ലണ്ടൻ: കെയർ വർക്കേഴ്സിനുള്ള പുതിയ തലതിരിഞ്ഞ വിസ നിയമങ്ങൾ ബ്രിട്ടീഷ് കെയർ മേഖലയെ തകർക്കുമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖർ മുന്നറിയിപ്പ് നൽകുന്നു. കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരാനുള്ള കെയർ വർക്കർമാരുടെ അവകാശം ഇല്ലാതെയാക്കുന്ന പുതിയ നിയമം സോഷ്യൽ കെയർ മേഖലയ്ക്കൊപ്പം എൻ എച്ച് എസ്സിനെയും തകർക്കുമെന്നാണ് അവർ പറയുന്നത്. പ്രധാനമന്ത്രിക്കുള്ള കത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്‌ച്ചയായിരുന്നു കർക്കശമായ പുതിയ് കുടിയേറ്റ നിയമങ്ങൾ സർക്കാർ അവതരിപ്പിച്ചത്. ഇതോടെ ഓരോ വർഷവും ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം കാര്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പുതിയ നിയമം അനുസരിച്ച് എൻ എച്ച് എസ്സിനു വേണ്ടി അല്ലാതെ ജോലി ചെയ്യുന്ന വിദേശ കെയർവർക്കർമാർക്ക് ബ്രിട്ടനിലേക്ക് ആശ്രിതരെ കൊണ്ടുവരാൻ കഴിയില്ല.

എൻ എച്ച് എസ് കോൺഫെഡറേഷൻ, എൻ എച്ച് എസ് എംപ്ലോയേഴ്സ്, ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ, ഇൻഡിപെൻഡന്റ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് നെറ്റ്‌വർക്ക്, നാഷണൽ കെയർ അസ്സോസിയേഷൻ എന്നിവയുടെ സഖ്യമായ കവെൻഡിഷ് ഗ്രൂപ്പ് ആണ് ഈ മുന്നറിയിപ്പുമായി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരിക്കുന്നത്. വെള്ളിയാഴ്‌ച്ച അയച്ച ഈ കത്ത് ഇപ്പോൾ ദി ഇൻഡിപെൻഡന്റ് ആണ് പുറത്തു വിട്ടിരിക്കുന്നത്.

കുടുംബാംഗങ്ങൾ കൂടെയില്ലാതെ കെയർ വർക്കർമാർ യു കെയിൽ ജോലി ചെയ്യുന്നത് മൗഢ്യമാണെന്ന് കത്തിൽ പറയുന്നു. സോഷ്യൽ കെയർ മേഖലയിലെ വിദേശ ജീവനക്കാർക്ക് യു കെ ഒരു ആകർഷണമേ അല്ലാതെയായി മാറും എന്നും അതിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. മാത്രമല്ല, എൻ എച്ച് എസ്സിനെ ഹെൽത്ത് ആൻഡ് കെയർ വിസ ചട്ടങ്ങളിൽ നിന്നും ഒഴിവാക്കിയ നടപടി, വിദേശ റിക്രൂട്ട്മെന്റിന്റെ കാര്യത്തിൽ അനാവശ്യമായ മത്സരം സൃഷ്ടിക്കുമെന്നും അതിൽ പറയുന്നു.

2022 ഫെബ്രുവരി മാസത്തിൽ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ ശുപാർശ പ്രകാരമായിരുന്നു കെയർ വർക്കർമാരെ ഷോർട്ടേജ് ഒക്ക്യൂപേഷൻ ലിസ്റ്റിൽ ചേർത്തത്. ഇത് സോഷ്യൽ കെയർ മേഖലയിലെ സേവനം മെച്ചപ്പെടുത്താൻ സഹായിച്ചു എന്ന് കാവൻഡിഷ് ഗ്രൂപ്പ് പറയുന്നു. നിലവിൽ 9.9 ശതമാനം ഒഴിവുകൾ ഈ മേഖലയിൽ ഉണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. ലഭ്യമായ കണക്കുകൾ അനുസരിച്ച്, 2022 മാർച്ചിനും 2023 മാർച്ചിനും ഇടയിലായി 70,000 പേരാണ് യു കെ യിൽ എത്തി കെയർ മേഖലയിൽ ജോലി ആരംഭിച്ചത്.

എന്നിരുന്നാലും, യു കെയിലെ അഡൾട്ട് സോഷ്യൽ കെയർ വർക്ക് ഫോഴ്സിന്റെ വിവരങ്ങൾ ശേഖരിക്കുന്ന് സ്‌കിൽസ് ഫോർ കെയർ പറയുന്നത് രാജ്യത്ത് ഇപ്പോഴുള്ളതിന്റെ 25 ശതമാനം അധികം ജീവനക്കാരെ ഇനിയും ആവശ്യമുണ്ട് എന്നാണ്. 2035 ആകുമ്പോഴേക്കും 4,40,000 പേരെ ഈ മേഖലയിൽ ആവശ്യമായി വരും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം, യു കെയിലെ നിലവിലെ കുടിയേറ്റ നിരക്ക് വളരെ ഉയർന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും അത് നിയന്ത്രിക്കുന്നതിനാണ് കഴിഞ്ഞയാഴ്‌ച്ച പുതിയ നയം പ്രഖ്യാപിച്ചതെന്നും ഹോം ഡിപ്പാർട്ട്മെന്റ് വക്താവ് വ്യക്തമാക്കി. ബ്രിട്ടീഷ് ജനതയുടെ ക്ഷേമത്തിനായി നെറ്റ് ഇമിഗ്രേഷൻ നിരക്ക് കുറയ്ക്കേണ്ടതുണ്ടെന്നും ഹോം ഡിപ്പാർട്ട്മെന്റ് വക്താവ് വ്യക്തമാക്കി.