- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസിനെ തീർക്കും വരെ ഗസ്സയിൽ ആക്രമണം തുടരുമെന്ന് നെതന്യാഹു; വെടിനിർത്താനുള്ള സമ്മർദ്ദവും തള്ളി ബോംബാക്രമണം തുടരുന്നു; യുഎൻ ദുരിതാശ്വാസ വിതരണവും അസാധ്യം; നേതാക്കളെ തീർക്കാൻ ഇസ്രയേൽ ഒരുങ്ങുമ്പോഴും ഫലസ്തീനിൽ ഹമാസിന് പിന്തുണയേറി
ജറുസലം: ബൈഡന്റെ വെടിനിർത്തൽ അഭ്യർത്ഥനയും തള്ളി ഇസ്രയേൽ ഗസ്സയിൽ തീമഴ പെയ്യിക്കുന്നത് തുടരുകയാണ്. ഹമാസിനെ തകർക്കും വരെ ഗസ്സയിലെ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിക്കുന്നത്. രാജ്യന്തര തലത്തിൽ വെടിനിർത്തണമെന്ന ആവശ്യം ശക്തമായിരിക്കവേയാണ് ഇസ്രയേൽ പിന്നോട്ടില്ലെന്ന നിലപാട് കൈക്കൊള്ളുന്നത്.
ഗസ്സയിയിൽ ഇപ്പോഴും തലങ്ങും വിലങ്ങും ബോംബുകൾ വർഷിക്കുന്ന അവസ്ഥയാണുള്ളത്. അഭയാർഥികൾ തിങ്ങിനിറഞ്ഞ റഫയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 2 വീടുകൾ തകർന്നു. 20 പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സേനയുടെ വെടിവയ്പിൽ 11 പേരും കൊല്ലപ്പെട്ടു. അതേസമയം യുദ്ധം നരകമാക്കിയ നഗരത്തിൽ പട്ടിണിയും പിടിമുറിക്കി.
ഗസ്സയിൽ ദുരിതാശ്വാസവിതരണം അസാധ്യമായതായി യുഎൻ ഫലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) അറിയിച്ചു. രണ്ടും മൂന്നും ദിവസമായി ഒന്നും കഴിക്കാത്തവരാണേറെയും. ക്യാംപുകളിലേക്കു ഭക്ഷ്യവസ്തുക്കളുമായെത്തുന്ന ട്രക്കുകൾ തെരുവിൽ തടയുന്ന ജനക്കൂട്ടം അവിടെവച്ചു തന്നെ ഭക്ഷണം തിന്നുതീർക്കുന്ന സ്ഥിതിയാണെന്ന് യുഎൻആർഡബ്ല്യൂഎ തലവൻ ഫിലീപ് ലാസറിനി പറഞ്ഞു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ രോഗികളായ ഒന്നിലധികം കുഞ്ഞുങ്ങളെയാണ് ഒരു കട്ടിലിൽ കിടത്തി ചികിത്സിക്കുന്നത്.
ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീൻകാർ 18,787 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെ 113 ഇസ്രയേൽ സൈനികരാണു കൊല്ലപ്പെട്ടത്. അതിനിടെ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്നലെ ടെൽ അവീവിലെത്തി. അതേസമയം യുദ്ധം നീളുന്തോറും ഫലസ്തീൻകാർക്കിടയിൽ ഹമാസിനു പിന്തുണ വർധിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച് നടത്തിയ വോട്ടെടുപ്പിൽ 44% പേരും ഹമാസിനെ പിന്തുണച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ഇതു 12% മാത്രമായിരുന്നു.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തെ നാലിൽ മൂന്നു ഫലസ്തീനികളും ശരിവെക്കുന്നതായി സർവേ റിപ്പോർട്ട്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഹമാസിനുള്ള പിന്തുണ ഗണ്യമായി വർധിച്ചതായും ഫലസ്തീനിയൻ സെന്റർ ഫോർ പോളിസി സർവേ ആൻഡ് റിസർച്ച് (പി.സിപിഎസ്.ആർ) നടത്തിയ സർവേയിൽ പറയുന്നതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ മിന്നൽ ആക്രമണം ശരിയായ തീരുമാനമെന്നാണ് സർവേയിൽ പങ്കെടുത്ത 72 ശതമാനം പേരും പ്രതികരിച്ചത്. എന്നാൽ, 22 ശതമാനം ആളുകൾ തെറ്റായ തീരുമാനമെന്നാണ് മറുപടി നൽകിയത്. ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ ഹമാസിനുള്ള പിന്തുണ വർധിച്ചതായും ഫലസ്തീൻ അഥോറിറ്റിയുടെ കീഴിലുള്ള വെസ്റ്റ് ബാങ്കിൽ ഹമാസിനുള്ള പിന്തുണ മൂന്നിരട്ടിയായി വർധിച്ചതായും സർവേയിൽ പറയുന്നു.
ഇസ്രയേലുമായുള്ള യുദ്ധത്തിൽ ഹമാസ് വഹിക്കുന്ന പങ്കിൽ 72 ശതമാനം ഫലസ്തീനികളും സംതൃപ്തി പ്രകടിപ്പിച്ചു. 52 ശതമാനം ഗസ്സക്കാരും 85 ശതമാനം വെസ്റ്റ് ബാങ്ക് ഫലസ്തീനികളുമാണ് പ്രതികരിച്ചത്. ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രവർത്തനങ്ങളിൽ 11 ശതമാനം ഫലസ്തീനികൾ മാത്രമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. അബ്ബാസിന്റെ ജനപ്രീതി നാൾക്കുനാൾ ഇടിയുകയാണ്.
ഇസ്രയേൽ ആക്രമണത്തിൽ കുടുംബത്തിലെ ഒരാൾ മരിക്കുകയോ, ചുരുങ്ങിയത് ഒരാൾക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സർവേയിൽ 64 ശതമാനം പേരും പ്രതികരിച്ചത്. ഒന്നോ, രണ്ടോ ദിവസത്തേക്ക് മാത്രമുള്ള ഭക്ഷണവും കുടിവെള്ളവും മാത്രമാണ് കൈയിലുള്ളതെന്ന് 44 ശതമാനം ഗസ്സക്കാരും പറയുന്നു. എന്നാൽ, ബാക്കിയുള്ള 56 ശതമാനത്തിനു അതുപോലുമില്ല. യുദ്ധാനന്തരം ഗസ്സയുടെ ഭരണം ഫലസ്തീൻ അഥോറിറ്റിക്കു കൈമാറണമെന്നാണ് യുഎസ് ശുപാർശ. ഹമാസിനെ ഒഴിവാക്കിയുള്ള ഗസ്സ പദ്ധതികളെല്ലാം മിഥ്യയാണെന്നു ഹമാസ് പരമോന്നത നേതാവ് ഇസ്മായിൽ ഹനിയ പറഞ്ഞു.
അതിനിടെ വെസ്റ്റ്ബാങ്കിൽ ഫലസ്തീൻകാർക്കെതിരായ അതിക്രമങ്ങൾക്ക് ഉത്തരവാദികളായ കുടിയേറ്റക്കാരെ ബ്രിട്ടനിൽ പ്രവേശിപ്പിക്കില്ലെന്നു വിദേശകാര്യമന്ത്രി ഡേവിഡ് കാമറൺ പറഞ്ഞു. യൂറോപ്യൻ യൂണിയനും ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാർ ഫലസ്തീൻകാർക്കെതിരെ നടത്തുന്ന അതിക്രമണങ്ങളാണ് തെക്കൻ ഇസ്രയേലിലെ ഹമാസ് കടന്നാക്രമണത്തിലേക്കു നയിച്ചത്.
മറുനാടന് ഡെസ്ക്