ലണ്ടൻ: ബ്രിട്ടീഷ് ധനമന്ത്രി ക്വാസി ക്വാർട്ടെംഗിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. പ്രധാനമന്ത്രി ലിസ് ട്രസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റ് ആറാഴ്ച തികയും മുൻപാണ് നടപടി. രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരിൽ ക്വാസി വൻ വിമർശനം നേരിട്ടിരുന്നു.

രാജ്യത്തെ പിടിച്ചുകുലുക്കിയ വിപണിതകർച്ചയ്ക്ക് ഇടയാക്കി ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് വിവരം. ഇതിനെ തുടർന്ന് ഈ സമ്പാത്തിക പാക്കേജിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്നാണ് വിവരം. അതേ സമയം മുൻ വിദേശകാര്യ, ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി നിയമിച്ചു.

ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ നികുതി ഇളവ് പ്രഖ്യാപിച്ചത് വിപണിയിൽ തകർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കൽ. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) സമ്മേളനത്തിനായി വാഷിങ്ടനിലേക്ക് പുറപ്പെട്ട ക്വാസി ക്വാർടെങ്ങിനെ മടക്കിവിളിച്ചാണ് പുറത്താക്കിയത്.

ക്വാർട്ടെംഗ് ഇനി ഖജനാവിന്റെ മേധാവി ആയിരിക്കില്ലെന്നാണ് ബിബിസി റിപ്പോർട്ട് പറയുന്നത്. ഏതാനും ദിവസം മുൻപ് ഇദ്ദേഹത്തെ പുറത്താക്കാൻ ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നതായി ദ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച പോലും ഈ വാർത്തയെ തള്ളി ക്വാർട്ടംഗ് രംഗത്ത് എത്തിയിരുന്നു. 'താൻ എവിടെയും പോകില്ല' എന്നാണ് അദ്ദേഹം ഈ വാർത്തകളോട് പ്രതികരിച്ചത്.

1970ന് ശേഷം ഏറ്റവും കുറഞ്ഞകാലം മന്ത്രിയായിരുന്നയാൾ എന്ന നാണക്കേടോടെയാണ് ക്വാർട്ടെംഗ് സ്ഥാനം ഒഴിയുന്നത്. 37 ദിവസത്തേക്ക് മാത്രം അധികാരത്തിൽ എത്തിയ ലിസ് ട്രസ് നേരത്തെ വാഷിങ്ടണിലെ ഐഎംഎഫ് യോഗത്തിന് പോയ ക്വാർട്ടെംഗിനോട് ലണ്ടനിലേക്ക് മടങ്ങാൻ നിർദേശിച്ചിരുന്നു.

വർഷങ്ങളോളം മുരടിച്ച വളർച്ചയിൽ നിന്നും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഉദ്ദേശിച്ച് വൻതോതിലുള്ള നികുതിയിളവുകൾക്കും നിയന്ത്രണങ്ങൾ നീക്കുന്നതും അടങ്ങുന്ന പുതിയ ധനനയം ക്വാർട്ടെംഗ് സെപ്റ്റംബർ 23-ന് പ്രഖ്യാപിച്ചത്.

എന്നാൽ പുതിയ ധനനയത്തോട് വിപണികളിൽ നിന്നുള്ള പ്രതികരണം തീർത്തും മോശമായിരുന്നു. വായ്പയെടുക്കലും മോർട്ട്ഗേജ് ചെലവുകളും കുതിച്ചുയർന്നതിനാൽ പെൻഷൻ ഫണ്ടുകൾ അടക്കം പ്രതിസന്ധിയിലാകാതിരിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഇടപെടേണ്ട അവസ്ഥയുണ്ടായിരുന്നു.


വരുമാന നികുതിയിലെ, കൂടിയ വരുമാനക്കാർക്കുള്ള 45 ശതമാനം നികുതി ഉൾപ്പടെ നികുതികൾ എടുത്തുകളഞ്ഞും, ഇളവുകൾ പ്രഖ്യപിച്ചും ചാൻസലർ ക്വാസി ക്വാർട്ടെംഗിന്റെ മിനി ബജറ്റ് വന്നതോടെ പൗണ്ടിന്റെ വില കുത്തനെ ഇടിയുകയായിരുന്നു. പണപ്പെരുപ്പം മൂലമുള്ള വിലക്കയറ്റത്തിനു പുറമെ, പൗണ്ടിന്റെ വില ഇടിഞ്ഞതു മൂലം ഇറക്കുമതിയിൽ ഉണ്ടായ ചെലവുകൾ മൂലം മറ്റൊരു വിലക്കയറ്റം നേരിട്ടു.

വർദ്ധിച്ച ആവേശത്തോടെ ലിസ് ട്രസ്സിനു പുറകിൽ അണിനിരന്ന സാധാരണ ടോറി അംഗങ്ങൾ പോലും അവർക്ക് എതിരാകുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. അഭിപ്രായ വോട്ടെടുപ്പുകളിൽ വരുടെ ജനപ്രീതി മൈനസ് പോയിന്റുകളിലേക്ക് പോകുന്ന സാഹചര്യം വരെ ഉണ്ടായി. കത്തുന്ന ജനരോഷം എം പി മാർ തിരിച്ചറിഞ്ഞു. ഇതേ രീതിയിൽ പോയാൽ അടുത്ത തവണ അവരിൽ പലർക്കും പാർലമെന്റ് കാണാൻ കഴിയാതെ വരും എന്നും അവർ മനസ്സിലാക്കി. ഇത് അവരെ ഒരു വീണ്ടു വിചാരത്തിനു പ്രേരിപ്പിക്കുന്നുണ്ട്.

അധികാരമേറ്റെടുത്ത് ആദ്യമാസം തന്നെ രാജ്യത്തെ വൻതകർച്ചയിലേക്ക് നയിച്ച പ്രധാനമന്ത്രിയെ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള ആലോചനകൾ നടക്കുന്നതായി ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഋഷി സുനാക്, പെന്നി മോർഡൗണ്ട് എന്നിവരിൽ ഒരാളെ പകരം പ്രധാനമന്ത്രിയാക്കുവാനാണ് എം പിമാർ ശ്രമിക്കുന്നത്. നേരത്തേ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള മത്സരത്തിൽ എം പിമാരുടെ പിന്തുണ നല്ലനിലയിൽ നേടിയെടുത്തവരാണ് ഇരുവരും.

 

ക്വാസി ക്വാർട്ടെങ്ങിനെ പുറത്താക്കിയതിന് പിന്നാലെ ലിസ് ട്രസ് രാജിവയ്ക്കാൻ ഒരു കൂട്ടം മുതിർന്ന കൺസർവേറ്റീവുകൾ പരസ്യമായി ആവശ്യപ്പെടാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ചർച്ചകളിൽ ഉൾപ്പെട്ട ഒരു വ്യക്തി ബിബിസി ന്യൂസ്നൈറ്റിനോട് പറഞ്ഞു: ''ഗൗരവമുള്ള ആളുകളാണ്. പ്രധാനമന്ത്രിക്ക് അതിജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും''.

''ലിസ് ട്രസ് ഈ നികുതി വെട്ടിക്കുറവുകളെക്കുറിച്ച് പ്രചാരണം നടത്തി. ഈ പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ മത്സരത്തിൽ ലിസ് ട്രസ് വിജയിച്ചു. അവൾ ക്വാസിയെ കുറ്റപ്പെടുത്തുന്നത് അസംബന്ധമാണ്. ക്വാർട്ടംഗിന് പാർലമെന്ററി പാർട്ടിക്കുള്ളിൽ രാഷ്ട്രീയ അടിത്തറയില്ലെന്ന് കരുതിയാൽ ട്രസിന് തെറ്റ് പറ്റിയെന്ന് കരുതണമെന്നും മുന്നറിയിപ്പ് നൽകി.

''ആളുകൾ ക്വാസിയെ ഇഷ്ടപ്പെടുന്നു. അവൻ സൗഹൃദമാണ്. അവൻ സത്യസന്ധനാണ്. ഒരുപക്ഷേ കുറച്ചുകൂടി സത്യസന്ധത. അതായിരിക്കാം അവന്റെ പ്രശ്‌നം.' റിപ്പോർട്ടുകളോട് പ്രതികരിച്ച് പാർട്ടിയിലെ മുതിർന്ന നേതാവ് പ്രതികരിച്ചു.

ബോറിസ് ജോൺസൺ രാജി വെച്ചതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ, ആദ്യ റൗണ്ടുകളിൽ എം പിമാർക്ക് മാത്രമായിരുന്നു വോട്ട്.. അതിൽ എവിടെയും ലിസ് ട്രസ്സ് മുൻപിൽ എത്തിയിരുന്നില്ല. ഒരുപക്ഷെ, എം പിമാർക്ക് ഇവരിൽ വിശ്വാസം ഇല്ലാത്തതായിരിക്കാം അതിനു കാരണം. പിന്നീട് സാധാരണ അംഗങ്ങൾക്ക് വോട്ട് ചെയ്യാവുന്ന അവസാന റൗണ്ടിൽ ആയിരുന്നു, ജനപ്രിയ വാഗ്ദനങ്ങളുമായി ലിസ് ട്രസ്സിന് എതിരാളിയെ മലർത്തിയടിക്കാൻ ആയത്.

ജനഹിതം എതിരാകും എന്നറിഞ്ഞിട്ടും അന്ന് ലിസിന്റെ എതിരാളിയായ ഋഷി സുനാക് ഒരു കാര്യം വെട്ടിത്തുറന്നു പറഞ്ഞിരുന്നു. നികുതി ഇളവുകൾ നൽകക എന്നത് കേവലം ഒരു മുത്തശ്ശിക്കഥ മാത്രമാണ്വെന്നും, പണപ്പെരുപ്പ നാളുകളിൽ നികുതിയിളവുകൾ നൽകിയാൽ അത് വൻ സാമ്പത്തിക തകർച്ചക്ക് വഴിയൊരുക്കും എന്നതുമായിരുന്നു അത്. ആ വാക്കുകൾ ഇപ്പോൾ സത്യമാവുകയാണെന്ന് ടോറി എം പിമാർ തിരിച്ചറിയുകയാണ്.

കൺസർവേറ്റീവ് പാർട്ടിയുടെ മൂല്യങ്ങളെ ഉപേക്ഷിച്ചിരിക്കുകയാണെന്ന് ആരോപിച്ച വിമതർ, പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവിനെ പോലും ചോദ്യം ചെയ്തു. മിനി ബജറ്റ് മൂലമുണ്ടായ തകർച്ചകൾ പരിഹരിച്ച്, രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഉയർത്തിക്കൊണ്ടു വരാൻ ഈ മാസം അവസാനം വരെ ലിസ് ട്രസ്സിന് നൽകുകയായിരുന്നു.