- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം രണ്ടാം ഘട്ടത്തിലേക്കെന്ന് നെതന്യാഹു; കരയുദ്ധം 'നീണ്ടുനിൽക്കുന്നതും ബുദ്ധിമുട്ടേറിയതും' ആയിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി; ഗസ്സയിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു; 8005 പേർ കൊല്ലപ്പെട്ടതായി ഗസ്സാ വൃത്തങ്ങൾ
ജെറുസലം: ഗസ്സയ്ക്കു നേരെയുള്ള യുദ്ധത്തിന്റെ രണ്ടാംഘട്ടമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ച കരയാക്രമണം ഇസ്രയേൽ കൂടുതൽ ശക്തമാക്കി. കരയുദ്ധം ബുദ്ധിമുട്ടേറിയതായിരിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞത്. ഗസ്സയിലെ യുദ്ധം 'നീണ്ടുനിൽക്കുന്നതും ബുദ്ധിമുട്ടേറിയതു'മായിരിക്കുമെന്ന് നെതന്യാഹു ഞായറാഴ്ച പറഞ്ഞു.
സൈനികനടപടി അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. അതേസമയം ഹമാസ് താവളങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന ആക്രമണത്തിൽ ഗസ്സയിൽ വാർത്താവിനിമയ സംവിധാനങ്ങൾ ഏതാണ്ടു പൂർണമായും നിലച്ചിരിക്കയാണ്. ഇന്നലെ വൈകിട്ടോടെ ഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു തുടങ്ങിയതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 8005 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഖുദ്‌സ് ഹോസ്പിറ്റലിനു സമീപം ഇസ്രയേൽ ബോംബാക്രമണം നടത്തി. ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രയേലിന്റെ സന്ദേശം ലഭിച്ചതായി റെഡ് ക്രസന്റ് പ്രതിനിധി വെളിപ്പെടുത്തി. ഇസ്രയേൽ പട്ടാള വക്താവ് പ്രതികരിച്ചില്ല.
റഫ ഇടനാഴി വഴി കൂടുതൽ സഹായങ്ങൾ എത്തിക്കാൻ തയാറാണെന്നും ജനങ്ങൾ തെക്കൻഗസ്സയിലേക്കു മാറണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. ഖാൻ യൂനിസ് കേന്ദ്രീകരിച്ച് ഒരു സുരക്ഷാ സഹായ മേഖല ഒരുക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയവക്താവ് പറഞ്ഞു. എന്നാൽ ഒരിടവും സുരക്ഷിതമല്ലാത്തവിധം ഇസ്രയേൽ ബോംബിങ് തുടരുകയാണെന്നു ജനങ്ങൾ പറയുന്നു.
ഒറ്റദിവസം 450 ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുവെന്ന് ഇസ്രയേൽ സേനയും പറഞ്ഞു. ഒക്ടോബർ ഏഴു മുതലിങ്ങോട്ട് തങ്ങളുടെ 331 സൈനികർ മരിച്ചു. വടക്കൻ ഗസ്സയിലെ വിവിധ മേഖലകളിൽ ആക്രമണം നടത്തി. കൂടാതെ ജബാലിയ, ഖാൻ യൂനുസ് എന്നിവിടങ്ങളിലും വ്യോമാക്രമണങ്ങളുണ്ടായി.
പദ്ധതികൾക്കനുസരിച്ച് സൈനികനടപടി പുരോഗമിക്കുന്നുവെന്നും കരയാക്രമണം വ്യാപിപ്പിക്കുമെന്നും ഇസ്രയേൽ സൈന്യം ഞായറാഴ്ച അറിയിച്ചു. ഇതിനിടെ, ഇസ്രയേൽ ടാങ്കിനെ ആക്രമിക്കുന്നതിന്റെ വിഡിയോ അൽ ഖസാം ബ്രിഗേഡ് പുറത്തുവിട്ടു. ഇസ്രയേൽ പ്രദേശമായ നെതിവ് ഹാ അസാറക്കു നേരെ റോക്കറ്റയച്ചുവെന്ന് ഖുദ്‌സ് ബ്രിഗേഡ് അവകാശപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഗസ്സയിൽ നടന്ന ഏറ്റുമുട്ടലിൽ ഇസ്രയേൽ സൈനികർക്ക് പരിക്കേറ്റതായും അൽ ഖുദ്‌സ് സേനാംഗങ്ങൾ പറഞ്ഞു.
ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ സുരക്ഷാ ഏജൻസികൾക്കു വീഴ്ചപറ്റിയെന്ന മുൻ വിമർശനത്തിൽ നെതന്യാഹുമാപ്പു പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ നെതന്യാഹുവിനെ കണ്ടു. ഫലസ്തീൻ തടവുകാരെ വിട്ടുകൊടുത്തായാലും ബന്ധുക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇസ്രയേൽ ജയിലുകളിലുള്ള ഫലസ്തീൻ തടവുകാരെ മുഴുവൻ മോചിപ്പിച്ചാൽ ഉടൻ ബന്ദികളെ വിട്ടുനൽകാമെന്നു ഹമാസ് നേതാവ് യഹിയ സിൻവാർ.