്ത പിഎംഎൽ-എൻ ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു നവാസ് ഷെരീഫ്. സുപ്രീം കോടതി അയോഗ്യനാക്കി ആറുവർഷത്തിന് ശേഷമാണ് ഷെരീഫിന്റെ മടങ്ങി വരവ്.
1999 ഫെബ്രുവരി 21 നാണ് നവാസ് ഷെരീഫും, വാജ്‌പേയിയും ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങൾക്കും മധ്യേ സമാധാനവും, സ്ഥിരതയും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള കരാർ പാക്കിസ്ഥാൻ തന്നെ അട്ടിമറിക്കുകയായിരുന്നു. ഏതാനും മാസത്തിന് ശേഷമാണ് ജമ്മു-കശ്മീരിലെ കാർഗിൽ ജില്ല വഴി പാക്കിസ്ഥാനി ഭീകരരും, സൈനികരും നുഴഞ്ഞുകയറിയതും, കാർഗിൽ യുദ്ധത്തിൽ കലാശിച്ചതും.
' പാക്കിസ്ഥാൻ ആണവ പരീക്ഷണങ്ങൾ നടത്താതിരിക്കുന്നതിന്, അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ പാക്കിസ്ഥാന് 5 ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്‌തെങ്കിലും ഞാനത് നിരസിച്ചു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് എന്റെ കസേരയിൽ എങ്കിൽ, അദ്ദേഹം ക്ലിന്റന്റെ വാഗ്ദാനം സ്വീകരിക്കുമായിരുന്നു' , നവാസ് ഷെരീഫ് കുറ്റപ്പെടുത്തി.
2017 ൽ തന്നെ വ്യാജ കേസ് ചുമത്തി അന്നത്തെ പാക് ചീഫ് ജസ്റ്റിസ് സാഖ്വിബ് നിസാർ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിനെ കുറിച്ചും 74 കാരനായ ഷരീഫ് സംസാരിച്ചു. തനിക്ക് എതിരായ എല്ലാ കേസുകളും വ്യാജമായിരുന്നു. എന്നാൽ, തെഹ്രികി ഇൻസാഫ് സ്ഥാപകൻ ഇമ്രാൻ ഖാന് എതിരായ കേസുകൾ എല്ലാം സത്യമാണ് താനും, ഷെരീഫ് പറഞ്ഞു.
ഇമ്രാൻ ഖാനെ അധികാരത്തിൽ കൊണ്ടുവരുന്നതിന് വേണ്ടി മുൻ ഐഎസ്‌ഐ മേധാനി ജനറൽ സഹിറുൾ ഇസ്ലാം 2017 ൽ തന്റെ സർക്കാരിനെ അട്ടിമറിച്ചതിൽ വഹിച്ച പങ്കിനെ കുറിച്ചും ഷെരീഫ് സംസാരിച്ചു. തന്നെ ഐഎസ്‌ഐയാണ് അധികാരത്തിൽ കൊണ്ടുവന്നതെന്ന വസ്തുത ഇമ്രാൻ ഖാൻ നിഷേധിക്കുമോയെന്നും നവാസ് ഷെരീഫ് ചോദിച്ചു.
'സൈന്യത്തിന്റെ കൂട്ടുപിടിക്കുമെന്ന് പറഞ്ഞ് ഇമ്രാൻ ഞങ്ങളെ പഴിക്കേണ്ട. ജനറൽ ഇസ്ലം പാക്കിസ്ഥാൻ തെഹ്രികി ഇൻസാഫ് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവരാൻ കൂട്ടുനിന്നതിനെ കുറിച്ച് ഇമ്രാൻ പറയട്ടെ. ഇമ്രാൻ സൈന്യത്തിന്റെ പാദസേവ ചെയ്യുന്നയാളാണെന്നും' ഷെരീഫ് പരിഹസിച്ചു. 2014 ൽ താൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന് മുൻ ഐഎസ്‌ഐ മേധാനി ജനറൽ സഹിറുൾ ഇസ്ലാം സന്ദേശം അയച്ചുവെന്നും വഴങ്ങാതിരുന്നതോടെ, തന്നെ ഭീഷണിപ്പെടുത്തിയെന്നും ഷെരീഫ് തുറന്നടിച്ചു.
മോശം കാലത്ത് തനിക്കൊപ്പം നിന്ന തന്റെ ഇളയ സഹോദരനും പാക് പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷെരീഫിനെ നവാസ് ഷെരീഫ് പ്രശംസിച്ചു. തങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഷെഹബാസ് തന്നോട് വിശ്വസ്തത പുലർത്തിയെന്നും നവാസ് ഷെരീഫ് പറഞ്ഞു പിഎംഎൽ-എന്നിനെ ശക്തിപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.