- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്ഞിയുടെ മരണത്തിലെ തീവ്രദുഃഖത്തിനിടയിലും ബ്രിട്ടീഷ് രാജകുടുംബം ഒരുക്കുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്വീകരണം; രാഷ്ട്രത്തലവന്മാരും ചക്രവർത്തിമാരും കുടുംബസമേതം നിരനിരയായി എത്തിക്കഴിഞ്ഞു; വിമർശനം കടുത്തതോടെ സ്വയം ഒഴിവായി സൗദി രാജകുമാരൻ
ലണ്ടൻ: ജീവിച്ചിരിക്കവേ തന്നെ ചരിത്രമായി മാറിയ എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങും ചരിത്രത്തിൽ ഇടം പിടിക്കുകയാണ്. ഇന്ന് വെസ്റ്റ്മിനിസ്റ്ററിൽ നടക്കുന്ന അന്ത്യ ചടങ്ങുകളിൽ വെയിൽസ് രാജകുമരൻ വില്യമിന്റെ മക്കളായ ജോർജ്ജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും മാതാപിതാക്കൾക്കൊപ്പം പങ്കെടുക്കും. കിരീടാവകാശത്തിലേക്കുള്ള നിരയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള് ഇവർ വെസ്റ്റ്മിൻസ്റ്ററിൽ നിന്നുള്ള വിലാപയാത്രയിൽ മൃതദേഹ പേടകത്തെ അനുഗമിക്കും.
രാജാവ് ചാൾസ് മൂന്നാമന്റെയും കാമില രാജ്ഞിയുടെയും നേതൃത്വത്തിലായിരിക്കും രാജകുടുംബാംഗങ്ങൾ വിലാപയാത്രയിൽ പങ്കെടുക്കുക. ജോർജ്ജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും പക്ഷെ മുഴുവൻ ദൂരവും നടന്നുകൊണ്ട് മൃതദേഹ പേടകത്തെ അനുഗമിക്കുകയില്ല. തന്റെ പ്രിയപ്പെട്ട മാതാവിന്റെ വിയോഗത്തിൽദുഃഖിച്ചിരിക്കുമ്പോഴും രാജാവ് എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾക്കായി ചാൾസ് മൂന്നാമൻ ഇതിനോടകം 1900 മൈലുകൾ സഞ്ചരിച്ചു കഴിഞ്ഞു.
ഇന്ന് നടക്കുന്ന സംസ്‌കാര ചടങ്ങുകൾകുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന തിരക്കിനിടയിലും ഇന്നലെ രാജാവ് പ്രധാനമന്ത്രി ലിസ് ട്രസ്സുമായും മറ്റു പല രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്‌ച്ച നടത്തുകയുണ്ടായി.
വെസ്റ്റ്മിനിസ്റ്ററിലും വിൻഡ്സറിലും മഴവില്ല് തെളിഞ്ഞു
രാജ്ഞിയുടെ മരണ വിവരം അറിഞ്ഞയുടൻ വിൻഡ്സറിന്റെ ആകാശത്ത് പ്രത്യക്ഷപ്പെട്ട മഴവില്ലുകൾ ഇന്നലെ വീണ്ടും പ്രത്യക്ഷപ്പെട്ടു. വിൻഡ്സറിനു പുറമെ വെസ്റ്റ്മിനിസ്റ്ററിന്റെ ആകാശത്തും മഴവില്ല് ദൃശ്യമായത് രാജ്ഞിയുടെ ആരാധകരേ കോർത്തരിപ്പിച്ച ഒന്നായിരുന്നു. മണ്ണിലെ മാലാഖയേ വിണ്ണിലേക്ക് ആനയിക്കുവാൻ മാലാഖമാർ വർണ്ണരാജിയൊരുക്കി കാത്തിരിക്കുന്നു എന്നായിരുന്നു ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത്.
തന്റെ ജീവിതത്തിന്റെ ഏറിയഭാഗവും ചെലവഴിച്ച വിൻഡ്സറിന്റെ ആകാശത്തും അതുപോലെ ആരാധകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മൃതദേഹം കിടക്കുന്ന വെസ്റ്റ്മിനിസ്റ്ററിലും ഒരുപോലെ മഴവില്ലുകൾ പ്രത്യക്ഷപ്പെട്ടതിൽ പലരും ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
നിശബ്ദമായി ബിഗ് ബെൻ
പ്രിയപ്പെട്ട രാജ്ഞിയുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാവത്തതുപോലെ ഇന്നലെ ബിഗ് ബെന്നും നിശ്ചലമായി. ഇന്നലെ വൈകീട്ട് ദേശീയ തലത്തിൽ തന്നെ മൗനമാചരിക്കേണ്ട സമയത്ത് ബിഗ് ബെൻ നിർത്താതെ മുഴങ്ങേണ്ടതായിരുന്നു. എന്നാൽ, അതുണ്ടായില്ല. ഇതിനെ കുറിച്ച് ഒരു അടിയന്തര അന്വേഷണം തന്നെ നടക്കുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് അന്ത്യചടങ്ങുകൾ ആരംഭിക്കുന്നതിനു മുൻപായി വീണ്ടും ബിഗ് ബെൻ മുഴങ്ങേണ്ടതുണ്ട്.
വഴിയരുകിൽ ആയിരങ്ങൾ അണിനിരന്നു കഴിഞ്ഞു
രാജ്ഞിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പോകുന്ന വഴിയിലെല്ലാം അന്ത്യയാത്ര ഒരു നോക്കു കാണുവാൻ ഇപ്പോഴെ ജനങ്ങൾ അണിനിരന്നു കഴിഞ്ഞു. പോകുന്ന വഴിയിലെല്ലാം പാതക്കിരുവശവുമായാണ് നിറകണ്ണുകളോടെ ആളുകൾ കൂടിയിരിക്കുന്നത്. അതേസമയം, അന്ത്യാഞ്ജലി അർപ്പിക്കാൻ അനുവദിക്കില്ല എന്ന വാർത്ത പരന്നിരുന്നെങ്കിലും ചൈനീസ് പ്രതിനിധി സംഘം ഇന്നലെ വെസ്റ്റ്മിനിസ്റ്ററിലെത്തി രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
രാഷ്ട്രത്തലവന്മാർക്ക് സ്വീകരണമൊരുക്കി ചാൾസ് മൂന്നാമൻ
പ്രിയ മാതാവിന്റെ വിയോഗത്തിൽ തേങ്ങുമ്പോഴും, സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ രാഷ്ട്രത്തലവന്മാരെ ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവ് സ്വീകരിച്ചു. മുൻപെങ്ങും ഇല്ലാത്തവിധം ലോകത്തിന്റെ വിവിധ ഭാഗങ്ങളീൽനിന്നുള്ള രാഷ്ട്രത്തലവന്മാരുടേയും ചക്രവർത്തിമാരുടെയും അപൂർവ്വ സംഗമമായിരുന്നു അത്. ഏകദേശം ഒരു മണിക്കൂറോളം സ്വീകരണ ചടങ്ങുകൾ നീണ്ടു നിന്നു.
ചടങ്ങിൽ നിന്നും സൗദി രാജകുമാരൻ വിട്ടുനിന്നേക്കും
കടുത്ത ജനരോഷം ഭയന്ന് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളിൽ നിന്നും സൗദി രാജകുമാരൻ സ്വയം വിട്ടു നിൽക്കാൻ തീരുമാനിച്ചതായി വാർത്തകൾ വരുന്നു. കിരീടാവകാശിയായ മുഹമ്മദ് ബിൽ സൽമാനു പകരം തുർക്ക് ബിൻ മുഹമ്മദ് അൽ സൗദ് ആയിരിക്കും സൗദി അറേബ്യയെ പ്രതിനിധീകരിച്ച് രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കുക. സൗദി അറേബ്യ തന്നെയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് റോയിറ്റർ റിപ്പോർട്ട് ചെയ്യുന്നു.
പത്രപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ എം ബി എസ്സിന്റ് പങ്കുണ്ടെന്ന് പാശ്ചാത്യ രഹസ്യന്വേഷണ ഏജൻസികൾ ആരോപിച്ചതിനെ തുടർന്ന് ബ്രിട്ടൻ ഉൾപ്പടെ പല പാശ്ചാത്യ രാജ്യങ്ങളിലേയും മനുഷ്യാവകാശ പ്രവർത്തകരുടെ കോപത്തിനിരയായ വ്യക്തിയാണ് സൗദി കിരീടാവകാശി. അത്തരമൊരു വ്യക്തിയെ രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനെതിരെ പല കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. ഖഷോഗിയുടെ കാമുകി ഹാറ്റിസ് ചെങ്കിസും ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. രാജ്ഞിയുടേ മഹത്വത്തിന് കളങ്കം ചാർത്തുന്നതായിരിക്കും സംസ്‌കാര ചടങ്ങുകളിൽ സൗദി കിരീടാവകാശിയുടെ സാന്നിദ്ധ്യം എന്നായിരുന്നു ഹാറ്റിസ് പറഞ്ഞത്.
നിഷ്‌കാസിതനായ സ്പാനിഷ് രാജാവും സംസ്‌കാര ചടങ്ങുകൾക്ക് എത്തി
സ്പാനിഷ് സർക്കാരിന്റെ വിലക്കുണ്ടായിരുന്നിട്ടും അധികാര ഭ്രഷ്ടനായി ഇപ്പോൾ അബുദാബിയിൽ കഴിയുന്ന മുൻ സ്പെയിൻ രാജാവ് ജുവാൻ കാർലോസ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തി. പത്നി സോഫിയ രജ്ഞിക്കൊപ്പമായിരുന്നു 84 കാരനായിരുന്ന മുൻ രാജാവ് എത്തിച്ചേർന്നത്. രാജ്ഞിയുടെ ബന്ധുകൂടിയായ സ്പാനിഷ് രാജാവിനെ കഴിഞ്ഞദിവസം സർക്കാർ പ്രതിനിധികൾ സ്വകാര്യമായി ബന്ധപ്പെട്ട് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെട്ടതായി എൽ ഡിബേറ്റയാണ് റിപ്പോർട്ട് ചെയ്തത്.
മകളുടെ ഭർത്താവ് ആനവേട്ടയുമായി ബന്ധപ്പെട്ട ഒരു വിവാദത്തിൽ കുടുങ്ങിയതിനെ തുടർന്നായിരുന്നു 40 വർഷത്തോളം സിംഹാസനത്തിലിരുന്ന കാർലോസിന് 2014-ൽ സ്ഥാനം ഒഴിയേണ്ടി വന്നത്. കാർലൊസിനെതിരെ തന്റെ മുൻ കാമുകിയെ പീഡിപ്പിച്ചു എന്നൊരു കേസ് യു കെയിൽ നിലവിലുണ്ട് താനും. അത് വിചാരണ കാത്ത് കിടക്കുകയാണ്.