- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗ്ഗ രതി മുതൽ മത വിശ്വാസം വരെ എല്ലാം കുറ്റകൃത്യങ്ങൾ; ദക്ഷിണ കൊറിയൻ സിനിമകൾ കാണുന്നതും നാടുവിട്ട് പോകാൻ ശ്രമിക്കുന്നതും മാപ്പർഹിക്കാത്ത കുറ്റം; ഗർഭിണികളെയും കുട്ടികളെയും വരെ വധശിക്ഷക്ക് വിധേയരാക്കി ഉത്തരകൊറിയ
നിയമ വ്യവസ്ഥയ്ക്ക് പുറത്ത് വധ ശിക്ഷ നടപ്പിലാക്കുക,. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെയാക്കുക തുടങ്ങിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് ഉത്തര കൊറിയയിൽ നടക്കുന്നതെന്ന് കൊറിയൻ ഏകീകരണത്തിനുള്ള ദക്ഷിണ കൊറിയൻ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഉത്തര കൊറിയയിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ദക്ഷിണ കൊറിയ പുറത്തിറക്കുന്നത് ഇതാദ്യമായാണ്. വിമർശനങ്ങൾക്ക് നേരെ എന്നും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുള്ള ഉത്തര കൊറിയൻ ഭരണകൂടത്തെ ഈ റിപ്പോർട്ട് പ്രകോപിപ്പിക്കും എന്ന് ഉറപ്പാണ്.
2016- ൽ ഭേദഗതി ചെയ്ത നോർത്തുകൊറിയൻ ഹ്യൂമൻ റൈറ്റ്സ് ആക്ടിന്റെ അടിസ്ഥാനത്തിൽ ഏകാധിപത്യ ഭരണമുള്ള ഉത്തരകൊറിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ 2018 മുതൽ യൂണിഫിക്കേഷൻ മന്ത്രാലയം റിപ്പോർട്ടുകൾ ആക്കുന്നുണ്ട്. എന്നാൽ, നേരത്തേയുള്ള ദക്ഷിണാഫ്രിക്കൻ ഭരണകൂടം ഇത് അതീവ രഹസ്യമായ രേഖയായി പരിഗണിച്ച് സൂക്ഷിക്കുകയായിരുന്നു. വിവരങ്ങൾ നൽകിയ ഉത്തരകൊറിയൻ വിമതരുടെ സ്വകാര്യത മാനിച്ചായിരുന്നു അത്.
ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന 450 പേജ് വരുന്ന റിപ്പോർട്ട് 508 ഓളം വിമതരുമായി അഭിമുഖം നടത്തി തയ്യാറാക്കിയതാണ്. 2017 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ ഗുരുതരമായ പല മനുഷ്യാവകാശ ലംഘനങ്ങൾക്കും സാക്ഷികളാവുകയോ ഇരകളാവുകയോ ചെയ്തവരാണവർ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ദക്ഷിണ കൊറിയൻ വീഡിയോകൾ വിതരണം ചെയ്യൽ, മതപരമായ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നവർ എന്നിവരെ ഭീകര കുറ്റവാളികളായി കണക്കാക്കി പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതിനു പുറമെ സ്വവർഗ്ഗ രതി ആരോപിച്ച് 2014-ൽ ഒരു പുരുഷനേയും വേശ്യാവൃത്തി ആരോപിച്ച് 2013-ൽ ഒരു സ്ത്രീയേയും രഹസ്യമായി കൊന്നതായും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളും കുട്ടികളുമാണ് ഭരണകൂട ഭീകരതക്ക് ഏറെ വിധേയരാകുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക് പോലും വധശിക്ഷ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. അതുപോലെ സ്ത്രീ തടവുകാർക്ക് നേരെ അതിക്രൂരമായ നടപടികളാണ് ഉണ്ടാകുന്നത്. പീഡനം, നിർബന്ധിത ജോലി, ലൈംഗികാതിക്രമം, പട്ടിണിക്കിടൽ എന്നിവയൊക്കെ ഉത്തര കൊറിയയിലെ വനിത ജയിലുകളിൽ സാധാരണമാണത്രെ.
പതിനൊന്നോളം രാഷ്ട്രീയ തടവറകൾ കണ്ടെത്തിയതായി യൂണിഫിക്കേഷൻ മന്ത്രാലയം അറിയിച്ചു. അതിൽ അഞ്ചെണ്ണം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഉത്തര കൊറിയയിൽ മനുഷ്യാവകാശങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശമാണ് റിപ്പോർട്ട് പുറത്തിറക്കിയതിനു പുറകിലെന്ന് ദക്ഷിണ കൊറിയ അവകാശപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ