കീവ്: യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിനു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് ആഭ്യന്തര മന്ത്രി അടക്കം പതിനാറ് പേർ കൊല്ലപ്പെട്ടതായി റിപോർട്ട്. യുക്രെയ്ൻ ആഭ്യന്തര മന്ത്രിയും രണ്ട് കുട്ടികളും ഉൾപ്പെടെ 16 പേർ അപകടത്തിൽ കൊല്ലപ്പെട്ടതായാണ് യുക്രെയ്നിന്റെ നാഷണൽ പൊലീസ് മേധാവി ഇഹോർ ക്ലൈമെൻകോ അറിയിച്ചത്. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി(42), അദ്ദേഹത്തിന്റെ ഉപ മന്ത്രി യെവ്ജനി യെനിൻ എന്നിവരെ കൂടാതെ എട്ട് ഉന്നത ഉദ്യോഗസ്ഥരുമാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്.

കീവിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ബ്രോവാരിയിൽ തകർന്നുവീണ എമർജൻസി സർവീസ് ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടു ഇഹോർ ക്ലെമെൻകോ പറഞ്ഞു. അപകടത്തിൽ 10 കുട്ടികളടക്കം 22 പേർക്ക് പരിക്കേറ്റു. കീവിന് സമീപമുള്ള കിന്റർഗാർട്ടന് സമീപം ഹെലികോപ്റ്റർ തകർന്നു വീണുവെന്ന് ഉദ്യോഗസ്ഥരും മാധ്യമങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ദുരന്തത്തിന്റെ കാരണം വ്യക്തമല്ല. ആഭ്യന്തര മന്ത്രിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും അപകടത്തിൽ മരിച്ചുവെന്നാണ് പൊലീസ് അറിയിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. 10 കുട്ടികളടക്കം അപകടത്തിൽ പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.