കീവ്: റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുക്രെയ്‌നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്ൻ നഗരങ്ങളിൽ റഷ്യൻ സേന വ്യാപക ആക്രമണം തുടരുന്നതിനിടെയാണ്, പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്‌നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ബൈഡന്റെ സന്ദർശനം. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

റഷ്യ-യുക്രെയ്ൻ യുദ്ധ ആരംഭിച്ചതിനുശേഷം ആദ്യമായിട്ടാണ് യു.എസ് പ്രസിഡന്റ് യുക്രെയ്ൻ സന്ദർശിക്കുന്നത്. 'ഒരു വർഷത്തിനു ശേഷവും കീവ് നിവർന്നു നിൽക്കുന്നു, യുക്രെയ്ൻ നിവർന്നു നിൽക്കുന്നു, ജനാധിപത്യവും നിവർന്നു നിൽക്കുന്നു' എന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തിയ ബൈഡൻ പ്രതികരിച്ചു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡൻ, യുക്രെയ്‌ന് 50 കോടി യുഎസ് ഡോളറിന്റെ പ്രത്യേക സഹായവും പ്രഖ്യാപിച്ചു. കൂടുതൽ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം പലതവണ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി ബൈഡനെ ഇവിടേക്കു ക്ഷണിച്ചിരുന്നു.

ഇത്തവണ യുക്രെയ്‌ന്റെ അയൽ രാജ്യമായ പോളണ്ടിലേക്ക് ഔദ്യോഗിക സന്ദർശനം നടത്താനിരിക്കെയാണ്, മുൻകൂട്ടി പ്രഖ്യാപിക്കാതെ ബൈഡൻ കീവിലെത്തിയത്. പോളണ്ടിലെത്തുന്ന ബൈഡൻ, പ്രസിഡന്റ് ആന്ദ്ര്സെജ് ദൂദയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.

അതേസമയം, യുക്രെയ്‌നിലേക്ക് ഇന്ന് ഒരു അപ്രതീക്ഷിത അതിഥി എത്തുമെന്ന അഭ്യൂഹം രാവിലെ മുതൽ സജീവമായിരുന്നു. നഗരത്തിൽ അപ്രതീക്ഷിതമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതും സുരക്ഷ വർധിപ്പിച്ചതും അഭ്യൂഹത്തിനു കരുത്തു പകർന്നു. യുക്രെയ്‌നെതിരായ ആക്രമണം റഷ്യ കടുപ്പിക്കുന്നതിനിടെ ബൈഡൻ കീവിലെത്തിയതിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണെന്ന് നിരീക്ഷകൾ ചൂണ്ടിക്കാട്ടുന്നു.



ബൈഡന്റെ സന്ദർശനം റഷ്യക്ക് തുറന്ന മുന്നറിയിപ്പാണെന്ന് വിദഗ്ദ്ധർ വിലയിരുത്തി. യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തു. എന്നാൽ പ്രശ്‌നം കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.

മ്യൂണിക്കിൽ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യൻ അധിനിവേശത്തിനു പിന്തുണ നൽകിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനൽകിയത്.



എന്നാൽ ചൈന കൈകെട്ടി നോക്കി നിൽക്കുകയോ എരിതീയിൽ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു. റഷ്യ അനുകൂലമായ നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശമേഖലകളിൽ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. 

ബൈഡന്റെ സന്ദർശനത്തോടെ പ്രശ്‌നം കൂടുതൽ സങ്കീർണമായേക്കും. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ ആരോപിച്ചിരുന്നു.