ജറുസലം: ഇസ്രയേലിൽ വീണ്ടും അധികാരം ഉറപ്പിച്ച് മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ
നെതന്യാഹൂ. ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹു ശക്തമായി തിരിച്ചുവന്നേക്കുമെന്ന സൂചനകൾ നൽകുന്നതാണ് വോട്ടെണ്ണലിന്റെ ഭാഗിക വിവരങ്ങൾ പുറത്തുവന്നപ്പോഴുള്ള റിപ്പോർട്ടുകൾ.

തീവ്ര ദേശീയ മത സയണിസം പാർട്ടിയുടെ സഹായത്തോടെ പാർലമെന്റിൽ വൻ ഭൂരിപക്ഷം നേടാൻ നെതന്യാഹുവിന്റെ പാർട്ടിക്ക് കഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. പോൾ ചെയ്ത വോട്ടുകളിൽ 86% എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ സഖ്യത്തിന് 120ൽ 65 സീറ്റുകൾ ലഭിച്ചുവെന്നാണ് വിവരം.

''നമ്മൾ വലിയൊരു വിജയത്തിലേക്ക്'' എന്നാണ് ജറുസലമിൽ അനുയായികളോട് നെതന്യാഹു പറഞ്ഞത്. തീവ്ര വലതുപക്ഷമായ റിലീജിയസ് സയണിസം പാർട്ടിയുടെ പിന്തുണയോടെ നെതന്യാഹു വീണ്ടും ഭരണത്തിലേറുമെന്ന് ഏറെക്കുറെ ഉറപ്പിക്കുന്നതാണ് പുറത്തുവന്ന ഫലങ്ങൾ. അറബ് വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ളവരാണ് റിലീജിയസ് സയണിസം പാർട്ടിയുടെ മുതിർന്ന നേതാക്കളായ ബെൻഗ്വിർ, ബെസാലൽ സ്‌മോട്രിച് തുടങ്ങിയവർ.

പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ചില മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും എഴുപത്തിമൂന്നുകാരനായ നെതന്യാഹു തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ശക്തമായ വെല്ലുവിളി ഉയർത്തിയ ഇടതു പക്ഷമായ മെറെറ്റ്‌സ് പാർട്ടിക്ക് നെതന്യാഹുവിന്റെ വിജയത്തെ തടുത്തുനിർത്താനായില്ല. എക്‌സിറ്റ് പോളുകളും നെതന്യാഹു പക്ഷത്തിന് വിജയം പ്രവചിച്ചിരുന്നു. എന്നിരുന്നാലും, തീവ്ര ദേശീയ മത സയണിസം പാർട്ടിയുടെ പിന്തുണയെ ആശ്രയിച്ചിരിക്കും നെതന്യാഹുവിന്റെ സാധ്യത.

നാല് വർഷത്തിനിടെയുള്ള അഞ്ചാമത്തെ തിരഞ്ഞെടുപ്പിനാണ് ഇസ്രയേൽ ജനത സാക്ഷിയാകുന്നത്. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10.30ന് ആരംഭിച്ച വോട്ടിങ് പുലർച്ചെ 1.30 വരെ തുടർന്നു.

കഴിഞ്ഞ മൂന്നര വർഷമായി രാജ്യത്ത് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഈ തിരഞ്ഞെടുപ്പിലൂടെയെങ്കിലും അവസാനം കാണുമെന്നാണ് ഇസ്രയേലി ജനതയുടെ പ്രതീക്ഷ. നിലവിൽ രാജ്യത്തിന്റെ കാവൽ പ്രധാനമന്ത്രിയും യെഷ് ആറ്റിഡ് പാർട്ടി നേതാവുമായ യെയ്‌ർ ലാപിഡായിരുന്നു നെതന്യാഹുവിന്റെ മുഖ്യ എതിരാളി.

ഇസ്രയേലി പാർലമെന്റിൽ ഇതുവരെ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായിട്ടില്ല എന്നതാണ് പ്രതിസന്ധികളുടെ പ്രധാന കാരണം. അഭിപ്രായ സർവേകൾ പ്രകാരം ഇത്തവണയും ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തിയത്.

യെഷ് ആറ്റിഡ് രണ്ടാം സ്ഥാനത്തെത്തിയേക്കും. ഫലം പുറത്തുവരുമെങ്കിലും സർക്കാർ രൂപീകരണം ആഴ്ചകളോളം നീണ്ടേക്കും. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 60ലേറെ സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നായിരുന്നു പ്രവചനം.

യമിന പാർട്ടി നേതാവായ നഫ്താലി ബെന്നറ്റിന്റെയും യെയ്‌ർ ലാപിഡിന്റെയും നേതൃത്വത്തിൽ എതിരാളികൾ സഖ്യം രൂപീകരിച്ച് പാർലമെന്റിൽ ഭൂരിപക്ഷം നേടിയതോടെ കഴിഞ്ഞ വർഷമാണ് നെതന്യാഹുവിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്.

എട്ടു പാർട്ടികളടങ്ങുന്ന നഫ്താലി ബെന്നറ്റിന്റെ ഭരണ മുന്നണി സഖ്യത്തിന് ഏപ്രിലിൽ ഒരു പാർലമെന്റംഗം രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതോടെ ബെന്നറ്റ് രാജിവയ്ക്കുകയും വിദേശകാര്യ മന്ത്രിയായിരുന്ന ലാപിഡ് കാവൽ പ്രധാനമന്ത്രിയാവുകയുമായിരുന്നു.

2019 ഏപ്രിൽ മുതൽ സുസ്ഥിരമായ ഒരു സർക്കാർ ഇസ്രയേലിൽ അധികാരത്തിലിരുന്നിട്ടില്ല. നാല് വർഷത്തിനിടെ നാല് ഭരണകൂടമാണ് രാജ്യത്ത് അധികാരത്തിലിരുന്നത്. ഇപ്പോഴിതാ ഇസ്രയേലിൽ പുതിയ പ്രധാനമന്ത്രിക്കായി തിരഞ്ഞെടുപ്പ് നടന്നത്.

രണ്ട് വർഷത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം കഴിഞ്ഞ വർഷം ജൂണിൽ വലതുപക്ഷ നേതാവായ നഫ്താലി ബെന്നറ്റ് മധ്യവാദിയായ യെയർ ലാപിഡുമായി സഖ്യ കരാറുണ്ടാക്കി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയിരുന്നു. ലിക്കുഡ് നേതാവ് നെതന്യാഹുവിന്റെ 12 വർഷത്തെ റെക്കോർഡ് ഭരണം ഇതിലൂടെ അവസാനിപ്പിക്കാനും അവർക്ക് സാധിച്ചു. എന്നാൽ രണ്ടാഴ്ച മുൻപ് സഖ്യം വേർപിരിയുകയും രാജ്യം പുതിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയുമായിരുന്നു.

ഇസ്രയേലി പാർട്ടികളെ സംബന്ധിച്ചിടത്തോളം, പ്രധാന എതിരാളികൾ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിലെ ഏറ്റവും വലിയ പാർട്ടിയായ ലിക്കുഡാണ്. 'നാഷണൽ ക്യാമ്പ്' ബ്ലോക്കിന് കീഴിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരായ ഇറ്റാമർ ബെൻ-ഗ്വിർ, ബെസാലെൽ സ്‌മോട്രിച്ച് എന്നിവർക്കൊപ്പം മത്സരിക്കുന്ന നെതന്യാഹു 61 സീറ്റുകളുടെ ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്

മതേതര, ഇടത്-മധ്യ-ഇടത് ഫലസ്തീൻ-ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ പീസ് ആൻഡ് ഇക്വാലിറ്റിയെ നയിക്കുന്നത് മുതിർന്ന നേതാക്കളായ ഒഡെയും ടിബിയുമാണ്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയായ ഡെമോക്രാറ്റിക് ആണ് ഇസ്രയേലിലെ ഫലസ്തീനികൾക്കിടയിലെ ഏറ്റവും വലിയ പാർട്ടി. ഇസ്രയേലുമായുള്ള സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നത്. കിഴക്കൻ ജറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും അധിനിവേശ പ്രദേശങ്ങളിലും ഉപരോധിക്കപ്പെട്ട ഗസ്സാ മുനമ്പിലും ഇസ്രയേൽ സെറ്റിൽമെന്റുകൾ പൊളിച്ച് ഫലസ്തീനിയൻ രാഷ്ട്രം സ്ഥാപിക്കണമെന്ന നിലപാടുകാരുമാണ് ഇവർ.