- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുന്നില്ല; അടിച്ചമർത്തലിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടും പ്രതിഷേധം തുടരുന്നു; മതപൊലീസിന് ആത്മവിശ്വാസം നഷ്ടപ്പെടുന്നു; കടകളും റെസ്റ്റോറന്റുകളും അടച്ച് പ്രക്ഷോഭത്തിന് പുതിയ മാനം; ഇറാൻ ഭരണകൂടത്തേയും കൊണ്ടേ ഇത് അവസാനിക്കുകയുള്ളൂ
ടെഹ്റാൻ: ഇറാനിൽ പ്രതിഷേധം കത്തുന്നു. മഹ്സ അമിമിയുടെ കസ്റ്റഡി മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്ത എങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങുകയാണ് ഇറാൻ സർക്കാർ. കഴിഞ്ഞ ആറാഴ്ചയായി തുടരുന്ന പ്രക്ഷോഭം രാജ്യമെങ്ങും വ്യാപിക്കുകയാണ്. 22 കാരിയായ അമിനി പൊലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടത്. യാഥാസ്ഥിതിക ഭരണകൂടം നടപ്പിലാക്കിയ ഡ്രസ് കോഡ് അനുസരിച്ചില്ല എന്ന കുറ്റത്തിനാണ് അവരെ പൊലീസ് പിടികൂടി അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ഫാക്ടറി തൊഴിലാളികളും കടയുടമകളും റെസ്റ്റോറന്റ് ജീവനക്കാരും എല്ലാം സമരത്തിന് പിന്തുണയുമായി എത്തിയതോടെ പ്രക്ഷോഭത്തിന് പുതിയൊരു മുഖം കൈവന്നിരിക്കുകയാണ്. വർഷങ്ങളായി പൗരസ്വാതന്ത്യം നിഷേധിച്ച് മതഭരണകൂടം നടത്തുന്ന മനുഷ്യത്വ നിഷേ്ധത്തിന് എതിരായ പ്രക്ഷോഭങ്ങൾക്ക് ഈ സംഭവം ആക്കം കൂട്ടിയിരിക്കുകയാണ്. പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട്് ഇത് വരെ 122 പേർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
മുഖാവരണം മാറ്റിയും മുടി മുറിച്ചും സർക്കാരിന് എതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയും നൂറ് കണക്കിന് സ്ത്രീകളാണ് തെരുവുകളിൽ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ മുതലാണ് സമരത്തിന് ആക്കം കൂട്ടി കടകളും റെസ്റ്റോറന്റുകളും അടച്ചിടാൻ ആരംഭിച്ചത്. വൻ തോതിൽ പ്രതിഷേധ പ്രകടനങ്ങളും ഇതോടൊപ്പം അരങ്ങേറി. തലസ്ഥാനമായ ടെഹ്റാനിൽ പല സ്ഥലങ്ങളിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. വ്യാപകമായി പല സ്ഥലങ്ങളിലും തീവെയ്പും നടന്നിരുന്നു.
ഇറാനിലെ പ്രധാന നഗരങ്ങളായ സനൻധജ്, ബുക്കാൻ, സാക്വിസ് എന്നിവിടങ്ങളിലേക്കും സമരം വ്യാപിക്കുകയാണ് എന്നാണ് പ്രക്ഷോഭകാരികൾ പറയുന്നത്. എന്നാൽ സർക്കാർ ഇന്റർനെറ്റ് സംവിധാനങ്ങൾ വിലക്കിയതിനാൽ ഇവിടങ്ങളിലെ സമരങ്ങളുടെ വിശദാംശങ്ങൾ ലഭിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്. കുർദിസ്ഥാൻ പ്രവിശ്യയിലെ സാക്വിസ് സ്വദേശിനിയാണ് കൊല്ലപ്പെട്ട മഹസ് അമിനി.
അതേ സമയം പ്രതിഷേധക്കാർക്ക് പിന്തുണ നൽകുന്നത് അമേരിക്കയാണെന്ന ആരോപണവുമായി ഇറാൻ ഭരണകൂടം രംഗത്തെത്തി. 2015 ലെ ആണവ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതിന് പിന്നിലെന്നും അവർ കുറ്റപ്പെടുത്തുന്നു. അമേരിക്ക നിരന്തരമായി തങ്ങളുടെ ഒരു വശത്ത് സമാധാന ചർച്ചകൾ നടത്തുകയും മറുവശത്ത് പ്രക്ഷോഭത്തിന് ആക്കം കൂട്ടുകയും ചെയ്യുക ആണെന്നാണ് ഇറാന്റെ ആരോപണം. ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹ്യാൻ അമേരിക്കയ്ക്ക് എതിരെ പരസ്യമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
അതിനിടെ പല രാജ്യങ്ങളിലും ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി സംഘടനകളും പ്രസ്ഥാനങ്ങളും എല്ലാം രംഗത്ത് എത്തുകയാണ്. ബർലിനിൽ ഇറാൻ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് പടുകൂറ്റൻ റാലി നടന്നു. ലോകത്തെ എല്ലാ ജനാധിപത്യ സർ്ക്കാരുകളും ഇറാനുമായുള്ള നയതന്ത്രബന്ധം നിർത്തിവെയ്ക്കണമെന്ന് റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഈ രാജ്യങ്ങൾ ഇറാന്റെ അംബാസിഡർമാരെ പുറത്താക്കണമെന്ന് ഇറാനിയൻസ് ഫോർ ജസ്റ്റിസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
എല്ലാ രംഗങ്ങളിലും ഇറാന് വിലക്ക് ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാനിലും വിവിധ നഗരങ്ങളിൽ ഇറാൻ പ്രക്ഷോഭകർക്ക് പിന്തുണ അറിയിച്ച് പ്രകടനങ്ങൾ നടക്കുകയാണ്. ഇന്നും നാളെയും ഇറാനിലെ അദ്ധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധ സമരങ്ങളുടെ പേരിൽ പൊലീസും സൈന്യവും സ്ക്കൂളുകളിലും കടന്ന് കയറി അക്രമം നടത്തുന്നതിന് എതിരെയാണ് ഈ പണിമുടക്ക്.
സമരത്തെ നേരിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി കൂട്ട അറസ്റ്റുകൾ നടക്കുകയാണ്. പൗരന്മാർക്ക് യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരേയും കായികതാരങ്ങളയേും സാംസ്കാരിക നായകന്മാരെയും കൂട്ടത്തോടെ സുരക്ഷാസേന പിടികൂടുകയാണ്. കഴിഞ്ഞയാഴ്ച സിയോളിൽ നടന്ന കായികമേളയിൽ മുഖാവരണം ധരിക്കാതെ പങ്കെടുത്തതിന് ഒരു കായികതാരത്തിനെ സർക്കാർ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. എൻനാസ് റഖാബി എന്ന ഈ കായികതാരത്തിന് വിമാനത്താവളത്തിൽ നൽകിയ ആവേശകരമായ വരവേൽപ്പാണ് അധികൃതരെ ചൊടിപ്പിച്ചത്.
ഇവരുടെ മൊബൈൽഫോൺ പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് കൈക്കലാക്കിയ ശേഷമാണ് അവരെ വീട്ടുതടങ്കലിലാക്കിയത്. നേരത്തേ തന്നെ സ്വീകരിക്കാൻ എത്തിയവർക്ക് ഇൻസ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സ്പോർട് ക്ലൈമ്പിങ് അടിയന്തരമായി ഇടപെടണമെന്ന് അമേരിക്കയിലെ പ്രമുഖ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇറാൻ സർ്ക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്നും എതിർക്കുന്നവരെ കൊല്ലുന്ന സർ്ക്കാരാണ് അവിടെ ഭരിക്കുന്നതെന്നും അവർ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ