- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനിലെ തന്ത്രപ്രധാന നഗരത്തിൽനിന്നും റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റം; ഖാർകീവ് പ്രവിശ്യയിലെ ഇസിയത്തിൽ നിന്നും പിന്മാറിയത് ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉപേക്ഷിച്ച്; യുദ്ധത്തിലെ നിർണായക വഴിത്തിരിവെന്ന് വിദഗ്ദ്ധർ; യുദ്ധമുഖത്ത് റഷ്യക്ക് വീണ്ടും കാലിടറുന്നു
കീവ്: യുക്രൈനിലെ യുദ്ധമുഖത്ത് റഷ്യയ്ക്ക് വീണ്ടും തിരിച്ചടി. യുക്രെയ്ൻ സേനയുടെ പ്രത്യാക്രമണത്തിൽ പ്രതിരോധം തകർന്നതോടെ വടക്കുകിഴക്കൻ യുക്രൈനിലെ പ്രധാന നഗരം ഉപേക്ഷിച്ച് റഷ്യൻ സൈന്യം പിൻവാങ്ങി. ഖാർകീവ് പ്രവിശ്യയിലെ ഇസിയം മേഖലയിൽ നിന്നാണ് റഷ്യൻ സൈന്യം പിന്മാറിയത്. മാർച്ചിൽ യുക്രെയ്ൻ തലസ്ഥാനമായ കിവിൽ നിന്ന് പിന്മാറിയതിനു ശേഷം റഷ്യൻ സൈന്യം നേരിടുന്ന വലിയ പരാജയമാണിത്.
റഷ്യൻ സൈന്യം യുദ്ധോപകരണങ്ങളടക്കം സംഭരിച്ചിരുന്ന വടക്കൻ യുക്രൈനിലെ തന്ത്രപ്രധാന നഗരമായ ഇസിയം ഉപേക്ഷിച്ച് പിന്മാറുകയായിരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽനിന്ന് കഴിഞ്ഞ മാർച്ചിൽ പിൻവാങ്ങേണ്ടി വന്നതിനുശേഷമുള്ള ഏറ്റവും കനത്ത തിരിച്ചടിയാണ് ഖാർകീവ് പ്രവിശ്യയിലെ ഇസിയത്തിൽ റഷ്യൻ സൈന്യത്തിന് നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിന് വരുന്ന റഷ്യൻ സൈനികർ ആയുധങ്ങളും യുദ്ധോപകരണങ്ങളും അടക്കമുള്ള ഉപേക്ഷിച്ചാണ് ഇസിയത്തിൽനിന്ന് പിന്മാറിയെതന്നാണ് പുറത്തുവരുന്ന വിവരം.
ശനിയാഴ്ച റഷ്യൻ സൈന്യത്തിന് നേരിടേണ്ടിവന്ന തിരിച്ചടി ആറ് മാസമായി തുടരുന്ന യുദ്ധത്തിലെ നിർണായക വഴിത്തിരിവായി മാറുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതിനിടെ, സൈന്യത്തോട് താത്കാലികമായി പിന്മാറാൻ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കൂടുതൽ സൈന്യത്തെ പ്രദേശത്തേക്ക് എത്തിക്കുമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അതിനിടെ, ഖാർകീവ് പ്രവിശ്യയിലെ ജനങ്ങളോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് റഷ്യൻ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. പ്രാണരക്ഷാർഥം റഷ്യയിൽ അഭയം തേടാനാണ് നിർദ്ദേശം.
അതിനിടെ, റഷ്യൻ അധിനിവേശത്തിനിടെ ഈ മാസം ആദ്യം മുതൽ ശക്തമായ തിരിച്ചടി തുടങ്ങിയതിന്റെ ഫലമായി 2000 ചതുരശ്ര കിലോമീറ്റർ പ്രദേശം തിരിച്ചു പിടിക്കാൻ യുക്രൈൻ സൈന്യത്തിന് കഴിഞ്ഞതായി പ്രസിഡന്റ് വ്ളോദിമിർ സെലൻസ്‌കി വീഡിയോ സന്ദേശത്തിൽ അവകാശപ്പെട്ടു. ഇസിയം തിരിച്ചു പിടിച്ചതായി യുക്രൈൻ ഇതുവരെ ഔദ്യോഗികമായി അവകാശപ്പെട്ടിട്ടില്ല. എന്നാൽ ഇതുസംബന്ധിച്ച പരോക്ഷ സൂചനകൾ സെലൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യാർമെക് ട്വിറ്റുകളിലൂടെ നൽകിയിട്ടുണ്ട്.
യുക്രൈൻ സൈന്യം കുപിയാൻസ് നഗരം തിരിച്ചു പിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസിയത്തിൽനിന്നുള്ള റഷ്യയുടെ പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്. വടക്കൻ യുക്രൈനിലെ വിവിധ പ്രദേശങ്ങളിലേക്ക് റഷ്യൻ സൈന്യം ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചിരുന്ന റെയിൽവെ ഹബ് ഉണ്ടായിരുന്നത് കുപിയാൻസ് നഗരത്തിലാണ്. ഇവിടുത്തെ സിറ്റി ഹാളിന് മുന്നിൽ യുക്രൈൻ സൈന്യം രാജ്യത്തിന്റെ പതാക ഉയർത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.