- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈന റഷ്യയെ പിന്തുണച്ചാൽ മൂന്നാം ലോകമഹായുദ്ധമെന്ന മുന്നറിയിപ്പ് നൽകി യുക്രെയിൻ പ്രസിഡണ്ട്; ആലോചയില്ലെന്ന് ചൈന; ആണവായുധങ്ങൾ പൊടിതട്ടിയെടുത്ത് അഭ്യാസ പ്രകടനം നടത്തി വിന്യസിച്ച് റഷ്യയും; പ്രതിസന്ധി രൂക്ഷം
റഷ്യയ്ക്ക് മാരകമായ ആയുധങ്ങൾ നൽകി സഹായിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് ചൈന നിഷേധിക്കുമ്പോഴും, അത്തരത്തിൽ ഒരു ശ്രമം ഉണ്ടായാൽ അത് മൂന്നാം ലോക മഹായുദ്ധത്തിലായിരിക്കും കലാശിക്കുക എന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി മുന്നറിയിപ്പ് നൽകുന്നു. യുക്രെയിൻ യുദ്ധത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ചൈന ഇടപെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് നേരത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി അന്റണി ബ്ലിൻകനും റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്ന കാര്യം ചൈന ആലോചിക്കുന്നു എന്ന റിപ്പോർട്ടിനെ അമേരിക്ക ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ബ്ലിൻകൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ചൈന റഷ്യയെ സഹായിക്കില്ല എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു ജർമ്മൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്‌കി പറഞ്ഞിരുന്നു. ചൈന തങ്ങൾക്കൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും അങ്ങനെ സംഭവിക്കുകയില്ല എന്ന് അറിയാമെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.
അതിനിടയിൽ, റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിനു മുൻപായി അമേരിക്കൻ പ്രസിഡണ്ട് നടത്തിയ അപ്രതീക്ഷ സന്ദർശനത്തിനിടയിൽ യുക്രെയിന് 500 മില്യൺ ഡോളറിന്റെ പുതിയ ആയുധ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു. തങ്ങൾ റഷ്യയ്ക്ക് ആയുധം നൽകുന്നു എന്ന കാര്യം നിഷേധിച്ച ചൈന, അമേരിക്കയാണ് യുദ്ധമുഖത്തേക്ക് കൂടുതൽ ആയുധങ്ങൾ എത്തിച്ച് പ്രതിസന്ധി രൂക്ഷമാക്കുന്നത് എന്നും ചൂണ്ടിക്കാട്ടി. റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതിനെതിരെ മുന്നറിയിപ്പുമായി ബ്രിട്ടനും രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം, റഷ്യയും ചൈനയും തമ്മിൽ കൂടുതൽ അടുക്കുന്നത് പാശ്ചാത്യ സഖ്യത്തെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. പാശ്ചാത്യ ശക്തികൾ ഉപരോധം ഏർപ്പെടുത്തി റഷ്യയെ ഒറ്റപ്പെടുത്തുന്നതിനെ ശക്തമായ ഭാഷയിൽ വിമർശിച്ച ഷീ ജിൻ പിങ് റഷ്യയുമായുള്ള വ്യാപാരബന്ധവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, യുദ്ധം തുടങ്ങി ഒരു വർഷമാകുമ്പോഴും കാര്യമായ പുരോഗതി ഒന്നും നേടാൻ ആകാത്ത റഷ്യ എന്തും കൽപിച്ച് മുൻപോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണെന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആണവായുധങ്ങൾ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് റഷ്യ അവരുടെ ആണവായുധങ്ങളുടെ സെൻട്രൽ കമാൻഡ് സിസ്റ്റം പരീക്ഷിച്ചു എന്നാണ്. ഒരിക്കൽ, മിസൈലുകൾ അയയ്ക്കാൻ ഉത്തരവിട്ടാൽ പിന്നെ അത് പിൻവലിക്കാൻ ആകില്ലെന്നത് ഈ സിസ്റ്റത്തിന്റെ ഒരു ന്യുനതയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിനെ മറികടക്കാൻ രണ്ടാമതൊരു സിസ്റ്റം കൂടി തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ