- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രായാധിക്യത്താൽ വലയുന്ന ജോ ബൈഡനെതിരെയുള്ള വികാരം തല്ലിക്കെടുത്തിയത് ട്രംപിന്റെ നീക്കങ്ങൾ; മിഡ് ടേം തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയേറ്റതോടെ ട്രംപിനെതിരെ പാർട്ടിയിൽ കലാപം; വീണ്ടും പ്രസിഡണ്ടാകാനുള്ള മോഹം വെറുതെയാകും
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പരാജയം നുകർന്നതോടെ ഡൊണാൾഡ് ട്രംപിനെതിരെയുള്ള വികാരം റിപ്പബ്ലിക്കൻ പാർട്ടിയിൽ ശക്തമാവുകയാണ്. ഒരു സർവ്വനാശമാണ് ട്രംപ് എന്നയിരുന്നു ചില മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൾ പറഞ്ഞത്. ഇനിയും ചില വോട്ടുകൾ കൂടി എണ്ണാനിരിക്കേ കോൺഗ്രസ്സിൽ ഭൂരിപക്ഷം നേടാമെന്നുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ മോഹം കരിയുകയാണ്. ഇനി മൂന്ന് സെനറ്റ് സീറ്റുകളിലേയും 44 ജനപ്രതിനിധി സഭ സീറ്റുകളിലേയും ഫലങ്ങളാണ് പുറത്തു വരാനുള്ളത്.
വളരെ നിരാശാജനകമായ ഫലം പ്രതീക്ഷിച്ചിരുന്ന ഡെമോക്രാറ്റുകൾക്ക് ഇപ്പോൾ രണ്ട് സഭകളിലേയും നിയന്ത്രണം കൈവന്നേക്കും എന്ന നിലയാണുള്ളത്. അതായത്, വരുന്ന രണ്ടു വർഷക്കാലം ജോ ബൈഡന് തന്റെ നയങ്ങളുമായി ധൈര്യമായി മുൻപോട്ട് പോകാനാകുമെന്നർത്ഥം. ട്രംപ് ആവേശപൂർവ്വം പരസ്യമായി പിന്തുണച്ച സ്ഥാനാർത്ഥികളിൽ പലരും ദയനീയമായി പരാജയപ്പെട്ടത് പാർട്ടിക്കുള്ളിൽ ട്രംപിന്റെ വിശ്വാസ്യത കെടുത്തി.
കടുത്ത ട്രംപ് പക്ഷക്കാരെയായിരുന്നു പലയിടങ്ങളിലും സ്ഥാനാർത്ഥികളാക്കിയത്. 2020 ലെ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നു എന്ന് ആണയിട്ടു പറയുന്നവരാണിത്. ട്രംപിന്റെ മണ്ടൻ സമീപങ്ങളാണ് പാർട്ടിയുടെ പരാജയത്തിനു കാരണമെന്ന് പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം, 2024 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയാകാൻ സാധ്യതയുള്ള ഫ്ളോറിഡ ഗവർണർ റോൺ ഡി സാന്റിസിന് തിളക്കമാർന്ന വിജയമാണ് ലഭിച്ചത്. ലിബറൽ ഹൃദയഭൂമിയായ മിയാമിയെ കൂടി ചുവപ്പിച്ചുകൊണ്ടുള്ള വിജയം.
നവംബർ 15 ന് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ധാരാളം പേർ 2024 തെരഞ്ഞെടുപ്പിനുള്ള അദ്ദേഹത്തിന്റെ പ്രചാരണം ആരംഭിക്കുന്നതിനെ കുറിച്ച് പുനരാലോചന നടത്തണം എന്ന് അഭിപ്രായപ്പെടുകയാണ്. അടുത്തയിടെ ട്രംപിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ച ന്യുയോർക്ക് ടൈംസിലെ മാഗി ഹേബർമാൻ പറയുന്നത് പെൻസില്വാനിയയിലെ മത്സരത്തിൽ ഡോ. ഓസ് പരാജയപ്പെട്ടത് ട്രംപിനെ വളരെയേറെ കുപിതനാക്കിയിട്ടുണ്ട് എന്നാണ്. ഓസിനെ പിന്തുണക്കാൻ തന്നെ പ്രേരിപ്പിച്ച തന്റെ ഭാര്യയോടു പോലും ട്രംപ് അനിഷ്ടം പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഈ പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള പണപ്പെരുപ്പം തുടരുമ്പോഴും, ജോ ബൈഡന്റെ ജനപ്രീതി കുത്തനെ ഇടിയുമ്പോഴും ഡെമോക്രാറ്റുകൾക്ക് തെരഞ്ഞെടുപ്പ് വിജയം നൽകുന്നതിൽ പ്രധാന കാരണം ട്രംപിന്റെ തെറ്റായ തീരുമാനങ്ങൾ ആയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. മികച്ച സ്ഥാനാർത്ഥികളെ ഇതുമൂലം നിർത്താനായില്ല എന്നും പല പാർട്ടി നേതാക്കളും സമ്മതിക്കുന്നുമുണ്ട്. എന്നിരുന്നാലും, ഇപ്പോഴും പ്രതിനിധി സഭയിൽ റിപ്പബ്ലിക്കുകൾക്ക് തന്നെ ഭൂരിപക്ഷം ലഭിച്ചേക്കാം. എന്നാൽ, സെനറ്റിലെ കാര്യം പറയാറായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ