- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട്ടാള യൂണിഫോം അണിഞ്ഞ് എല്ലാവരും സല്യുട്ട് ചെയ്തപ്പോൾ കറുത്ത കോട്ട് മാത്രം ധരിച്ച് തലകുനിച്ച് രാജ്ഞിയുടെ ഒരു മകനും രാജാവിന്റെ ഒരു മകനും; പെണ്ണു കേസിൽ പെട്ട ആൻഡ്രുവിനും കുടുംബത്തെ തള്ളിയ ഹാരിക്കും നാണക്കേട്; ഹാരിയുടെ കൈപിടിച്ച് ആശ്വസിപ്പിച്ച് കൂടെ നടന്ന് മേഗൻ; എലിസബത്ത് രാജ്ഞിക്ക് വേണ്ടി കുടുംബം ഒരുമിക്കുമ്പോൾ
എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരത്തെ പട്ടാള യൂണിഫോമണിഞ്ഞു വന്ന രാജകുടുംബാംഗങ്ങൾ സല്യുട്ട് ചെയ്തപ്പോൾ, യൂണിഫോം നിഷേധിക്കപ്പെട്ട ആൻഡ്രുവും ഹാരിയും കറുത്ത കോട്ടുകളണിഞ്ഞ് മൃതദേഹത്തിനു മുൻപിൽ തലകുനിച്ച് തങ്ങളുടെ ആദരവ് പ്രകടമാക്കി. രാജാവ്, ചാൾസ് മൂന്നാമനും, വില്യം രാജകുമാരനും, ആനി രാജകുമാരിയുമൊക്കെ രാജ്ഞിക്ക് അഭിവാദ്യം അർപ്പിച്ചു. ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും വെസ്റ്റ്മിനിസ്റ്റർ ഹാളിലേക്കുള്ള വിലാപയാത്ര വൈറ്റ്ഹാളിലെ സ്മാരകകുടീരത്തിലെത്തിയപ്പോഴായിരുന്നു രാജകുടുംബാങ്ങൾ സല്യുട്ട് നൽകി ആദരവ് പ്രകടമാക്കിയത്.
അതേസമയം സൈനിക യൂണിഫോം അനുവദനീയമല്ലാത്ത ഹാരിയും ആൻഡ്രുവും അവിടെ തലകുനിച്ച് ആദരവ് പ്രകടിപ്പിക്കുകയായിരുന്നു. അവർ രണ്ടു പേരും രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ വഹിക്കുന്ന വ്യക്തികൾ അല്ലാത്തതിനാലായിരുന്നു അവർക്ക് യൂണിഫോം നിഷേധിക്കപ്പെട്ടത്. മൃതദേഹം വെസ്റ്റ് മിനിസ്റ്ററിൽ എത്തിയ നേരത്തും മറ്റു രാജകുടുംബാംഗങ്ങളെ പോലെ അവർ ഇരുവരും സല്യുട്ട് ചെയ്തില്ല.
ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ടതോടെ ആൻഡ്രുവിനെ രാജപദവികളിൽ നിന്നും ഒഴിവാക്കുകയായിരുന്നു. നേരത്തേ എഡിൻബർഗിലെ സെയിന്റ് ഗിൽസ് കത്തീഡ്രലിൽ നടന്ന ചടങ്ങിലും യൂണിഫോംധരിക്കാൻ ആൻഡ്രുവിനെ അനുവദിച്ചിരുന്നില്ല. പത്ത് വർഷത്തെ സൈനിക സേവനം പൂർത്തിയാക്കിയ വ്യക്തിയാണ് ഹാരി രാജകുമാരനെങ്കിലും, രാജകുടുംബത്തിന്റെ ചുമതലകൾ വിട്ടോഴിഞ്ഞ ഹാരിക്കും യൂണിഫോം നിഷേധിക്കപ്പെട്ടു. രാജകുടുംബത്തിലെ കാര്യങ്ങളിൽ ഇവർക്ക് രണ്ടുപേർക്കും നാമമാത്രമായ പ്രസക്തിയേ ഉള്ളൂ എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
രാജകുടുംബാംഗങ്ങൾ സൈനിക യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്ന അഞ്ച് പ്രധാന ചടങ്ങുകളാണ് ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഉള്ളത്. ഇതിലൊന്നും തന്നെ യൂണിഫോം ധരിച്ചെത്താൻ ഇരുവർക്കും അനുവാദമില്ല. അതിലൊരു ചടങ്ങ് തിങ്കളാഴ്ച്ച സെയിന്റ് ഗിൽസ് കത്തീഡ്രലിൽ നടന്നു. മറ്റൊന്ന് ഇന്നലെ നടന്ന വിലാപയാത്ര ആയിരുന്നു. വിജിൽ ഓഫ് പ്രിൻസസ്, വെസ്റ്റ് മിനിസ്റ്റർ ആബെയിലെ ശവസംസ്കാര ചടങ്ങുകൾ, പിന്നെ വിൻഡസറിലുള്ള പ്രാർത്ഥനാ ചടങ്ങ് എന്നിവയാണ് ഇതിൽ ബാക്കിയുള്ള മൂന്നെണ്ണം.
എന്നാൽ, രാജ്ഞിയോടുള്ള ആദരസൂചകമായി, വെസ്റ്റ് മിനിസ്റ്ററിൽ നടക്കുന്ന വിജിൽ ഓഫ് പ്രിൻസസ് ചടങ്ങിൽ മാത്രം സൈനിക യൂണിഫോം ധരിക്കാൻ ആൻഡ്രൂ രാജകുമാരന് അനുവാദം നൽകിയിട്ടുണ്ട്. ആൻഡ്രുവിനൊപ്പം രാജ്ഞിയുടെ മറ്റു മക്കളായ ചാൾസ് മൂന്നാമൻ, ആനി രാജകുമാരി, എഡ്വേർഡ് രാജകുമാരൻ എന്നിവരായിരിക്കും ഈ ചടങ്ങിൽ പങ്കെടുക്കുക.
വിലാപയാത്രയിൽ കാൽനടയായി ശവമഞ്ചത്തെ അനുഗമിച്ച ഹാരി വെസ്റ്റ്മിനിസ്റ്റർ ഹാളിൽ എത്തിയതിനു ശേഷമായിരുന്നു മേഗനുമായി ചേരുന്നത്. എഡ്വേർഡ് രാജകുമാരന്റെ പത്നി സോഫിക്കൊപ്പം കാറിലായിരുന്നു മേഗൻ അവിടെ എത്തിച്ചേർന്നത്. ഇരുവരും കൈകൾ പിടിച്ചും, തോളത്ത് തട്ടിയും പരസ്പരം ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.
സാറായും ഭർത്താവ് മൈക്ക് ടിൻഡലും ഇതുപോലെ കൈകോർത്തായിരുന്നു നിന്നിരുന്നതെങ്കിലും, വില്യമും കെയ്റ്റും, അതുപോലെ എഡ്വേർഡും പത്നി സോഫിയും സ്നേഹം പൊതുവേദിയിൽ പ്രകടിപ്പിക്കാൻ തയ്യാറായില്ല.
മറുനാടന് മലയാളി ബ്യൂറോ