- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസിനെ പിന്തുണച്ച് പുതിയ യുദ്ധമുഖം തുറന്നാൽ ബെയ്റൂത്ത് ഗസ്സയാക്കി മാറ്റും; അതിർത്തിയൽ പ്രകോപനം തുടരുന്ന ഹിസ്ബുള്ളക്ക് മുന്നറിയിപ്പു നൽകി നെതന്യാഹു; ഇസ്രയേൽ സൈന്യം ഖാൻ യൂനിസിൽ പ്രവേശിച്ചു; ഗസ്സ മുനമ്പിലുടനീളം ആക്രമണം ശക്തമാക്കി ഇസ്രയേൽ സേന
തെൽഅവീവ്: ഗസ്സയിൽ ഹിസ്ബുല്ല ഹമാസിനെ പിന്തുണക്കാനെത്തിയാൽ ബെയ്‌റൂത്തിലും നാശംവിതക്കുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹിസ്ബുല്ല ഒരു സമ്പൂർണ യുദ്ധം ആരംഭിക്കാൻ തീരുമാനിച്ചാൽ ഗസ്സയിൽനിന്ന് ഒട്ടും അകലെയല്ലാത്ത ബെയ്‌റൂത്തിനെയും ലബനാനെയും ഗസ്സയും ഖാൻ യൂനിസുമാക്കി മാറ്റും എന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ഹിസ്ബുള്ളയുമായി വെടിവെപ്പു തുടരുന്ന ലെബനൻ അതിർത്തിയിലെ ഇസ്രയേൽ പ്രതിരോധസേനയുടെ നോർത്തേൺ കമാൻഡന്റ് ആസ്ഥാനം സന്ദർശിക്കവെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഗസ്സയുടെ തെക്കുഭാഗത്തേക്ക് ഇസ്രയേൽ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇസ്രയേൽ സേന ഖാൻയൂനിസിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, ഗസ്സയിലെ ബന്ദികളെകുറിച്ചും വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങളെകുറിച്ചും നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ ജോ ബൈഡൻ ആശങ്ക പ്രകടിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഭീഷണി വൈറ്റ് ഹൗസ് പരാമർശിച്ചില്ല.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതുമുതൽ ഇസ്രയേലിനെതിരേ തങ്ങളും യുദ്ധത്തിനിറങ്ങുമെന്ന് ലെബനനിലെ സായുധസംഘടനയായ ഹിസ്ബുള്ള നിലപാടെടുത്തിരുന്നു. നേരിട്ട് യുദ്ധത്തിനിറങ്ങാതെ ലെബനീസ് അതിർത്തിയിൽനിന്ന് വടക്കൻ ഇസ്രയേലിലേക്ക് ആക്രമണവും നടത്തുന്നുണ്ട്. ഏതാനും ഇസ്രയേൽ സൈനികർ ഹിസ്ബുള്ളയുടെ ആദ്യത്തെ ആക്രമണത്തിൽ മരിച്ചു. പ്രത്യാക്രമണങ്ങളിൽ ഹിസ്ബുള്ളയ്ക്കും വലിയ ആൾനഷ്ടമുണ്ടായി. ഇസ്രയേൽ ആക്രമിച്ച ദിവസം ഹമാസ് നേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു എന്ന് ഹിസ്ബുള്ള പറയുന്നു.
ലെബനീസ് അതിർത്തിയിൽനിന്ന് ഇസ്രയേലിനുനേരെ ഹിസ്ബുള്ള നടത്തുന്ന ആക്രമണം ഇതുവരെയുള്ളതുപോലെ പരിമിതതോതിലായിരിക്കില്ലെന്ന് ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ള നേരത്തെ മുന്നറിയിപ്പുനൽകിയിരുന്നു. ഹമാസിന്റെ ആക്രമണം ശരിയും നീതിയുക്തവുമാണെന്നും പറഞ്ഞ അദ്ദേഹം യുദ്ധത്തിന് കാരണം യു.എസ്. ആണെന്നും ആരോപിച്ചിരുന്നു.
അതിനിടെ, വെസ്റ്റ്ബാങ്കിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സമുനമ്പിലുടനീളം ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗസ്സയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. 24 മണിക്കൂറിനിടെ 350 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഗസ്സയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവുമായും ജോർഡനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായും സംസാരിച്ചുവെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. തെക്കൻ ഗസ്സയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേൽ സൈന്യം ഖാൻ യൂനിസിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്.
മറുനാടന് ഡെസ്ക്