- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷുകാരെ മുഴുവൻ വംശീയവാദികളാക്കി ചിത്രീകരിച്ച് ഹാരിയും മേഗനും; പിതാവായ ചാൾസ് രാജാവിനെ കുറ്റപ്പെടുത്തുന്നത് അനേകം ഇടത്ത്; വില്യമും കെയ്റ്റും ഉമ്മ വെയ്ക്കുന്നത് പോലും പ്രോട്ടോക്കൊൾ നോക്കിയെന്ന് വരെ ആരോപണം; ബ്രിട്ടീഷ് രാജകുടുംബത്തെ കുഴപ്പത്തിലാക്കി നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററി
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി ഇന്നലെ പുറത്തുവന്ന ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്ളിക്സ് സീരീസിൽ ബ്രിട്ടനെതിരെയും കടുത്ത ആരോപണങ്ങൾ. സീരീസ് ആരംഭിക്കുന്നത് തന്നെ, തങ്ങളുടെ ജീവിത കഥ പറയുന്ന സീരീസുമായി സഹകരിക്കേണ്ടെന്ന ബക്കിങ്ഹാം കൊട്ടാരത്തിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ദമ്പതിമാർ പക്ഷെ 100 മില്യൺ ഡോളർ കരാറിന്റെ ഭാഗമായ ഈ സീരീസിനായി തങ്ങളുടെ ഏറെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. 2017-ൽ ഹാരി തന്റെ പ്രണയം അറിയിക്കുന്ന ചിത്രം ഉൾപ്പടെ ഇതിലുണ്ട്.
സീരീസിലെ ആദ്യ മൂന്ന് എപ്പിസോഡുകളിൽ മുഴുവൻ തന്റെ പിതാവ് ചാൾസിനെതിരെയുള്ള ആരോപണങ്ങളുടെ കൂരമ്പുകളാണ്. തന്റെ കൗമാരത്തിന്റെ അവസാന നാളുകളിലും ഇരുപതുകളുടെ തുടക്കത്തിലും ആഫ്രിക്കയിൽ മൂന്നു മാസം ചെലവഴിക്കാൻ നിർബന്ധിതനായത് ഉൾപ്പടെയുള്ള കാര്യങ്ങൾ പറഞ്ഞ ഹാരി, അക്ഷരാർത്ഥത്തിൽ താൻ ഒരു രണ്ടാം കുടുംബത്തിലായിരുന്നു വളർന്നത് എന്നും പറഞ്ഞുവയ്ക്കുന്നു.
കൊട്ടാരത്തിലെ അബോധപൂർവ്വമായ വിവേചനങ്ങളെ കുറിച്ചും ഹാരി സീരീസിൽ വാചാലനാകുന്നുണ്ട്. മാത്രമല്ല, കുറേക്കൂടി കടന്ന്, അമേരിക്കക്കാരേക്കാൾ വംശീയത കൂടുതലുള്ള വിഭാഗമാണ് ബ്രിട്ടീഷുകാർ എന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. ബ്രിട്ടനിലെത്തുന്നതു വരെ തന്നെ ഒരു കറുത്ത വർഗ്ഗക്കാരിയായി പരിഗണിച്ചിരുന്നില്ല എന്ന് മേഗനും സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഹൃദയത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു മേഗൻ എന്ന് പറഞ്ഞ ഹാരി അവരെ വിവാഹം കഴിക്കുക വഴി കുടുംബത്തിൽ ഒറ്റപ്പെട്ടതായും പറഞ്ഞു. ഒരു അമേരിക്കൻ നടിയാണ് ഭാര്യ എന്നതിനാൽ, ആ ബന്ധം ഏറെനാൾ നീണ്ടുനിൽക്കില്ല എന്നുവരെ അവർ വിശ്വസിച്ചിരുന്നതായും ഹാരി പറയുന്നു.
തന്റെ കുടുംബത്തിലെ ഒട്ടു മിക്ക അംഗങ്ങൾക്കും, പ്രത്യേകിച്ച് പുരുഷന്മാർക്ക്, രാജകുടുംബത്തിലെ അച്ചിനു പാകത്തിലുള്ള ഒരു സ്ത്രീയെ താൻ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം എന്നും ഹാരി പറയുന്നു. മസ്തിഷ്കം ഉപയോഗിച്ചും ഹൃദയം ഉപയോഗിച്ചും തീരുമാനങ്ങൾ എടുക്കുന്നതിൽ വ്യത്യാസമുണ്ടെന്നും തന്റെ അമ്മ എപ്പോഴും ഹൃദയത്തിൽ നിന്നായിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നതെന്നും പറഞ്ഞ ഹാരി താൻ അമ്മയുടെ മകനാണെന്നും പറഞ്ഞുവച്ചു. അതുപോലെ വ്യാജരേഖകൾ കാണിച്ച് വഞ്ചിച്ച് തയ്യാറാക്കിയ ഡയാനയുടെ ബി ബി സി അഭിമുഖത്തിന്റെ ഒരു ഭാഗവും ഇതിൽ കാണിക്കുന്നുണ്ട്.
രാജകൊട്ടാരത്തിലെ ഔപചാരികതകളെ കുറിച്ച് മേഗൻ പുച്ഛത്തോടെയാണ് സംസാരിക്കുന്നത്. എലിസബത്ത് രാജ്ഞിയെ ആദ്യമായി കണ്ട സന്ദർഭത്തിൽ താണു വണങ്ങേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞ അവർ വിൻഡ്സർ കൊട്ടാരത്തിലെ ആദ്യത്തെ അത്താഴം ഏതാണ്ട് മദ്ധ്യകാലഘട്ടത്തിലെ ഭക്ഷണത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു എന്നും പറയുന്നു. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ സീരീസ് പുറത്തു വിടുന്നത്. ആദ്യ മൂന്ന് എപ്പിസോഡുകൾ അടങ്ങിയ ആദ്യഭാഗം ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്. രാജകുടുംബത്തിലെ ചുമതലകൾ ഒഴിഞ്ഞ് ഹാരിയും മേഗനും അമേരിക്കയിലേക്ക് പറന്ന ദിവസത്തിൽ നിന്നാണ് ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്.
ചാൾസ് മൂന്നാമനെ പ്രകോപിതനാക്കുന്ന ഏഴ് സന്ദർഭങ്ങൾ
ഡയാനയുടെ പനോരമ അഭിമുഖം മുതൽ രാജകുടുംബത്തിനകത്തെ ഔപചാരികത വരെ, ചാൾസിനെ പ്രകോപിതനാക്കിയേക്കാവുന്ന നിരവധി കാര്യങ്ങളാണ് ഇന്നലെ പുറത്തുവിട്ട നെറ്റ്ഫ്ളിക്സ് സീരീസിന്റെ ആദ്യ എപ്പിസോഡിലുള്ളത്. രാജകൊട്ടാരത്തിലെ ഔപചാരികതകളെ കുറിച്ച് അല്പം പുച്ഛത്തോടെ തന്നെയാണ് മേഗൻ സംസാരിക്കുന്നത്. അതുപോലെ, താൻ കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന സമ്മർദ്ദങ്ങളെ കുറിച്ച് ഹാരി പറയുന്ന സമയത്ത് ചാൾസും ഡയാനയും ഹാരിയും വില്യമും നിൽക്കുന്ന ഒരു പഴയ ചിത്രം കാണിക്കുന്നുമുണ്ട്.
താൻ അമ്മയുടെ മകനാണ് എന്ന് പറഞ്ഞ ഹാരി, ചാൾസുമായുള്ള വിവാഹമോചനത്തിനു ശേഷം അമ്മ തീർത്തും ഒറ്റപ്പെട്ടുപോയി എന്നും പറയുന്നു. താനും മേഗനും പക്ഷെ തന്റെ മാതാപിതാക്കൾ ചെയ്ത തെറ്റ് ആവർത്തിക്കില്ല എന്നും ഹാരി പറയുന്നുണ്ട്. മാത്രമല്ല, രാജകുടുംബം ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കാത്ത പനോരമ അഭിമുഖത്തിൽ ഡയാന സത്യം തുടന്നു പറയുകയായിരുന്നു എന്നും ഹാരി പറയുന്നു.
രാജകുടുംബത്തിനു നേരെ ആരോപണ ശരങ്ങൾ
തന്റെ കുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് ഹാരി ഈ സീരീസിൽ എത്തുന്നത്. അതിൽ ചിലത് രാജകുടുംബത്തെ വെട്ടിലാക്കിയേക്കും. അത്തരത്തിൽ ഒന്നാണ് രാജകുടുംബം വിട്ടു പോകേണ്ടി വന്നത് മേഗനെ സംരക്ഷിക്കാനായിരുന്നു എന്ന ഹാരിയുടെ പ്രസ്താവന. ചാൾസിനെ വിവാഹം കഴിച്ച് രാജകുടുംബത്തിലെത്തിയ ഡയാനയോടായിരുന്നു ഹാരി മേഗനെ താരതമ്യം ചെയ്തത്. തന്റെ അമ്മയുടെ സഹജ ഗുണങ്ങളായ സ്നേഹം, ദയ, സഹാനുഭൂതി എന്നിവയെല്ലാം മേഗനിൽ ഉണ്ടെന്നും ഹാരി പറയുന്നു.
ഹാരിയും വില്യമും ചേർന്നുള്ള ചില ബാല്യകാല വീഡിയോകളും ഈ സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ബാല്യകാലം താമശകളും, കുസൃതികളും ചിരിയും നിറഞ്ഞതായിരുന്നു എന്ന് ഹാരി പറയുന്നുണ്ട്. എന്നാൽ, തന്റെ അമ്മയെ കുറിച്ച് ആദ്യകാല ഓർമ്മകൾ തീരെ കുറവാണെന്നും ഹാരി പറയുന്നു. അമ്മയുടെ ചിരി ഇന്നും ഓർക്കുന്നുണ്ട്. ഹാരിക്ക് 12 വയസ്സ് മാത്രമുള്ളപ്പോഴാണ് കാറപകടത്തിൽ ഡയാന മരിക്കുന്നത്.
ഹാരിയും മേഗനും ആദ്യമായി കണ്ടു മുട്ടിയതു മുതൽ ഉള്ള പല സംഭവങ്ങളും സീരീസിന്റെ ആദ്യ ഭാഗത്ത് പരാമർശിക്കപ്പെടുന്നുണ്ട്. ആദ്യമായി വില്യമിനെയും കെയ്റ്റിനെയും കണ്ട കാര്യവും രാജകൊട്ടാരത്തിലെ ഔപചാരികതകളുമൊക്കെ പരാമർശ വിഷയാകുന്നുണ്ട്. അതുപോലെ തന്റെ 20-ാം വയസ്സിൽ നാസി യൂണീഫോം അണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തതിനെ കുറിച്ചോർത്ത് ഇപ്പോൾ ലജ്ജിക്കുന്നു എന്നും ഹാരി പറയുന്നുണ്ട്.
മേഗന്റെ ഓർമ്മകൾ
താൻ ആദ്യമായി വില്യം രാജകുമാരനെയും കെയ്റ്റിനേയും കാണുന്ന സമയത്ത് നഗ്നപാദയായിരുന്നു എന്ന് മേഗൻ ഓർക്കുന്നു. അല്പം പിന്നിയ ജീൻസും ആയിരുന്നു ധരിച്ചിരുന്നത്. സ്നേഹത്തിനു പകരം ഔപചാരികതയായിരുന്നു അവിടെ നിഴലിച്ചിരുന്നത്. മുറിക്ക് പുറത്ത് നിഴലിച്ചു നില്ക്കുന്ന ഔപചാരികത മുറിക്കുള്ളിലേക്കും ആനയിക്കപ്പെടുമായിരുന്നു.
അതേസമയം മേഗനും പിതാവുമായുള്ള പിണക്കത്തിന് ഉത്തരവാദിത്തം ഹാരി ഏറ്റെടുക്കുകയായിരുന്നു. മേഗൻ തനിക്കൊപ്പമല്ലായിരുന്നെങ്കിൽ അവരുടെ പിതാവ് ഇപ്പോഴും അവരുടെ പിതാവായി തുടരുമായിരുന്നു എന്നായിരുന്നു ഹാരി പറഞ്ഞത്. മു ലൈറ്റിങ് ഡയറക്ടർ കൂടിയായ തന്റെ പിതാവ്, തങ്ങളുടെ വിവാഹത്തലേന്ന് വിൻഡ്സർ കാസിലിലെ സെയിന്റ് ജോർജ്ജ് ചാപ്പലിൽ വെച്ച് തങ്ങളറിയാതെ ചിത്രങ്ങൾ പകർത്തി 1 ലക്ഷം പൗണ്ടിന് മാധ്യമങ്ങൾക്ക് വിറ്റുവെന്നും മേഗൻ ഓർത്തെടുത്ത് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ