ലാഹോർ: പാക് രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇപ്പോൽ പുതിയ വെളിപ്പെടുത്തലുകളുമായി അദ്ദേഹം രംഗത്തുവന്നു. കാർഗിൽ കൈയേറ്റ പദ്ധതി എതിർത്തതിനാണ് 1999ൽ പട്ടാള മേധാവി ജനറൽ പർവേശ് മുശറഫ് തന്നെ പുറത്താക്കിയതെന്ന് ശരീഫ് വെളിപ്പെടുത്തി.

തന്റെ നിലപാട് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. താൻ പ്രധാനമന്ത്രിയായിരിക്കെ രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർ പാക്കിസ്ഥാൻ സന്ദർശിച്ചു. തന്റെ ഭരണകാലത്ത് മാത്രമാണ് ഇത് സംഭവിച്ചത്. ഇന്ത്യയുമായും മറ്റു അയൽരാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ''ഇന്ത്യ, അഫ്ഗാനിസ്താൻ, ഇറാൻ എന്നിവയുമായി ബന്ധം മെച്ചപ്പെടുത്തണം. ചൈനയുമായി കൂടുതൽ ശക്തമായ ബന്ധം ആവശ്യമാണ്.

അയൽരാജ്യങ്ങളേക്കാൾ പാക്കിസ്ഥാൻ സാമ്പത്തിക വികസനത്തിൽ പിന്നാക്കമായത് ഖേദകരമാണ്. ഇംറാൻ ഖാന്റെ ഭരണകാലത്താണ് സാമ്പത്തികരംഗം തകർന്നത്. നമുക്ക് ആഡംബര കാറിൽ കറങ്ങാനായി അധികാരം വേണ്ട. പക്ഷേ, ഈ രാജ്യത്തെ നശിപ്പിച്ചവരെയും നമുക്കെതിരെ കള്ളക്കേസ് എടുത്തവരെയും കണക്കുപറയിക്കാൻ നാം അധികാരത്തിൽ എത്തിയേ തീരൂ''. വീണ്ടും പ്രധാനമന്ത്രി സ്ഥാനം ഉറ്റുനോക്കുന്ന മുസ്‌ലിംലീഗ് (നവാസ്) നേതാവ് പറഞ്ഞു.

മൂന്ന് തവണ പ്രധാനമന്ത്രിയായ തന്നെ കാലാവധി പൂർത്തിയാകുന്നതിന് മുൻപാണ് പുറത്താക്കിയത്. അത് എന്തിന് വേണ്ടിയായിരുന്നു എന്ന് വ്യക്തമാക്കണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. '1993ലും 1999ലും എന്നെ പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. അത് സംഭവിക്കാൻ പാടില്ല എന്ന് ചൂണ്ടിക്കാട്ടി കാർഗിൽ പ്ലാൻ എതിർത്തപ്പോൾ ജനറൽ പർവേസ് മുഷറഫ് എന്നെ പുറത്താക്കി. ഞാൻ പറഞ്ഞത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു': വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർ പാക്കിസ്ഥാൻ സന്ദർശിച്ചത് താൻ പ്രധാനമന്ത്രിയായിരുന്ന കാലത്താണെന്നും പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസിന്റെ (പിഎംഎൽ-എൻ) പരമോന്നത നേതാവ് കൂടിയായ നവാസ് ഷെരീഫ് പറഞ്ഞു. 'ഞാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർ പാക്കിസ്ഥാൻ സന്ദർശിച്ചു. മോദി സാഹബും വാജ്പേയി സാഹബും ലാഹോറിൽ വന്നിരുന്നു.': ഇന്ത്യയുമായും മറ്റ് അയൽ രാജ്യങ്ങളുമായും മെച്ചപ്പെട്ട ബന്ധം ഊന്നിപ്പറഞ്ഞുകൊണ്ടാണ് നവാസ് ഷെരീഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം പാക്കിസ്ഥാൻ മെച്ചപ്പെടുത്തേണ്ടതുണ്ട്. ചൈനയുമായും കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. സാമ്പത്തിക വളർച്ചാ വികസനത്തിൽ പാക്കിസ്ഥാൻ അയൽരാജ്യങ്ങളേക്കാൾ പിന്നിലായതിൽ നവാസ് ഷെരീഫ് ഖേദം പ്രകടിപ്പിച്ചു.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും രൂക്ഷ വിമർശനം ഉന്നയിക്കാൻ നവാസ് ഷെരീഫ് മറന്നില്ല. അനുഭവപരിചയമില്ലാത്ത ഒരാൾക്ക് രാജ്യത്തിന്റെ ഭരണം നൽകിയത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാന്റെ സർക്കാരിന്റെ (20182-202) കാലത്ത് രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ വൻ തകർച്ചയാണുണ്ടായത്. തുടർന്ന് 2022 ഏപ്രിലിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാർ അധികാരം ഏറ്റെടുക്കുകയും രാജ്യത്തെ സ്ഥിരതയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. 2017ൽ തന്റെ സർക്കാരിനെ പുറത്താക്കി രാജ്യത്തെ നശിപ്പിച്ചതിന് മുൻ സൈനിക ജനറൽമാരെയും ജഡ്ജിമാരെയും നവാസ് ഷെരീഫ് പഴിച്ചു.

രാജ്യസ്നേഹികൾക്ക് തങ്ങളുടെ രാജ്യത്തോട് ഇത് ചെയ്യാൻ കഴിയില്ലെന്നും ഈ രാജ്യത്തെ ഈ നിലയിലേക്ക് കൊണ്ടുവന്നവർ കണക്കുപറയണമെന്നും അദ്ദേഹം പറഞ്ഞു. 'ആഡംബര കാറുകളിൽ കറങ്ങാൻ ഞങ്ങൾ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ, ഈ രാജ്യത്തെ നശിപ്പിക്കുകയും ഞങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുകയും ചെയ്തവർ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം': നവാസ് ഷെരീഫ് കൂട്ടിച്ചേർത്തു.

യുകെയിലെ നാല് വർഷത്തെ സ്വയം പ്രവാസ ജീവിതത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് മടങ്ങുന്നതിന് ഒരു മാസം മുൻപ് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ, മുൻ ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ ഫൈസ് ഹമീദ്, പാക്കിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസുമാരായ സാഖിബ് നിസാർ, ആസിഫ് സയീദ് ഖോസ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് നവാസ് ഷെരീഫ് സൂചന നൽകിയിരുന്നു. തന്റെ സർക്കാരിനെ പുറത്താക്കുകയും രാജ്യത്ത് സാമ്പത്തിക ദുരന്തം സൃഷ്ടിക്കുകയും ചെയ്ത കുറ്റത്തിന് ഉത്തരവാദിത്തപ്പെട്ടവർക്ക് ശിക്ഷ ലഭിക്കുമെന്നും നവാസ് ഷെരീഫ് പറഞ്ഞിരുന്നു.

അതേസമയം, ജനുവരി അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിൽ നവാസിന്റെ സാന്നിധ്യം അധികാരത്തിൽ തിരിച്ചെത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പിഎംഎൽ. പ്രചാരണത്തിന് നേതൃത്വം നൽകി നവാസ് ഷെരീഫ് മുന്നിൽ തന്നെയുണ്ട്. നവാസ് പ്രചാരണത്തിനു നേതൃത്വം നൽകുമെന്നും ഭൂരിപക്ഷം ലഭിച്ചാൽ പ്രധാനമന്ത്രിയാകുമെന്നും ഷഹബാസ് ഷെരീഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് (73) അഴിമതിക്കേസിൽ 7 വർഷം തടവിനു ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയവേ ചികിത്സക്കായി ലണ്ടനിലേക്ക് പോവുകയായിരുന്നു. കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് അദ്ദേഹം പാക്കിസ്ഥാനിലേക്ക് തിരികെയെത്തിയത്. എങ്കിലും, ശിക്ഷ നിലനിൽക്കുന്നത് നവാസ് വിഭാഗത്തിന് ആശങ്കയാണ്.